
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
യുഎഇ ജുമുഅ ഖുതുബ (മലയാളം പരിഭാഷ)
അല്ലാഹുവിന്റെ പരമോന്നതി വിളിച്ചോതുന്ന ദിക്റാണ് ‘അല്ലാഹു അക്ബര്‍’. സത്യവിശ്വാസി ഉള്ളുതുറന്ന് ഉച്ചൈസ്തരം വിളിച്ചോതുന്ന മുദ്രാവാക്യം. സത്യവിശ്വാസികളുടെ സഹജമായ ആദര്‍ശ സൂക്തവുമാണത്. ഒരിക്കല്‍ ഒരാള്‍ അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍ എന്ന് വിൡച്ചുപറയുന്നത് കേട്ട നബി (സ്വ) പറഞ്ഞു: ഇത് ശുദ്ധമായ ആദര്‍ശ വിശുദ്ധിയാണ് (ഹദീസ് മുസ്്്ലിം 382,അഹ്മദ് 3861). മഹോന്നതിയിലും കഴിവിലും അല്ലാഹുവാണ് മറ്റു എല്ലാത്തിനേക്കാളും ഏറ്റവും വലിയവനെന്ന പ്രാപഞ്ചിക സത്യം ഉദ്ഘോഷിക്കുന്ന മഹത് വാക്കാണ് അല്ലാഹു അക്ബര്‍. പരിശുദ്ധ ഖുര്‍ആനില്‍ പല സന്ദര്‍ഭങ്ങളിലായി അല്ലാഹുവിന്റെ ഉന്നതി വാഴ്ത്താന്‍ കല്പിക്കപ്പെടുകയും അവന് മഹോന്നതനാണെന്ന വിളംബരം പ്രസ്താവിക്കപ്പെടുകയും ചെയ്തിട്ടുണ്ട്:
‘മഹാനും ഉന്നതനുമാണവന്‍’ (സൂറത്തുര്‍റഅ്ദ് 09). താങ്കളുടെ നാഥന്റെ മഹത്വം വാഴ്ത്തുക (സൂറത്തുല്‍ മുദ്ദസ്സിര്‍ 03). അല്ലാഹുവിനെ നല്ലവണ്ണം മഹത്വവത്കരിക്കുക (സൂറത്തുല്‍ ഇസ്റാഅ് 111). സ്രഷ്ടാവായ അല്ലാഹുവിനെ മഹത്വവത്കരിക്കുന്നതിന്റെയും അവന്റെ ഉന്നതി വാഴ്ത്തുന്നതിന്റെയും അറബി ഭാഷയിലുള്ള ശക്തമായ വാക്പ്രയോഗമാണ് ‘അല്ലാഹു അക്ബര്‍’. ഏറ്റവും വലിയവനായ അവന് മാത്രമാണ് സൃഷ്ടികള്‍ക്ക് അഭയം. അവന് തന്നെ എല്ലാവരുടെയും പ്രയാസങ്ങള്‍ അകറ്റുന്നതും. പരിശുദ്ധ ഖുര്‍ആനില്‍ കാണാം: അതോ പ്രതിസന്ധിയിലകപ്പെട്ടവന് പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരമേകുകയും കഷ്ടപ്പാട് ദൂരീകരിക്കുകയും ഭൂമിയില്‍ നിങ്ങളെ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ഉദാത്തന്‍ (സൂറത്തുന്നംല് 62). നമ്മുടെ ദൈനംദിന ആരാധനാകര്‍മങ്ങള്‍ നിരീക്ഷിച്ചാല്‍ അവയില്‍ അല്ലാഹു അക്ബറെന്ന തക്ബീര്‍ പലയിടങ്ങളിലും പറയപ്പെടുന്നുണ്ടെന്ന കാര്യം മനസിലാക്കാം. ഉദാഹരണത്തിന് ബാങ്ക്,ഹജ്ജ്,ഉള്ഹിയ്യത്ത്,ദുആ എന്നിവയിലെല്ലാം തക്ബീര്‍ ഉരുവിടുന്നുണ്ട്.
അല്ലാഹു എല്ലാത്തിനേക്കാളും വലിയവനെന്നും അവനാണ് എല്ലാ പ്രതിബന്ധങ്ങളില്‍ നിന്നും രക്ഷിക്കുന്നവനെന്നും തക്ബീര്‍ ഉറപ്പിച്ചുപറയുന്നു. ‘ചോദിക്കുക, ഈ വിപത്തില്‍ നിന്നു അല്ലാഹു നമ്മെ രക്ഷിച്ചാല്‍ ഞങ്ങളവനോട് കൃതജ്ഞരാവുക തന്നെ ചെയ്യുമെന്ന് ഭവ്യതയോടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളെ കരയിലും കടലിലും പിടികൂടുന്ന ദുരന്തങ്ങളില്‍ നിന്നു വിമോചിപ്പിക്കുന്നതാരാണ്. അതിലും മറ്റെല്ലാ വിപത്തുകളില്‍ നിന്നും നിങ്ങളെ രക്ഷപ്പെടുത്തുന്നത് അല്ലാഹുവാകുന്നു എന്നു താങ്കള്‍ പറയുക’ (സൂറത്തുല്‍ അന്‍ആം 63,64).
ദുല്‍ഹിജ്ജ മാസത്തില്‍ ഈ പരിപാവന ദിവസങ്ങളില്‍ തക്ബീറുകള്‍ അധികരിപ്പിക്കുക. തക്ബീര്‍ ചൊല്ലുന്നത് അല്ലാഹുവിന്റെ അടയാളമാണ്. അല്ലാഹുവിന്റെ മതചിഹ്നങ്ങള്‍ ഒരാള്‍ ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുല്ഭൂതമാകുന്നതു തന്നെയത്രെ (സൂറത്തുല്‍ ഹജ്ജ് 32). അല്ലാഹു അക്ബര്‍ എന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും അവനിലേക്ക് ഏറ്റം അടുപ്പിക്കുന്നതുമായ വാക്യങ്ങളില്പ്പെട്ടതാണ്. മാത്രമല്ല, ഇഹലോകത്തിനേക്കാളും അതിലുള്ള സകലതിനേക്കാളും പവിത്രവുമാണത് (ഹദീസ് മുസ്ലിം 5724, തഫ്സീറുല്‍ ഖുര്‍ത്വുബി 1/345). തക്ബീര്‍ ചൊല്ലുന്നവന് സ്വര്‍ഗമുണ്ടെന്ന് സന്തോഷ വാര്‍ത്ത നല്കപ്പെട്ടിട്ടുണ്ടെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ത്വബ്റാനി അൗസത്വ് 7779). അതിനാല്‍ തക്ബീറുകള്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വ്യാപിക്കുക. എല്ലാ പ്രാര്‍ത്ഥനകളിലും ആവശ്യ തേട്ടങ്ങളിലും തക്ബീര്‍ ചൊല്ലുക. അല്ലാഹു എല്ലാം എളുപ്പമാക്കും.