
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
അബുദാബി: ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ യുഎഇ ശക്തമായി അപലപിച്ചു. ഈ നീക്കം വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഗസ്സയില്‍ കൂടുതല്‍ ജീവഹാനിക്കും മാനുഷിക പ്രതിസന്ധിക്കും കാരണമാകുമെന്നും യുഎഇ ചൂണ്ടിക്കാട്ടി.
ഇസ്രാഈല്‍ സര്‍ക്കാരിന്റെ തീരുമാനം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഫലസ്തീന് ജനതക്കെതിരെയുള്ള നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഇനി രാഷ്ട്രീയ വിവേചനാധികാരത്തിന്റെ കാര്യമല്ല, മറിച്ച് ധാര്‍മ്മികവും മാനുഷികവും നിയമപരമായതുമായ അനിവാര്യതയാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ഫലസ്തീന് അവകാശങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുഎഇ ചരിത്രപരവും ഉറച്ചതുമായ നിലപാട് വീണ്ടും ഉറപ്പിക്കുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ നീതിയുക്തമായ പരിഹാരം സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാനാകൂ എന്ന യുഎഇയുടെ നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.