
ഗസ്സയില്‍ 15 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുഎഇ
യുഎന്‍ സുരക്ഷാ കൗണ്‍സിലിലാണ് യുഎഇ ആവശ്യമുന്നയിച്ചത്
അബുദാബി: ഗസ്സയില്‍ 15 സന്നദ്ധ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഫലസ്തീന് പ്രശ്നം ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങളെ കുറിച്ചുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിലാണ് യുഎഇ സമ്പൂര്‍ണ അന്വേഷണത്തിന് ആവശ്യമുന്നയിച്ചത്. സുരക്ഷാ കൗണ്‍സിലിന്റെ തുറന്ന ചര്‍ച്ചയില്‍ ഗസ്സയ്ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാനും യുഎഇ ആവശ്യപ്പെട്ടു. ഇത് അന്തരാഷ്ട്ര തലത്തില്‍ തന്നെ വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായ കൂട്ടക്കൊലയില്‍ ഐക്യരാഷ്ട്രസഭ കൂടുതല്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും യുഎഇ ആവശ്യപ്പെട്ടു. മാര്‍ച്ച് 23നാണ് റഫയ്ക്ക് സമീപം 15 പാരാമെഡിക്കല്‍ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ള അടിയന്തര രക്ഷാസംഘത്തെ നിര്‍ദാക്ഷണ്യം വെടിവച്ച് കൊന്നത്. പിന്നീട് ഇവരെ ആഴമില്ലാത്ത കുഴിമാടത്തില്‍ അടക്കം ചെയ്യുകയായിരുന്നു. ആഴ്ചകള്‍ക്കു ശേഷമാണ് ഫലസ്തീന് റെഡ് ക്രസന്റും ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇരുട്ടില്‍ ‘സംശയാസ്പദമായി’ അടയാളമില്ലാത്ത വാഹനങ്ങള്‍ വന്നതിനെ തുടര്‍ന്ന് വെടിയുതിര്‍ത്തതായി ഇസ്രാഈല്‍ സൈന്യം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായി അടയാളപ്പെടുത്തിയ ആംബുലന്‍സുകള്‍ക്കും ലൈറ്റുകള്‍ കത്തിച്ച ഫയര്‍ ട്രക്കുകള്‍ക്കും നേരെ വെടിവയ്ക്കുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അവര്‍ നിലപാട് മാറ്റി.
വീഡിയോ പ്രചരിച്ചതോടെ ഫീല്‍ഡില്‍ നിന്ന് ലഭിച്ച പ്രാരംഭ റിപ്പോര്‍ട്ടില്‍ വെളിച്ചത്തെക്കുറിച്ച് വിവരിച്ചിരുന്നില്ലെന്നും കൂടുതല്‍ വിവരങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്നുമാണ് ഒരു ഇസ്രാഈല്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞത്. പ്രാരംഭ റിപ്പോര്‍ട്ട് നല്കിയ വ്യക്തിയുടെ പിഴവ് മൂലമാണോ ഇത് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യക്തമായി അടയാളപ്പെടുത്തിയ അടിയന്തര പ്രതികരണ വാഹനങ്ങള്‍ക്ക് നേരെ സൈനികര്‍ വെടിയുതിര്‍ക്കുന്നത് കണ്ടതായി സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട ഫലസ്തീന് റെഡ് ക്രസന്റ് പാരാമെഡിക് മുന്തര് അബേദ് പറഞ്ഞു. മാര്‍ച്ച് 23ന് ഇസ്രാഈല്‍ അധിനിവേശ സേന മെഡിക് അസദ് അല്നസ്രയെയും കസ്റ്റഡിയിലെടുത്തുവെന്നും പിന്നീട് അവര്‍ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു എന്നുമാണ് പിആര്‍സിഎസ് പറയുന്നത്. ഫലസ്തീന്നിലെ നിയമവിരുദ്ധ നടപടികള്‍ നിര്‍ത്തലാക്കാനും അധിനിവേശം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിന് വഴിയൊരുക്കാനും ഏകീകൃത രാഷ്ട്രീയ ഇച്ഛാശക്തിയുടെ ആവശ്യകതയും ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ യുഎഇ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഗസ്സ മുനമ്പിലേക്ക് അടിയന്തിരവും സുസ്ഥിരവും തടലമില്ലാത്തതുമായ അളവില്‍ മാനുഷിക സഹായം ലഭ്യമാക്കേണ്ടതും വിതരണം ചെയ്യേണ്ടതും ആനിവാര്യമാണെന്നും യുഎഇ നിലപാട് വ്യക്തമാക്കി.