
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി
യുഎഇ ജുമുഅ ഖുതുബ മലയാളം പരിഭാഷ
പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി സത്യവിശ്വാസികളുടെ മനസുകള്‍ ഹറമില്‍ ലയിക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങളാണ് ദുല്‍ഹിജ്ജ മാസത്തിലെ ഈ ദിനങ്ങള്‍. അല്ലാഹുവിന്റെ കല്പന പ്രകാരം ഇബ്രാഹീം നബി (അ)യുടെ വിളിയാളം കേട്ടാണ് വിശ്വാസികള്‍ ഹജ്ജിനായി ഒത്തൊരുമിക്കുന്നത്. അല്ലാഹു ഇബ്രാഹീം നബി (അ)യോട് പറഞ്ഞിരിക്കുന്നു: മനുഷ്യരില്‍ ഹജ്ജ് വിളംബരം ചെയ്യുക (സൂറത്തുല്‍ ഹജ്ജ് 27). സത്യവിശ്വാസിക്ക് നിര്‍ബന്ധ കര്‍മമാണ് ഹജ്ജ്. അല്ലാഹു പറയുന്നു: ആ പുണ്യഗേഹത്തിലെത്താന്‍ കഴിവുള്ളവര്‍ അങ്ങോട്ടു തീര്‍ത്ഥാടനം നടത്തല്‍ അല്ലാഹുവിനോടുള്ള ബാധ്യതയാണ് (സൂറത്തു ആലുഇംറാന് 97). അതായത് ആരോഗ്യപരവും സാമ്പത്തികവുമായ കഴിവും നിയമപരമായ നടപടിക്രമങ്ങളുടെ സാധുതയുമുള്ളവര്ക്കാണ് ഹജ്ജ് നിര്‍ബന്ധമാവുക. അതില്ലാത്തവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല. ആ ബാധ്യതയില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടും.
എന്നാല്‍ ഹജ്ജിനുള്ള അവരുടെ സത്യസന്ധമായ നിയ്യത്തിന് പ്രതിഫലം നല്കപ്പെടുകയും ചെയ്യും. നബി (സ്വ) പറഞ്ഞു: മദീനയില്‍ കുറച്ചാളുകളുണ്ട്, നിങ്ങള്‍ ഏതുവഴിലൂടെ കടന്നുവന്നാലും ഏതു താഴ്വര മുറിച്ചുകടന്നാലും അവര്‍ നിങ്ങളോടൊപ്പമുള്ളത് പോലെയാണ്. ബോധ്യപ്പെടുത്താവുന്ന കാരണമാണ് വിലങ്ങായിരിക്കുന്നത് (ഹദീസ് ബുഖാരി 4404). ജീവിതത്തില്‍ ഒരു പ്രാവശ്യം ഹജ്ജ് ചെയ്തവര്‍ പ്രവാചക ചര്യ പിന്‍പറ്റി ആ കടമ നിറവേറ്റിയിരിക്കുന്നു. നബി (സ്വ) ഒരൊറ്റ പ്രാവശ്യമാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത്. ഹജ്ജ് ഒറ്റത്തവണയാണ് നിര്‍ബന്ധമെന്നും അതില്‍ കൂടുതലായി ചെയ്യുന്നത് ഐഛികമായ പുണ്യകര്‍മമാണെന്നുമാണ് നബി (സ്വ) അനുചരന്മാരെ അഭിസംബോധനം ചെയ്ത് ഉണര്‍ത്തിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 1721, അഹ്മദ് 3204). ഹജ്ജ് അധികരിപ്പിക്കണമെന്ന് സത്യവിശ്വാസിയുടെ കര്മശാസ്ത്രത്തിലില്ല. ഹസനുല്‍ ബസ്വരി (റ) പറയുന്നു: ചിലര്‍ ഞാന്‍ വീണ്ടും വീണ്ടും ഹജ്ജ് ചെയ്യുമെന്ന് പറയുന്നു. താന്‍ ഒരു തവണ ഹജ്ജ് ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബബന്ധം ചേര്‍ക്കുക,അയല്‍വാസിക്ക് നല്ലത് ചെയ്യുക,നിര്‍ധനരെ ദാനം ചെയ്ത് സഹായിക്കുക.
ഒരുപ്രാവശ്യം ഹജ്ജ് ചെയ്യാന്‍ സൗഭാഗ്യം ലഭിച്ചവര്‍ വീണ്ടും ശ്രമിച്ച് മറ്റുള്ളവരുടെ അവസരത്തിന് തടസമാവാതിരിക്കുക. കാരണം രണ്ടാമതായി ചെയ്യുന്ന ഹജ്ജ് സുന്നത്താണ്. ആദ്യമായി ചെയ്യുന്ന ഹജ്ജ് നിര്‍ബന്ധവും. ആദ്യമായി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്കി മാറിനില്‍ക്കുക. സുന്നത്തിനേക്കാള്‍ അത്യന്താപേക്ഷിതം ഫര്‍ളാണല്ലൊ. ഒരിക്കല്‍ ഹജ്ജ് ചെയ്തവര്‍ വീണ്ടും ഹജ്ജ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി കരുതിവെച്ച ധനം ഹജ്ജാജികള്‍ക്കുള്ള വഖ്ഫാക്കി മാറ്റാനോ അവശരെ സഹായിക്കാനോ ഉപയോഗിക്കുക. സുന്നത്തായ ഹജ്ജ് ചെയ്യുന്നവര്‍ ആ സമ്പത്ത് വിശക്കുന്നവര്‍ക്കായി മാറ്റിവെക്കുന്നതാണ് ഏറ്റവും ഇഷ്ടമെന്ന് ഇമാം അഹ്മദ് (റ) അരുള്‍ ചെയ്തിട്ടുണ്ട്. ഹജ്ജല്ലാത്ത അനവധി പുണ്യ കര്‍മങ്ങളുണ്ട്. ഹജ്ജിന് അവസരം ലഭിക്കാത്തവന് ദുഖിക്കുകയോ അവലാതിപ്പെടുകയോ അനിഷ്ടം പ്രകടമാക്കുകയോ നാടിന്റെ നിയമത്തെ പഴിക്കുകയോ ചെയ്ത് ക്ഷമയുടെ പ്രതിഫലം കളയുകയോ അനന്തരഫലം മോശമാക്കുകയോ ചെയ്യരുത്. ഭരണകൂടത്തിന്റെ നിയമങ്ങള്‍ പാലിക്കലും ഫര്‍ളായ ഹജ്ജ് കര്‍മം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് സൗകര്യം ചെയ്യലുമെല്ലാം പുണ്യ പ്രവര്‍ത്തനങ്ങളാണ്. നാട്ടില്‍ നിന്നുകൊണ്ടു തന്നെ ഹജ്ജ് ചെയ്തതിന്റേതിന് സമാനമായ പ്രതിഫലം അവക്കും ലഭിക്കും. അതാണ് നബി (സ്വ) അറിയിച്ചത്: ഒരാള്‍ ജമാഅത്തായി സുബ്ഹ് നമസാക്കാരം നിര്‍വഹിക്കുകയും അവിടെ തന്നെ സൂര്യാദയം വരെ ദിക്റുകള്‍ ചൊല്ലി ഇരിക്കുകയും ചെയ്ത് പിന്നെ രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും ചെയ്താല്‍ അവന് സമ്പൂര്‍ണമായ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലത്തിന് സമാനമായതുണ്ട് (ഹദീസ് തുര്‍മുദി 586). ദുല്ഹിജ്ജമാസത്തിന്റെ ആദ്യ പത്തുദിനങ്ങള്‍ ഏറെ പവിത്രമാണ്. അവ ദുനിയാവിന്റെ ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായതെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. ഹജ്ജാജികള്‍ പുണ്യഭൂമിയില്‍ പുണ്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കും പുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവസരങ്ങളുണ്ട്. അറഫാ ദിനത്തില്‍ വ്രതാനുഷ്ഠാനം ഏറെ പ്രതിഫലാര്‍ഹമാണ്. അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുപ്പിച്ചു തരുന്നതാണ് (ഹദീസ് മുസ്്ലിം 1162). മാത്രമല്ല അറഫാ ദിനത്തിലെ പ്രാര്‍ത്ഥനയും ഏവര്‍ക്കും വിശിഷ്ടമാണ്. അറഫാ ദിനത്തിലെ പ്രാര്‍ത്ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥന (മുവത്വ 501). ബലിപെരുന്നാള്‍ ദിവസം ബലിയറുക്കലും ശ്രേഷ്ഠകര്‍മമാണ്. ശേഷം അയ്യാമുല്‍ തശ്രീഖ് ദിനങ്ങള്‍ ദിക്റിന്റൈയും അന്നപാനീയങ്ങളുടെയും ദിവസങ്ങളാണ് (ഹദീസ് അബൂദാവൂദ് 2813). ഈ പ്രവിത്ര ദിനങ്ങള്‍ ആരാധനകള്‍ക്കും പുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുക. അറിയുക, ഹജ്ജിന് ഇഹ്റാം ചെയ്താല്‍ പിന്നീട് സ്ത്രീ സംസര്‍ഗമോ അതിക്രമമോ ദുര്‍വാദങ്ങളോ പാടില്ല (സൂറത്തു ബഖറ 197).