
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഗസ്സ: യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയ്ക്ക് യുഎഇയുടെ സഹായ ഹസ്തം തുടരുന്നു. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 കാമ്പയിനിലൂടെ ‘ബേര്‍ഡ്സ് ഓഫ് ഗുഡ്നെസ്’ ഓപ്പറേഷന്റെ ഭാഗമായി യുഎഇയുടെ 61ാമത് സഹായ വിമാനം ഗസ്സയിലെത്തി. ജോര്‍ദാനുമായി ഏകോപിപ്പിച്ചും ഫ്രാന്‍സ്,ജര്‍മ്മനി,ബെല്‍ജിയം,ഇറ്റലി എന്നിവയുടെ പങ്കാളിത്തത്തോടെയുമാണ് യുഎഇ വ്യോമമാര്‍ഗം ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിച്ചത്.
നിലവിലെ ആക്രമണ സാഹചര്യങ്ങള്‍ കാരണം കരമാര്‍ഗം എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലേക്ക് അവശ്യ മാനുഷിക സഹായം എത്തിക്കുക എന്നതാണ് വ്യോമമാര്‍ഗമുള്ള സഹായത്തിലൂടെ യുഎഇ ഉദ്ദേശിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ അടിയന്തര ദുരിതാശ്വാസ സാധനങ്ങളും ഇന്നലത്തെ വിമാനത്തിലുണ്ടായിരുന്നു. ഏറെ കാലങ്ങള്‍ക്കു ശേഷം ഇസ്രാഈല്‍ വ്യോമപാത തുറന്നതോടെ ഗസ്സയിലെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതും ദുര്‍ബലരുമായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎഇയുടെ നേതൃത്വത്തില്‍ ഇതോടെ 3,829 ടണ്‍ ഭക്ഷണവും ദുരിതാശ്വാസ വസ്തുക്കളുമാണ് വിതരണം ചെയ്തത്.
ഗസ്സയിലെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള യുഎഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ നിറച്ച 40 ട്രക്കുകളും ഇന്നലെ ഗസ്സയിലെത്തിയിട്ടുണ്ട്. മാനുഷിക തത്വങ്ങളോടുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയും പ്രതിസന്ധി ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സാഹോദര്യ രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനുള്ള യുഎഇയുടെ ശാശ്വത സമീപനവുമാണ് ഇത്തരം സംരംഭങ്ങളിലൂടെ ലോകത്തിന് ബോധ്യമാകുന്നത്.