
ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ യുഎന്‍ സഭയുടെ ഇടപെടല്‍ അനിവാര്യം: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ യുഎഇ സര്‍ക്കാരില്‍ പുതിയ മന്ത്രി നിയമനങ്ങള്‍ പ്രഖ്യാപിച്ചു.
ലാന സാക്കി നുസൈബെയെ സഹമന്ത്രിയായും സയീദ് മുബാറക് റാഷിദ് അല്‍ ഹജേരിയെ സഹമന്ത്രിയായും നിയമിച്ചതായി പ്രഖ്യാപിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിയാലോചനകളെത്തുടര്‍ന്ന്, യുഎഇ സര്‍ക്കാരില്‍ ലാന നുസൈബെയെയും സയീദ് അല്‍ ഹജേരിയെയും സഹമന്ത്രിമാരായി നിയമിച്ചതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അവരുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അവര്‍ക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കൂടാതെ യുഎഇയിലുടനീളമുള്ള ഞങ്ങളുടെ എല്ലാ ദേശീയ ടീമുകളെയും അവരുടെ സമര്‍പ്പണത്തിനും സേവനത്തിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു-ശൈഖ് മുഹമ്മദ് പറഞ്ഞു. ലാന സാക്കി നുസൈബെ മുമ്പ് രാഷ്ട്രീയകാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2013 സെപ്റ്റംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ ഐക്യരാഷ്ട്രസഭയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎഇ അംഗമാകുന്നതിന് മുമ്പ്, 2017 നും 2019 നും ഇടയില്‍ സുരക്ഷാ കൗണ്‍സില്‍ പരിഷ്കരണത്തെക്കുറിച്ചുള്ള ഇന്റര്ഗവണ്മെന്റല് ചര്‍ച്ചകള്‍ക്ക് നുസൈബെ സഹ അധ്യക്ഷയായിരുന്നു. അവിടെ യുഎന്‍ ചട്ടക്കൂടിനുള്ളിലെ സ്ഥാപന പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അവര്‍ നേതൃത്വം നല്കി.
2025 ജൂണ്‍ മുതല്‍ എമിറേറ്റ്സ് മെഡിസിന്‍സ് ഫൗണ്ടേഷന്റെ ചെയര്‍മാനായി സയീദ് അല്‍ ഹജേരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലൂയിസ് & ക്ലാര്‍ക്ക് കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയ അദ്ദേഹം, ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ആണ്. കൂടാതെ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ അഡ്വാന്‍സ്ഡ് എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാം പൂര്‍ത്തിയാക്കി. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് എന്നിവയുള്‍പ്പെടെ പ്രമുഖ ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിരവധി മുതിര്‍ന്ന നേതൃത്വ സ്ഥാനങ്ങള്‍ അല്‍ ഹജേരി വഹിച്ചിട്ടുണ്ട്. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് ചെയര്മാന്, സലാമ ഇസ്ലാമിക് അറബ് ഇന്‍ഷുറന്‍സ് കമ്പനി ചെയര്മാന്, അബുദാബി നാഷണല്‍ എനര്‍ജി കമ്പനിയുടെ ബോര്‍ഡ് അംഗം, സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്റെ ബോര്‍ഡ് അംഗം എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ബോര്‍ഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.