
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തിയിലാണ് സഊദി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയത്
അബുദാബി: സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സാഹോദര്യ ബന്ധം രാഷ്ട്രനേതാക്കള്‍ പങ്കുവച്ചു. കൂടുതല്‍ വികസനത്തിനും സമൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പരസ്പരം താല്പര്യമുള്ള വിഷയങ്ങളും ഗള്‍ഫ് മേഖലയില്‍ സഹകരണവും ഏകോപനവും വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പുതിയ അന്തര്‍ദേശീയ സംഭവങ്ങളിലും പ്രത്യേകിച്ച് മിഡിലീസ്റ്റിലെ സ്ഥിതിഗതികളിലും അഭിപ്രായങ്ങള്‍ പങ്കുവച്ച ശൈഖ് മുഹമ്മദും ഖാലിദ് രാജകുമാരനും മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു.
ഇരുഹറമുകളുടെയും സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെയും ആശംസകള്‍ അദ്ദേഹം ശൈഖ് മുഹമ്മദിനെ അറിയിച്ചു.യുഎഇ പ്രസിഡന്റ് തിരിച്ചും ആശംസകള്‍ നേര്‍ന്നു. സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെ നേതൃത്വത്തില്‍ സഊദി തുടരുന്ന വളര്‍ച്ചയ്ക്കും സമൃദ്ധിക്കും ക്ഷേമത്തിനും ശൈഖ് മുഹമ്മദ് ആത്മാര്‍ത്ഥമായ പിന്തുണ വാഗ്ദാനം ചെയ്തു.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്,സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി,പ്രസിഡന്റ് കാര്യാലയത്തിന്റെ ചെയര്‍മാനും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ഡോ.അഹമ്മദ് മുബാറക് അല്‍ മസ്രൂയി,നിരവധി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.