
ഗസ്സക്ക് കൈതാങ്ങായി യുഎഇ; 1.5 ബില്യന്‍ ഡോളര്‍ സഹായം
ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു
ദുബൈ: ലിംഗസമത്വത്തില്‍ ലോകത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച യുഎഇ കൂടുതല്‍ മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ശൈഖ മനാല്‍ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷയായ യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ മന്ത്രിസഭയാണ് യുഎഇ ലിംഗ സന്തുലിതാവസ്ഥ കൗ ണ്‍സില്‍ പുനഃസംഘടിപ്പിക്കാനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കിയത്.
രാജ്യത്തിന്റെ വികസന യാത്രയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗ സന്തുലിതാവസ്ഥയ്ക്ക് ലോകത്ത് മാതൃകാ രാജ്യമായി യുഎഇയെ മുമ്പിലെത്തിക്കുന്നതിനും ഈ നടപടി കരുത്തുപകരും. ലിംഗ സന്തുലിതാവസ്ഥയെ ദേശീയ ലക്ഷ്യമായും സുസ്ഥിര വികസനത്തിന്റെ പ്രധാന സ്തംഭമായും മുന്‍ഗണന നല്‍കിയതിന് യുഎഇ നേതൃത്വത്തിന് ്ശൈഖ മനാല്‍ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നന്ദി പറഞ്ഞു.
ഈ ഉറച്ച പിന്തുണ യുഎഇയെ ലിംഗസമത്വ മേഖലയില്‍ ആഗോളതലത്തില്‍ മുന്‍നിര സ്ഥാനത്തേക്ക് ഉയര്‍ത്തിയെന്നും ഇമാറാത്തി മോഡലിനെ പ്രാദേശികമായും ലോകമെമ്പാടുമുള്ളവര്‍ക്കും ഒരു മാനദണ്ഡമാക്കി മാറ്റിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലിന്റെ ശ്രമങ്ങള്‍ ഇരട്ടിയാക്കുമെന്നും സര്‍ക്കാര്‍,സ്വകാര്യ മേഖല പങ്കാളികളുമായി ഇതിനു വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശാസ്ത്രം,ജീവശാസ്ത്രം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഇമാറാത്തി സ്ത്രീകളുടെ മികച്ച നേട്ടങ്ങളെ ശൈഖ മനാല്‍ എടുത്തുദ്ധരിച്ചു. യുഎഇയുടെ പുരോഗതിയിലും ആഗോള മത്സരക്ഷമതയിലും സ്ത്രീകളുടെ നിര്‍ണായക പങ്ക് ചൂണ്ടിക്കാട്ടി. ഈ വിജയം തുടരാനും അന്താരാഷ്ട്ര വേദിയില്‍ അഭിമാനത്തോടെ രാജ്യത്തെ പ്രതിനിധീകരിക്കാനും സ്ത്രീകള്‍ക്ക് രാജ്യം ധാരാളം അവസരങ്ങള്‍ നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോണ ഗാനെം അല്‍ മര്‍റിയാണ് ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനുസ് ഹാജി അല്‍ ഖൂരി,സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ സാലിഹ്,വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഉമര്‍ ഉബൈദ് മുഹമ്മദ് അല്‍ ഹസ്സന് അല്‍ ഷംസി,കാബിനറ്റ് നയതന്ത്രകാര്യ അസി.മന്ത്രി ഹുദ അല്‍ ഹാഷിമി,ജനറല്‍ വനിതാ യൂണിയന് സെക്രട്ടറി ജനറല്‍ നൂറ ഖലീഫ അല്‍ സുവൈദി, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് സെക്രട്ടറി ജനറല്‍ റീം അബ്ദുല്ല അല്‍ ഫലാസി,ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ സഈദ് ബിന്‍ ബുത്തി അല്‍ മുഹൈരി,ഫെഡറല്‍ കോംപറ്റിറ്റീവ്നെസ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ മാനേജിങ് ഡയരക്ടര്‍ ഹനാന് മന്‍സൂര്‍ അഹ്ലി,കാബിനറ്റ് അഫയേഴ്സ് സപ്പോര്‍ട്ട് അസി.സെക്രട്ടറി ജനറല്‍ ഖാലിദ് അബ്ദുറഹീം അല്‍ ഹര്‍മൂദി,കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹെസ്സ അബ്ദുറഹ്്മാന് തഹ്ലക്,മാനവ വിഭവശേഷി,എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിലെ ലേബര്‍ മാര്‍ക്കറ്റ് പോളിസികളുടെ അസി.അണ്ടര്‍സെക്രട്ടറി അഹമ്മദ് യൂസഫ് അല്‍ നാസര്‍ എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍.
ഗവണ്മെന്റ്,സ്വകാര്യ മേഖലകളിലുടനീളം ലിംഗ സന്തുലിതാവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിന് പിന്തുണയ്ക്കുന്ന നിയമനിര്‍മാണ,നിയന്ത്രണ ചട്ടക്കൂടുകള്‍ പരിഷ്കരിച്ച് കൗണ്‍സിലിന്റെ വ്യാപ്തി വികസിപ്പിക്കാനും ലിംഗസമത്വ മേഖലകള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. യുഎഇയുടെ ഭാവി വളര്‍ച്ച വേഗത്തിലാക്കുന്ന കാഴ്ചപ്പാടിനെ പിന്തുണക്കുന്നതും ആഗോള സൂചികകളില്‍ യുഎഇയുടെ സ്ഥാനം ഉയര്‍ത്തുന്നതിന് സഹായകമാകുന്നതുമാണ് തീരുമാനം.
യുഎഇയിലെ എല്ലാ മേഖലകളിലും ലിംഗ സന്തുലിതാവസ്ഥയും തുല്യ അവസരങ്ങളും കൈവരിക്കുക,സുസ്ഥിര വികസനത്തിന് പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഭാവനകളെ പിന്തുണയ്ക്കുക,കുടുംബം,മാതൃത്വം,സമൂഹം എന്നിവയുമായി ബന്ധപ്പെട്ട ദേശീയ മുന്‍ഗണനകളുമായി ഐക്യം ഉറപ്പാക്കുക എന്നിവയാണ് കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍. മന്ത്രിസഭയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന കൗണ്‍സിലിന്റെ പ്രധാന ചുമതലകളില്‍ ലിംഗ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍,നിയമനിര്‍മാണങ്ങള്‍,തന്ത്രങ്ങള്‍ എന്നിവ നിര്‍ദേശിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക,അംഗീകാരത്തിനും നടപ്പാക്കലിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുക, മെച്ചപ്പെടുത്തലുകള്‍ക്കായി ആഗോള റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുരോഗതി അളക്കുന്നതിനും,സമഗ്രമായ ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും,പ്രാദേശിക,അന്തര്‍ദേശീയ പ്രവണതകളെക്കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തുന്നതിനും,പ്രാദേശിക,അന്തര്‍ദേശീയ സംഘടനകളിലും പരിപാടികളിലും യുഎഇയെ പ്രതിനിധീകരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും.