
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
ദുബൈ: നിരവധി പ്രധാന ക്രിക്കറ്റ് അക്കാദമികള്‍ പെട്ടെന്ന് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അക്കാദമികള്‍ക്കായി പുതിയ നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്താന്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഒരുങ്ങുന്നു. യുഎഇയിലെ രോഹിത് ശര്‍മ്മ അക്കാദമി താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് ഇസിബിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. യുവതയില്‍ ക്രിക്കറ്റ് പരിശീലനം കൂടുതല്‍ കാര്യക്ഷമലും സുതാര്യവും ദീര്‍ഘകാല ആസൂത്രണത്തോടെയും നടക്കേണ്ടതിന്റെ അനിവാര്യത പരിശീലകരും മുതിര്‍ന്ന ഭരണാധികാരികളും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ക്രിക്കറ്റ് ഭരണസമിതിയുടെ പുതിയ നീക്കം.
യുഎഇയിലെ ക്രിക്കറ്റ് അക്കാദമികള്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം അണിയറയില്‍ ഒരുങ്ങുകയാണ്. ഈ പ്രക്രിയ ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇതോടെ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്രിക്കറ്റ് അക്കാദമികളും ഇസിബിയില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഇസബി വക്താവ് പറഞ്ഞു. യുഎഇയിലെ അംഗീകൃത ക്രിക്കറ്റ് ഭരണസമിതിയാണ് ഇസിബി. അബുദാബി,അജ്മാന്,ദുബൈ,ഷാര്‍ജ എന്നീ കൗണ്‍സിലുകളിലും മറ്റു എമിറേറ്റുകളിലും ക്രിക്കറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത് ഇസിബിയാണ്. രാജ്യത്ത് വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിലും ദേശീയ ടീമിനായി യുവതാരങ്ങളുടെ വലിയ നിരയെ വാര്‍ത്തെടുക്കുന്നതിലും അക്കാദമികള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. മഹേന്ദ്ര സിങ് ധോണി,രവിചന്ദ്രന്‍ അശ്വിന് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പേരുകളിലുള്ള അക്കാദമികള്‍ അടച്ചുപൂട്ടിയതിനു പിന്നാലെയാണ് രോഹിത് ശര്‍മ്മ അക്കാദമിയും പൂട്ടിയത്. താരങ്ങളുടെ പ്രശസ്തി മാത്രമല്ല, അക്കാദമികളുടെ ഗുണനിലവാരവും ഉറപ്പുവരുത്തണമെന്ന് യുഎഇ മുഖ്യ പരിശീലകന് ലാല്‍ചന്ദ് രജ്പുത് പറഞ്ഞു. യുവ താരങ്ങളെ രൂപപ്പെടുത്തുന്നതില്‍ അക്കാദമികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മികച്ച ക്രിക്കറ്റ് ടീമുകളുള്ള ഓരോ രാജ്യത്തിനും താഴെ തട്ടില്‍ മികവുറ്റ പരിശീലന ഘടനയുമുണ്ട്. താരങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത് ക്ലബ്ബുകളിലും അക്കാദമികളിലും നിന്നാണ്. അതുകൊണ്ടു തന്നെ ചെറുപ്പത്തില്‍ ശരിയായ അടിസ്ഥാനകാര്യങ്ങള്‍ നല്‍കിയാണ് താരങ്ങളെ വളര്‍ത്തേണ്ടതെന്നും രജ്പുത് പറഞ്ഞു.
രജിസ്ട്രേഷനു പുറമെ അക്കാദമികള്‍ക്ക് ഇസിബി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പശ്ചാത്തല പരിശോധനകള്‍,ജീവനക്കാരുടെ യോഗ്യതകള്‍,വേദി എന്നിവ നിര്‍ബന്ധമാക്കുകയും ചെയ്യും. പെട്ടെന്നുള്ള അടച്ചുപൂട്ടലുകള്‍ക്കും മറ്റു പേയ്മെന്റ് തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അവര്‍ പങ്കാളികളാകുന്ന അന്താരാഷ്ട്ര താരങ്ങളുടെ പ്രശസ്തിക്ക് പേരുദോഷമില്ലാതാക്കാനും ഇത് സഹായകമാകും. ഇത് യുഎഇയിലെ യൂത്ത് ക്രിക്കറ്റില്‍ പുതിയ വഴിത്തിരിവായി മാറിയേക്കാം.