
യുഎഇ ഫീല്‍ഡ് ആശുപത്രി ഗസ്സയിലേക്ക്
യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വൈദ്യ സഹായം നല്‍കുകയാണ് ലക്ഷ്യം
അബുദാബി: ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ പീഡിത ജനതയ്ക്ക് വൈദ്യസഹായം നല്കാന് യുഎഇ ഫീല്‍ഡ് ആശുപത്രി പുറപ്പെടാനൊരുങ്ങുന്നു. ഇടതടവില്ലാത്ത ബോംബിങ്ങില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിന് ഇരകള്‍ക്ക് സഹായഹസ്തവുമായാണ് പൂര്‍ണമായും സജ്ജീകരിച്ച ഫീല്‍ഡ് ആശുപത്രിയുമായി ഇമാറാത്തി കപ്പല്‍ അബുദാബിയിലെ ഖലീഫ തുറമുഖത്ത് നിന്ന് യാത്ര തിരിക്കുന്നത്.
ദുരിതബാധിത ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി കുടിവെള്ള ടാങ്കറുകള്‍, അടിയന്തര സഹായത്തിനുള്ള ആംബുലന്‍സുകള്‍,മെഡിക്കല്‍ സാധനങ്ങള്‍ എന്നിവയാണ് ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്തേക്ക് ‘ഖലീഫ’ എന്ന സഹായ കപ്പലില്‍ എത്തിക്കുന്നത്. കമ്മ്യൂണിറ്റി അടുക്കളകള്‍ക്കും ഫീല്‍ഡ് ബേക്കറികള്ക്കുമുള്ള റെഡി ടു ഈറ്റ് സാധനങ്ങള്‍,മറ്റു ഉത്പന്നങ്ങള്‍,ടെന്റുകള്‍,ദുരിതാശ്വാസ, ശുചിത്വ കിറ്റുകള്‍,വസ്ത്രങ്ങള്‍,മെത്തകള്‍ എന്നിവയും വിവിധതരം ഭക്ഷണസാധനങ്ങളും കപ്പലിലുണ്ട്. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രാഈലിന്റെ ആക്രമണം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗസ്സയെ നിരന്തരമായി യുഎഇ സഹായിച്ചുകൊണ്ടിരിക്കുകയാണ്. അടിയന്തര സഹായങ്ങളുമായി യുഎഇ ഗസ്സയിലേക്ക് അയക്കുന്ന എട്ടാമത്തെ സഹായ കപ്പലാണിത്.
ഇസ്രാഈല്‍ യുദ്ധം ആരംഭിച്ചതിനുശേഷം 58,479 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 139,355 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 2.3 ദശലക്ഷം ആളുകളാണ് അഭയാര്‍ഥികളായി മാറിയത്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പട്ടിണിയും ആരോഗ്യ പ്രതിസന്ധികളുമായി ജനങ്ങള്‍ മരണത്തോട് മല്ലിടുകയാണ്. ഗസ്സയെ സഹായിക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച യുഎഇയുടെ ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ കാമ്പയിന് എമിറേറ്റ്സ് റെഡ് ക്രസന്റുമായും യുഎഇയിലെ മറ്റു മാനുഷിക, ചാരിറ്റബിള്‍ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഗസ്സയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അഞ്ഞൂറിലധികം വിമാനങ്ങളിലും ഏഴ് കപ്പലുകളിലും 2,500 ട്രക്കുകളിലുമായി 55,000 ടണ്ണിലധികം സഹായം ഇതുവരെ ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്. ഗസ്സയിലെ ജനങ്ങള്‍ക്ക് 2,500 ടണ്‍ സഹായം വഹിക്കുന്ന യുഎഇയുടെ ഏഴാമത്തെ സഹായ കപ്പല്‍ ഈ മാസം തുടക്കത്തിലാണ് യുഎഇ അയച്ചത്. ഗസ്സയില്‍ എത്തുന്നതിന് മുമ്പ് ഇസ്രാഈലിലെ അഷ്ദോഡില്‍ ആദ്യം നങ്കൂരമിട്ട കപ്പലില്‍ മാവ്,ഈത്തപ്പഴം,പാല്, ചായ തുടങ്ങിയ അവശ്യവസ്തുക്കള്‍ അടങ്ങിയ ഭക്ഷണ പാക്കേജുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുതിയ പൈപ്പ്ലൈനിലൂടെ യുഎഇ തെക്കന്‍ ഗസ്സയിലെ ഉപ്പുവെള്ളം നീക്കം ചെയ്യാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്നാണ് വെള്ളം എത്തിക്കുക. ഇതിനായി 6.7 കിലോമീറ്റര്‍ നീളവും 315 മില്ലീമീറ്റര്‍ വീതിയുമുള്ള പൈപ്പ്ലൈന് സ്ഥാപിക്കും. ഉപ്പുവെള്ളം നീക്കം ചെയ്യാനായി ഈജിപ്ത് ഭാഗത്ത് നിര്‍മിച്ച യുഎഇ പ്ലാന്റില്‍ നിന്ന് ഖാന് യൂനുസിനും റാഫയ്ക്കും ഇടയില്‍ കഴിയുന്ന അഭയാര്‍ത്ഥികളായ ഫലസ്തീനികള്‍ക്ക് കുടിവെള്ളം ലഭിക്കും. ഗസ്സയിലെ ആറു ലക്ഷത്തോളം വരുന്ന ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വ്യക്തിക്കും പ്രതിദിനം 15 ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം നല്കാന് ഇതിലൂടെ സാധിക്കും. ഗസ്സയിലെ 80 ശതമാനത്തിലധികം ജല സൗകര്യങ്ങളും ഇസ്രാഈലിന്റെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. ദുരിത പ്രദേശത്തുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ജലീകരണത്താല്‍ പിടഞ്ഞുവീണു മരിക്കുന്ന കാഴ്ചകള്‍ വേദനാജനകമാണ്.
പുതിയ ജല പൈപ്പ്ലൈന് പദ്ധതി ഗസ്സയിലെ കുടിവെള്ള പ്രതിസന്ധിക്ക് അടിയന്തര പരിഹാരം മാത്രമല്ല, മറിച്ച് യുദ്ധം മൂലമുണ്ടായ ദുരന്ത സാഹചര്യത്തില്‍ ഫലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ നിരന്തരമായ സമീപനത്തിന്റെ വിപുലീകരണം കൂടിയാണെന്ന് ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 മാധ്യമ ഉദ്യോഗസ്ഥന് ഷെരീഫ് അല്‍ നൈരാബ് പറഞ്ഞു.