
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ടു ദിവസത്തെ സമയം കൂടി ബാക്കി. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളെ ജോലിക്കെടുത്ത സ്വകാര്യ മേഖലയിലെ കമ്പനികള്‍ ഈ മാസം മുപ്പതിനകം അര്‍ധവാര്‍ഷിക സ്വദേശിവത്കരണ റിപ്പോര്‍ട്ട് സമര്‍പിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം(മൊഹ്റെ) അറിയിച്ചിരുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ കുറഞ്ഞത് ഒരു ശതമാനമെങ്കിലും വൈദഗ്ധ്യമുള്ള ഇമാറാത്തി ജോലിക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്വകാര്യ മേഖലയിലെ ഇമാറാത്തി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്. കമ്പനികള്‍ സ്വദേശിവത്കരണ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ജൂലൈ ഒന്നു മുതല്‍ മന്ത്രാലയം അധികൃതര്‍ പരിശോധനകള്‍ ആരംഭിക്കും. കമ്പനികള്‍ നിയമിക്കപ്പെടുന്ന ഇമാറാത്തികള്‍ അംഗീകൃത പെന്ഷന് ഫണ്ടുകളില്‍ ശരിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ പ്രതിമാസ വിഹിതം നല്‍കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് ഇമാറാത്തികളെ നിയമിക്കാത്ത കമ്പനികള്‍ ഓരോ ഇമാറാത്തിക്കും പ്രതിമാസം 9,000 ദിര്‍ഹം എന്ന നിലയില്‍ പിഴയടക്കണം. യുഎഇയുടെ ശക്തമായ തൊഴില്‍ വിപണിയും ശക്തമായ സാമ്പത്തിക വളര്‍ച്ചയും കമ്പനികള്‍ക്ക് അവരുടെ സ്വദേശിവത്കരണ ബാധ്യത നിറവേറ്റുന്നതിന് സഹായകമാകുമെന്നാണ് മന്ത്രാലയത്തിന്റെ വിശ്വാസം. പ്രത്യേകിച്ച് ‘നഫീസ്’ കമ്പനികള്‍ക്ക് യോഗ്യരായ തൊഴിലാളികളെ നല്‍കുന്നുണ്ട്. സ്വദേശിവത്കരണ ശ്രമങ്ങളില്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 2025 ഏപ്രില്‍ അവസാനത്തോടെ, 28,000 സ്വകാര്യമേഖല കമ്പനികളിലായി 136,000ത്തിലധികം ഇമാറാത്തികള്‍ ജോലി ചെയ്തിട്ടുണ്ട്. ഇത് യുഎഇയുടെ ചരിത്ര നേട്ടമായി മന്ത്രാലയം വിലയിരുത്തുന്നു.
എമിറേറ്റൈസേഷന്‍ സംരംഭങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെ മൊഹ്റെ നാഷണല്‍ ടാലന്റ് എംപവര്‍മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി പ്രശംസിച്ചു. സ്വകാര്യ മേഖലയിലുണ്ടാകുന്ന തുടര്‍ച്ചയായ പുരോഗതിയില്‍ മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. സ്വദേശിവത്കരണത്തില്‍ മികച്ചു നില്ക്കുന്ന കമ്പനികള്‍ക്ക് എമിറേറ്റൈസേഷന്‍ പാര്‍ട്ണേഴ്സ് ക്ലബ്ബില്‍ അംഗത്വവും മൊഹ്റെ സേവന ഫീസില്‍ 80 ശതമാനം വരെ കിഴിവുകളും സര്‍ക്കാര്‍ സംഭരണത്തില്‍ മുന്‍ഗണനാ പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഫരീദ പറഞ്ഞു. വ്യാജമായ എമിറേറ്റൈസേഷന്‍ ഡാറ്റ ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി മന്ത്രാലയം നൂതന ഡിജിറ്റല്‍ സംവിധാനങ്ങളും ഫീല്‍ഡ് പരിശോധനകളും നടത്തും. തൊഴില്‍ രേഖകളില്‍ കൃത്രിമം കാണിക്കുകയോ വ്യാജ നിയമന രീതികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന കമ്പനികള്‍ വലിയ പിഴയൊടുക്കേണ്ടി വരും. അതോടൊപ്പം നിയമനടപടികളും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.