
ഗസ്സക്ക് കൈതാങ്ങായി യുഎഇ; 1.5 ബില്യന്‍ ഡോളര്‍ സഹായം
ഫീല്‍ഡ് ആശുപത്രികളും മെഡിക്കല്‍ സഹായങ്ങളും ആശ്വാസമേകുന്നു
അബുദാബി: യുദ്ധക്കെടുതിയില്‍ മരണത്തോട് മല്ലടിക്കുന്ന ഗസ്സയിലെ പീഡിത ജനതയ്ക്ക് പുതുജീവന്‍ നല്കി യുഎഇ ഫീല്‍ഡ് ആശുപത്രികളും മെഡിക്കല്‍ സേവനങ്ങളും. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ ഭാഗമായി നിരന്തര മാനുഷിക സഹായത്തിലൂടെയാണ് യുഎഇ ഗസ്സയുടെ ആരോഗ്യ മേഖലയില്‍ ആശ്വാസം പകരുന്നത്. ഗസ്സയിലെ ആരോഗ്യ മേഖലയെ പ്രവര്‍ത്തനക്ഷമമാക്കാനും പൂര്‍ണമായ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനും യുഎഇയുടെ മെഡിക്കല്‍ ദുരിതാശ്വാസ സഹായത്തിലൂടെ സാധിച്ചിട്ടുണ്ട്. ഗസ്സയില്‍ വര്‍ധിച്ചുവരുന്ന ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് ദ്രുതവേഗതയിലാണ് യുഎഇ ഇടപെട്ടുകൊണ്ടിരിക്കുന്നത്. പരമാവധി സന്നദ്ധതയും ഉയര്‍ന്ന പ്രഫഷണലിസവും മുറുകെ പിടിച്ചാണ് ഫലസ്തീന് ജനതയ്ക്ക് യുഎഇ നിരന്തര മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നത്.
ഗസ്സയിലെ ഇമാറാത്തി ഫീല്‍ഡ് ആശുപത്രി, ഈജിപ്തിലെ അല്‍ അരിഷില്‍ യുഎഇ സ്ഥാപിച്ച ഫ്ളോട്ടിങ് ആശുപത്രി,ഗുരുതരമായി പരിക്കേറ്റവരെ ചികിത്സയ്ക്കുന്നതിനായി യുഎഇ ആശുപത്രികളിലേക്ക് മാറ്റല്‍,ഗസ്സയുടെ ആരോഗ്യ മേഖലയുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി വിവിധ വൈദ്യസഹായങ്ങളും സാധനങ്ങളും നല്കല് എന്നിവയിലൂടെ യുഎഇ ഗസ്സയ്ക്ക് പുതുജീവന്‍ നല്കിക്കൊണ്ടിരിക്കുന്നത്. 2023 ഡിസംബറില്‍ ഉദ്ഘാടനം ചെയ്തതിനുശേഷം, ഗസ്സയിലെ ഇമാറാത്തി ഇന്റഗ്രേറ്റഡ് ഫീല്‍ഡ് ആശുപത്രി മെഡിക്കല്‍ വളണ്ടിയര്‍മാരുടെ പിന്തുണയോടെ വിവിധ മേഖലകളിലെ വിദഗ്ധരും യോഗ്യതയുള്ളവരുമായ കേഡറുകള്‍ വഴി ഗസ്സയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്കുന്നു. ഇസ്രാഈലിന്റെ ക്രൂരമായ ആക്രമണങ്ങളില്‍ പരിക്കേറ്റ 51,000ലേറെ ഫലസ്തീനികളെയാണ് ഇതുവരെയായി ഇവിടെ ചികിത്സിച്ചിട്ടുള്ളത്. മാരകമായി പരിക്കേറ്റവര്‍ക്ക് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ വരെ ഇവിടെ വിജയകരമായി നല്‍കിയിട്ടുണ്ട്.
200 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ആശുപത്രിയില്‍ വിവിധ തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന ഓപ്പറേഷന് തിയേറ്ററുകളുമുണ്ട്. വര്‍ഷങ്ങളായി കഠിന വേദനയും സങ്കീര്‍ണതകളും സഹിച്ച രോഗിയുടെ വയറ്റില്‍ നിന്ന് അഞ്ചു കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ മെഡിക്കല്‍ സംഘം വിജയകരമായി നീക്കം ചെയ്തിരുന്നു. 2024 ഫെബ്രുവരിയിലാണ് ഫലസ്തീനികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഈജിപ്തിലെ അല്‍ അരിഷ് തീരത്ത് യുഎഇ സംയോജിത ഫ്ളോട്ടിങ് ആശുപത്രി ആരംഭിച്ചത്. അനസ്തേഷ്യോളജി,ജനറല്‍ സര്‍ജറി,ഓര്‍ത്തോപീഡിക്സ്,എമര്‍ജന്‍സി മെഡിസിന് തുടങ്ങിയ വിവിധ സ്പെഷ്യാലിറ്റികളിലായി വലിയ മെഡിക്കല്‍,അഡ്മിനിസ്ട്രേറ്റീവ് സംഘമാണ് ഇവിടെ ചികിത്സ നല്‍കുന്നത്.