സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
തന്ത്രപ്രധാന കരാറുകളില്‍ ഇന്ന് ഒപ്പുവെയ്ക്കും

അബുദാബി: രണ്ടാമതും അമേരിക്കയുടെ അധികാരക്കിരീടം ചൂടി ആദ്യവിദേശ സന്ദര്‍ശന ഭാഗമായി അബുദാബിയില്‍ പറന്നിറങ്ങിയ ഡൊണാള്‍ഡ് ട്രംപിന് യുഎഇ നല്‍കിയത് രാജകീയ സ്വീകരണം. സഊദിയിലും ഖത്തറിലും ഊഷ്മളമായ സ്വീകരണത്തിന് ശേഷം അബുദാബിയുടെ ആകാശാതിര്‍ത്തിയില്‍ ട്രംപിനെയും വഹിച്ചുള്ള വിമാനമെത്തിയപ്പോള്‍ തന്നെ ആദരസൂചകമായി യുഎഇയുടെ സൈനിക ജെറ്റുകള്‍ ആചാര അകമ്പടിയോടെ സ്വീകരിച്ചു. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലിറങ്ങിയ ട്രംപിനെ അനുഗമിക്കാന്‍ അനുമതിക്കായി സ്ക്വാഡ്രണ്‍ ലീഡര്‍ റേഡിയോ സന്ദേശം വന്നു. യുഎഇയുടെ രാജകീയ പാതയിലൂടെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഹൃദ്യമായി വരവേറ്റു.
തുടര്‍ന്ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ഖസര്‍ അല്‍ വതനില്‍ ഔദ്യോഗിക സ്വീകരണ ചടങ്ങുകള്‍ ആരംഭിച്ചു. കൊട്ടാരവളപ്പില്‍ പ്രവേശിച്ചപ്പോള്‍ കുതിരപ്പുറത്ത് പരമ്പരാഗത ഓണര്‍ ഗാര്‍ഡ്. ഒട്ടകസവാരിക്കാരുടെ ഘോഷയാത്ര,ഇമിറാത്തി നാടോടി സംഘങ്ങളുടെ ആഘോഷ പ്രകടനങ്ങള്‍…അമേരിക്കന്‍ പ്രസിഡന്റിന്റെ മനംകവരുന്ന സ്വീകരണമായിരുന്നു യുഎഇയുടേത്. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യുഎസ് പ്രസിഡന്റിനെ ആദരസൂചകമായി വേദിയിലേക്ക് കൊണ്ടുപോയി. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. അമേരിക്കന്‍ പ്രസിഡന്റിന് യുഎഇയുടെ ഗാര്‍ഡ് ഓണര്‍ നല്കി. ആദരസൂചകമായി 21 വെടിയുണ്ടകളുടെ സല്യൂട്ട്. ഇരു രാജ്യങ്ങളുടെയും പതാകകള്‍ വീശിയ കുട്ടികളുടെ പ്രകടനങ്ങള്‍… ഇവയെല്ലാം ആചാരപാതയില് അലങ്കാരം ചാര്‍ത്തുന്നത് ട്രംപ് ആസ്വദിച്ചു.
തുടര്‍ന്ന് യുഎഇയുടെ ബഹിരാകാശ പര്യവേഷണ യാത്രയുടെ പ്രദര്‍ശനം നടന്നു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ആദ്യകാല ദര്‍ശനവും ഈ മേഖലയിലെ താല്പര്യവും എടുത്തുകാണിക്കുന്ന ‘ഗൈഡഡ് ബൈ ദി സ്റ്റാര്‍സ്’ എക്സിബിഷനും യുഎസ് പ്രസിഡന്റ് ട്രംപ് സന്ദര്‍ശിച്ചു. ബഹിരാകാശ ക്യാമ്പുകളില്‍ നിന്നുള്ള നിരവധി ശാസ്ത്ര പ്രതിഭകളും ബഹിരാകാശ യാത്രികരും ബഹിരാകാശ ദൗത്യ എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ വലിയ സംഘം ട്രംപിനെ സ്വീകരിക്കാനെത്തിയിരുന്നു. ദേശീയ വികസന പ്രവര്‍ത്തനങ്ങളില്‍ യുഎഇയുടെ വ്യത്യസ്ത സംഘങ്ങള്‍ ഇടപഴകുന്നതിന്റെ പ്രതിഫലനമായിരുന്നു ഇവരുടെ സാന്നിധ്യം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തോടുള്ള ആദരസൂചകമായി അബുദാബിയിലുടനീളമുള്ള പ്രധാന റോഡുകളും ലാന്റ്മാര്ക്കുകളും പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ നിന്ന് ഖസര്‍ അല്‍ വതനിലേക്കുള്ള വഴിയും യുഎസ് പതാകകളും ട്രംപിന് സ്വാഗതമോതുന്ന ബാനറുകളുംകൊണ്ട് അലങ്കരിച്ചിരുന്നു. യുഎഇ
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാന്,ശൈഖ് ഹമീദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരും യുഎസ് പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയിരുന്നു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന് തുടങ്ങി നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദേ്യാഗസ്ഥരും ട്രംപിനെ അനുഗമിച്ചിരുന്നു.