
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ഫലസ്തീന് രാഷ്ട്രം സഊദി അറേബ്യയില്‍ സ്ഥാപിക്കണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന അപലപനീയവും പ്രകോപനപരവുമാണെന്ന് യുഎഇ സഹമന്ത്രി ഖലീഫ ബിന്‍ ശഹീന്‍ അല്‍ മറാര്‍ പ്രസ്താവിച്ചു. വിഷയത്തില്‍ സഊദിക്ക് യുഎഇയുടെ പരിപൂര്‍ണ പിന്തുണയും അറിയിച്ചു. നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധമുയരുന്നുണ്ട്. സഊദിയുടെ സുരക്ഷക്കും സ്ഥിരതക്കും അഖണ്ഡതക്കുമെതിരായ എല്ലാ ഭീഷണികള്‍ക്കുമെതിരെ രാജ്യത്തിന്റെ ശക്തമായ നിലപാട് പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ പ്രസ്താവന അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭ ചാര്‍ട്ടറുകള്‍ക്ക് എതിരുമാണ്. സൗദി അറേബ്യയുടെ പരമാധികാരം ഒരു രാജ്യത്തിനും ദുര്‍ബലപ്പെടുത്താനോ ലംഘിക്കാനോ കഴിയാത്തതാണ്. ഫലസ്തീനികളുടെ നിഷേധിക്കാനാവാത്ത അവകാശങ്ങളുടെ മേലുള്ള ഏതൊരു ലംഘനത്തെയും കുടിയിറക്കല്‍ ശ്രമങ്ങളെയും യുഎഇ ശക്തമായി നിരാകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക സ്ഥിരതക്ക് ഭീഷണിയാകുന്നതും സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമുള്ള അവസരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ ഏതൊരു കുടിയേറ്റ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണം. കൂടാതെ, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സഭയോടും യുഎന്‍ സുരക്ഷാ കൗണ്‍സിലിനോടും ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ ചരിത്രപരവും ഉറച്ചതുമായ നിലപാട് ഖലീഫ ഷഹീന് പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സംഘര്‍ഷം പരിഹരിക്കുന്നതിനും സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനും ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ വേണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.