
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഫീല്‍ഡ് ആശുപത്രിയും കുടിവെള്ള ടാങ്കറുകളും ഭക്ഷ്യ വസ്തുക്കളും ഷെല്‍ട്ടറുകളുമാണ് കപ്പലിലുള്ളത്
അബുദാബി: യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക് ആശ്വാസം പകരാന്‍ യുഎഇയുടെ എട്ടാമത് സഹായക്കപ്പല്‍ ഗസ്സയിലേക്ക് പുറപ്പെട്ടു. ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ യുടെ ഭാഗമായി ഫീല്‍ഡ് ആശുപത്രിയും കുടിവെള്ള ടാങ്കറുകളും ഭക്ഷ്യ,മെഡിക്കല്‍ അവശ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളുമായാണ് ‘ഖലീഫ’ സഹായ കപ്പല്‍ ഇന്നലെ അബുദാബിയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്തേക്ക് പുറപ്പെട്ടത്. അവിടനെ നിന്ന് ട്രക്കുകളില്‍ സഹായ സാധനങ്ങള്‍ ഗസ്സയിലെത്തിക്കും. ഗസ്സയിലെ പീഡിത ജനതയ്ക്ക് യുഎഇയുടെ തുടര്‍ച്ചയായ മാനുഷിക സഹായത്തിന്റെ ഭാഗമായാണ് അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി ‘ഖലീഫ’ സഹായ കപ്പല്‍ പുറപ്പെട്ടത്.
യുഎഇ ഇതുവരെ അയച്ചതില്‍ ഏറ്റവും വലിയ സഹായ കപ്പലാണിത്. 4,372 ടണ്‍ ഭക്ഷ്യവസ്തുക്കള്‍,1,433 ടണ്‍ ഷെല്‍ട്ടര്‍ സാമഗ്രികള്‍,860 ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍,501 ടണ്‍ ആരോഗ്യ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ 7,166 ടണ്‍ അവശ്യ സാധനങ്ങളാണ് കപ്പലിലുള്ളത്. ഇതോടെ യുഎഇ ഗസ്സയിലേക്ക് അയച്ച മൊത്തം സഹായ സാധനങ്ങളുടെ അളവ് 77,266 ടണ്ണായി. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ കീഴില്‍ ആരംഭിച്ച നിരവധി മാനുഷിക സഹായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ദുരിതബാധിതര്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കും പിന്തുണ നല്‍കുന്നതിനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ സഹായ ഹസ്തം. ജീവകാരുണ്യ,മാനുഷിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യുഎഇ ഗസ്സയിലേക്ക് ഈ സഹായ വസ്തുക്കള്‍ എത്തിക്കുന്നത്.