
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ കുട്ടിയുടെ കുടുംബം മരിച്ചിരുന്നു
അബുദാബി: ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ ഗുരുതരമായി പൊള്ളലേറ്റ ഫലസ്തീന് ബാലനെ യുഎഇ ചികിത്സ നല്കി. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ മൂന്നു വയസുകാരന് ഹാതിം അവദിനെയാണ് യുഎഇയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയത്. തന്റെ വീടിനടുത്തുണ്ടായ വ്യോമാക്രമണത്തില്‍ കുടുംബം കൊല്ലപ്പെട്ടതറിയാതെയാണ് കുഞ്ഞു ഹാതിം അബുദാബിയിലെത്തിയിട്ടുള്ളത്. യുഎഇയുടെ മാനുഷിക സഹായ ദൗത്യമായ ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3ന്റെ ഭാഗമായാണ് ഈ കാരുണ്യഹസ്തം.
ഈസ്രാഈലിന്റെ നിഷ്ഠൂരമായ ആക്രമണത്തില്‍ ബാക്കിയാവുന്ന ഗസ്സ മുനമ്പിലെ ആയിരക്കണക്കിന് കുട്ടികളുടെ കൂട്ടത്തിലൊരുവനാണ് ഹാതിം. ആശുപത്രിയില്‍ എത്തിയ സമയം തൊട്ട് കുട്ടിക്ക് വിദഗ്ധമായ ചികിത്സ നല്‍കിവരികയാണെന്ന് ശൈഖ് ശഗ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ ഖാദര്‍ അല്‍ മെസാബി പറഞ്ഞു. ചികിത്സ ആരംഭിച്ചതിനു ശേഷം കുട്ടിക്ക് കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ നിന്നു അബുദാബിയിലേക്കുള്ള യാത്രയിലുടനീളം കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക പരിചരണത്തിനുമായി ശൈഖ് ശഗ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുന്നതുവരെ ബന്ധപ്പെട്ട അധികാരികളുമായി ചികിത്സ ഏകോപിപ്പിച്ചിരുന്നു.
ഗസ്സയില്‍ നിന്നും പരിക്കേറ്റവരെ യുഎഇയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നത് മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള യുഎഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കും രോഗികള്‍ക്കും ഏറ്റവും ദുര്‍ബലരായവര്‍ക്കും വൈദ്യസഹായവും ദുരിതാശ്വാസ സഹായവും നല്കുന്നതില് യുഎഇ ശ്രദ്ധിക്കുന്നുണ്ട്. ഫലസ്തീന് ജനതയ്ക്കൊപ്പം നില്ക്കുന്നതിനും സംഘര്‍ഷത്തിലും ദുരന്തത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക്,പ്രത്യേകിച്ച് നിരപരാധികളായ കുട്ടികള്‍ക്ക് സഹായം നല്കുന്നതിനുമുള്ള യുഎഇയുടെ ദീര്‍ഘകാല പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ മാനുഷിക സഹായം.