
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3യുടെ ഭാഗമായി അയച്ച ട്രക്കുകളാണ് ഇസ്രാഈല്‍ നിയന്ത്രണ പ്രദേശത്ത് വെച്ച് കൊള്ളയടിക്കപ്പെട്ടത്
ദുബൈ: രൂക്ഷമായ ഭക്ഷ്യക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3 അയച്ച സഹായ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3യുടെ ഭാഗമായി അയച്ച ട്രക്കുകള്‍ ഇസ്രാഈല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് കൊള്ളയടിക്കപ്പെടുകയും മോഷണത്തിന് വിധേയമാകുകയും ചെയ്തത്. പ്രവേശിക്കാന്‍ അനുവദിച്ച 24 ട്രക്കുകളില്‍ ഒരു ട്രക്ക് മാത്രമേ യഥാര്‍ത്ഥത്തില്‍ വെയര്‍ഹൗസുകളില്‍ എത്തിയുള്ളൂ. സുരക്ഷിതമല്ലാത്ത ക്രോസിങ് റൂട്ടുകളിലൂടെ മാത്രമേ ട്രക്കുകള്‍ സഞ്ചരിക്കാവൂ എന്ന ഇസ്രാഈലിന്റെ നിര്‍ബന്ധമാണ് ഈ മനുഷ്യത്വരഹിത പ്രവൃത്തികള്‍ക്ക് കാരണമെന്നും ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3 അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ട്രക്കുകള്‍ വെയര്ഹൗസുകളിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. നിരവധി ട്രക്കുകളിലായി മാവും ബേക്കറി സാധനങ്ങളും ഗസ്സയിലെത്തിയാല് അവിടത്തെ ബേക്കറികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ബേക്കറികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാവ്,പാചക വാതകം,എണ്ണ,ഉപ്പ്,പഞ്ചസാര,മറ്റു സാധനങ്ങള്‍ എന്നിവ വഹിക്കുന്ന 103ലധികം ട്രക്കുകള്‍ കൂടി കടത്തിവിടാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ 24 ട്രക്കുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി ലഭിച്ചത്. ഇതുതന്നെ കൊള്ളയടിക്കപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ ജനങ്ങളുടെ ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കും മാനുഷിക സഹായത്തിനുമുള്ള നിയമപരമായ അവകാശം നിഷേധിക്കുന്ന ഈ ക്രൂരതയില്‍ ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3 ശക്തമായ പ്രതിഷേധവും അഗാധമായ ഖേദവും പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹത്തോടും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അടിയന്തിരമായി ഇടപെടാനും സുരക്ഷിതവും വേഗത്തിലുള്ളതുമായ സഹായം ഉറപ്പാക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.