
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ ജുമുഅ ഖുതുബ പരിഭാഷ
സ്വന്തം നാട് ഏവര്‍ക്കും ഒരു വികാരമാണ്. കുടുംബ സൗഹൃദ ബന്ധങ്ങളുടെ ഗൃഹാതുരവും വൈകാരികവുമായ ഇടവുമാണ് നാട്. പൂര്‍വികര്‍ സാധ്യമാക്കിയ സംസ്കൃതിയുടെ വിളനിലമായ നാടിന് സ്നേഹപൂര്‍വം കരുതല്‍ നല്‍കേണ്ടത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. പ്രവാചകന് മുഹമ്മദ് നബി (സ്വ) ജന്മനാടായ മക്കയോട് ഏറെ ഹൃദയബന്ധമുള്ളവരായിരുന്നു. മക്ക വിട്ടുപോവുമ്പോള് നബി (സ്വ) വിതുമ്പിക്കൊണ്ട് പറയുകയായിരുന്നു ‘നീ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമാണ്,ആളുകള്‍ എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ട് വേറൊരു ദേശത്ത് താമസമുറപ്പിക്കുമായിരുന്നില്ല (ഹദീസ് തുര്‍മുദി 3926). നബി (സ്വ) ശരീരം കൊണ്ട് മക്ക വിട്ടുപോയെങ്കിലും മനസ് ആ മണ്ണിനോട് തന്നെ ചേര്‍ന്നുനിന്നു. മാത്രമല്ല മദീനയില്‍ എത്തി ആദ്യമായി ചെയ്ത പ്രാര്‍ത്ഥന ‘നാഥാ മക്കയെ നമുക്ക് ഇഷ്ടസ്ഥലമാക്കിയത് പോലെ അല്ലെങ്കില്‍ അതിനേക്കാളേറെ മദീനയെയും നമുക്ക് ഇഷ്ടമുള്ളതാക്കണേ’ എന്നായിരുന്നു.
വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാനാവാത്ത വിധം സ്നേഹം പൂക്കിന്നിടമാണ് സ്വന്തം നാട്. ഇബ്രാഹീം നബി (അ) മക്കയെ സമാധാനപൂര്‍ണ സ്ഥലമാക്കണേ എന്ന് പ്രാര്‍ത്ഥിച്ചത് പരിശുദ്ധ ഖുര്‍ആനില്‍ കാണാം (സൂറത്തു ഇബ്രാഹീം 35). നാടിനോടുള്ള കൂറും സ്നേഹവും കരുതലുമെല്ലാം ഓരോരുത്തരുടെയും കടമയാണ്. നാടിന്റെ മതങ്ങള്‍,സംസ്കാരങ്ങള്‍,ഭാഷകള്‍,മുദ്രകള്‍,സ്ഥാപനങ്ങള്‍,നിയമവ്യവസ്ഥകള്‍ അങ്ങനെ എല്ലാറ്റിനെയും പരിഗണിക്കണം. നാടിന്റെ ഉന്നമനത്തിനായി പരിശ്രമിക്കണം.
നാടിന്റെ സുരക്ഷക്കായി പ്രതിരോധം തീര്‍ക്കല്‍ പ്രധാന കടമയാണ്. നാടിന്റെ പൈതൃകങ്ങളും നന്മകളും ഏറ്റുപിടിച്ചും വ്യാജ ആരോപണങ്ങളെ എതിര്‍ത്തും പ്രതിരോധം തീര്‍ക്കണം. നാടിന്റെ നാനോന്മുഖ പുരോഗതികള്‍ക്കും സമ്പാദ്യങ്ങളുടെ സുരക്ഷക്കും ശരീരവും സമ്പത്തും കൊണ്ട് മുന്നിട്ടിറങ്ങണം. അതാണ് പ്രവാചക മാതൃക. അനസ് (റ) പറയുന്നു: നബി (സ്വ) ജനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമരും ധൈര്യമുള്ളവരുമായിരുന്നു. ഒരിക്കല്‍ രാത്രിയില്‍ ഒരു ഭയാനക ശബ്ദം കേട്ട് മദീനക്കാര്‍ ഭയചകിതരായി. ആളുകള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു. നബി (സ്വ) എല്ലാവരേക്കാള്‍ മുമ്പേ ആ ശബ്ദത്തിന്റെ ഉറവിടസ്ഥലത്തെത്തി ഏവരെയും സ്വീകരിച്ചുകൊണ്ട് ഭയക്കാന്‍ ഒന്നുമില്ലെന്ന് അറിയിക്കുകയായിരുന്നു (ഹദീസ് ബുഖാരി 2908).
മെയ് 6 യുഎഇ രാഷ്ട്രത്തിന്റെ സായുധ സേനകളുടെ ഐക്യപ്പെടലിന്റെ ഓര്മ ദിനമാണ്. ഐക്യത്തിന്റെയും ഒരുമയുടെയും കഠിനാധ്വാനത്തിന്റെയും സ്മൃതികളാണ് ഈ ദിവസം നല്‍കുന്നത്. നാടിന്റെ മണ്ണും വിണ്ണും സംരക്ഷിക്കേണ്ടത് ഏവരുടെയും ബാധ്യതയാണ്. ദൈവമാര്‍ഗത്തില്‍ ഉറക്കമൊഴിച്ച കണ്ണിനെ നരകാഗ്നി സ്പര്‍ശിക്കുകയില്ലെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് തുര്‍മുദി 1639). നാടിന്റെ സുരക്ഷക്കായി ഉറക്കമൊഴിക്കുന്നതും തഥൈവ. മാത്രമല്ല മറ്റൊരിക്കല്‍ നബി (സ്വ) അനുചരന്മാരോട് പറയുകയുണ്ടായി: ലൈലത്തുല്‍ ഖദ്ര് രാവിനേക്കാള്‍ ശ്രേഷ്ഠമായൊരു രാവ് നിങ്ങള്‍ക്ക് പറഞ്ഞുതരാം, കുടുംബത്തിലേക്ക് മടങ്ങിപ്പോവുമെന്ന് ഒരു തീര്ച്ചയുമില്ലാതെ ഭയപ്പാടുള്ള ഭൂമിയില്‍ കാവല്‍ തീര്‍ക്കുന്ന കാവല്‍ക്കാരന്റെ രാവാണത്. (സുനനുല്‍ കുബ്റാ 8817, മുസ്തദ്റക് 2455).