
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
ചന്ദ്രിക നിര്‍വഹിച്ചത് വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ദൗത്യം: ഡോ.കെ.പി ഹുസൈന്
അബുദാബി: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദ കേരള വൈബിന്റെ പ്രചാരണ സംഗമം പ്രൗഡ ഗംഭീര സദസ്സിനാല്‍ വേറിട്ടതായി. ചന്ദ്രിക ഉയര്‍ത്തിപിടിക്കുന്ന സാംസ്കാരിക പൈതൃകത്തെയും ജനാധിപത്യ മൂല്യങ്ങളെയും പൂര്‍ണമായും ഉള്‍കൊള്ളുന്ന രീതിയിലുള്ളതായിരുന്നു പരിപാടി. ചന്ദ്രിക എന്ന പ്രസ്ഥാനത്തെ പ്രവാസ ലോകത്ത് നെഞ്ചോട് ചേര്‍ക്കുന്ന ഒരു കൂട്ടമാളുകളുടെ സംഗമ വേദിയായി മാറി പ്രചാരണ കണ്വെന്ഷന്. ഗള്‍ഫ് ചന്ദ്രിക ഒരുക്കുന്ന മെഗാ ഇവന്റ് ദ കേരള വൈബിന്റെ പ്രചാരണാര്‍ത്ഥമാണ് ഇന്നലെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഓഡിറ്റോറിയത്തില്‍ പ്രചാരണ കണ്വെന്ഷന് സംഘടിപ്പിച്ചത്. കെഎംസിസിയുടെയും വിവിധ പ്രവാസി സംഘടനകളുടെയും നേതാക്കളുടെ സംഗമവേദിയായി മാറി. പരിപാടിയില്‍ അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റും ഗള്‍ഫ് ചന്ദ്രിക ഗവേണിംഗ് ബോഡി ജനറല്‍ കണ്‍വീനറുമായ ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും ഗള്‍ഫ് ചന്ദ്രിക ഗവേണിംഗ് ബോഡി നിര്‍വാഹകസമിതി അംഗവുമായ ഡോ.കെ.പി ഹുസൈന് പ്രചാരണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഒമ്പത് പതിറ്റാണ്ടിന്റെ മാധ്യമ പാരമ്പര്യമുള്ള ചന്ദ്രിക കേരളീയ സമൂഹത്തില്‍ നിര്‍വഹിച്ചത് വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ദൗത്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതങ്ങളും രാഷ്ട്രീയവും സംസ്കാരവും നിറഞ്ഞു നിന്നിരുന്ന ഒരു പ്രദേശത്ത് വേര്‍തിരിവുകള്‍ കാണിക്കാതെയാണ് ചന്ദ്രിക അതിന്റെ സാംസ്കാരിക പരിസരം ഒരുക്കിയത്. എഴുത്തിന്റെയും വായനയുടെയും ലോകത്ത് അതിര്‍വരമ്പുകള്‍ തീര്ക്കാതെയായിരുന്നു ചന്ദ്രികയുടെ സാമൂഹിക ഇടപെടല്‍. പഴയതലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരോട് ചോദിച്ചാല്‍, ചന്ദ്രികയില്‍ എഴുതാത്തവര്‍ വിരളമായിരിക്കും. ചന്ദ്രിക തുറന്നുവെച്ച മാനവികതയുടെ വാതില്‍ പ്രവാസ ലോകത്തും ഒരുമയുടെ സംസ്കാരമാണ് തീര്‍ത്തത്. ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ ഗള്‍ഫ് ചന്ദ്രിക ഒരു വര്‍ഷം കൊണ്ട് വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ദീര്‍ഘവീക്ഷണവും ഒത്തൊരുമയും കൈമുതലാക്കിയ അതിന്റെ സംഘാടകരാണ്് ഗള്‍ഫ് ചന്ദ്രികയെ വിജയത്തിന്റെ പാതയിലേക്ക് നയിച്ചത്. ദ കേരള വൈബില്‍ ഒരുക്കിയിരിക്കുന്ന പരിപാടികളുടെ മികവും സംഘാടനത്തിന്റെ മേന്മ വ്യക്തമാക്കും. ഗള്‍ഫ് ചന്ദ്രിക ഒരുക്കുന്ന ദ കേരള വൈബ് യുഎഇയില്‍ തന്നെ വേറിട്ട പരിപാടിയായി മാറും. മറ്റൊരു മാധ്യമ സ്ഥാപനത്തിനും കാഴ്ചവെക്കാന്‍ കഴിയാത്ത ഈ പരിപാടി ഇമാറാത്തില്‍ മറ്റൊരു വൈബായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അബുദാബി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച് യൂസഫ് സ്വാഗതം ആശംസിച്ചു. ഇന്‍കാസ് യുഎഇ സീനിയര്‍ വൈസ് പ്രസിഡന്റ് യേശുശീലന്‍, അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി സുരേഷ് കുമാര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുള്ള പറപ്പൂര് പ്രസംഗിച്ചു. കെഎംസിസി സെക്രട്ടറി ഖാദര്‍ ഒളവട്ടൂര്‍ നന്ദി പറഞ്ഞു. ദ കേരള വൈബ് പരിപാടികള്‍ വിശദീകരിക്കുന്ന വീഡിയോ പ്രസന്റേഷന് സദസ്സിന് മുമ്പാകെ അവതരിപ്പിച്ചു. ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടക്കുന്ന ദ കേരള വൈബ് മെഗാ ഇവന്റില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. വിദ്യാഭ്യാസ, കലാപരിപാടികള്‍ക്ക് പുറമെ മാധ്യമ സെഷനില്‍ കേരളത്തില്‍ നിന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കും. അബുദാബി കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി, ഹംസ നടുവില്‍, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അനീസ് മങ്ങാട്, സാബിര്‍ മാട്ടൂല്‍, ടി.കെ സലാം, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വേളേരി, ഷാനവാസ് പുളിക്കല്‍ നേതൃത്വം നല്കി. ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു.