
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഖലീഫ യൂണിവേഴ്സിറ്റി
അബുദാബി: സെന്റര്‍ ഫോര്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിന്റെ (സിഡബ്ല്യുയുആര്) ഗ്ലോബല്‍ 2000 പട്ടികയില്‍ യുഎഇയിലെ സര്‍വകലാശാലകള്‍ക്ക് മികച്ച നേട്ടം. ആഗോള റാങ്കിങ്ങില്‍ ഖലീഫ യൂണിവേഴ്സിറ്റി 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 846ാം റാങ്കിലെത്തി. ലോകമെമ്പാടുമുള്ള മികച്ച നാലു ശതമാനം സര്‍വകലാശാലകളില്‍ ഒന്നാണിത്. യുഎഇയുടെ ആഗോള അക്കാദമിക് മേഖല ശക്തിപ്പെടുന്നതിന്റെ സൂചനയാണിത്. ഗവേഷണ പ്രകടനത്തിലെ ശ്രദ്ധേയമായ പുരോഗതിയാണ് നേട്ടത്തിനു നിദാനമായിട്ടുള്ളതെന്ന് സിഡബ്ല്യുയുആര് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി 91 സ്ഥാനങ്ങള്‍ കയറി 4.8 ശതമാനത്തില്‍ 1,022ാം സ്ഥാനത്താണ്. അതേസമയം ഷാര്‍ജ യൂണിവേഴ്സിറ്റി 161 സ്ഥാനങ്ങള്‍ മുന്നേറി മികച്ച 5.1 ശതമാനത്തില്‍ 1,092ാം സ്ഥാനത്തുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി അബുദാബി മികച്ച 5.2 ശതമാനത്തില്‍ 1,116ാം സ്ഥാനത്താണ്.
ഗവേഷണ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളില്‍ യുഎഇ നടത്തുന്ന തുടര്‍ച്ചയായ നിക്ഷേപം ഫലം കാണുന്നതായി റാങ്കിങ് പുരോഗതി വ്യക്തമാക്കുന്നു. യുഎഇയിലും ലോകമെമ്പാടും ഉന്നത വിദ്യാഭ്യാസത്തിനുള്ള മുന്‍നിര കേന്ദ്രമായി മാറാനുള്ള ശ്രമത്തിന് ഇത് കരുത്തേകും. വിദ്യാഭ്യാസ നിലവാരം(25 ശതമാനം),തൊഴിലവസരക്ഷമത(25 ശതമാനം),ഫാക്കല്‍റ്റി നിലവാരം(10 ശതമാനം),ഗവേഷണ ഉത്പാദനം(40 ശതമാനം) എന്നീ നാലു പ്രധാന പ്രകടന സൂചകങ്ങളിലായി 74 ദശലക്ഷത്തിലധികം ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ പോയിന്റുകള്‍ സിഡബ്ല്യുയുആര് പരിശോധിച്ചു. വിലയിരുത്തിയ 21,462 സ്ഥാപനങ്ങളില്‍ 94 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മികച്ച 2,000 സ്ഥാപനങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്.
റാങ്കിങ്ങില്‍ നാലു സ്ഥാപനങ്ങള്‍ ഇടം നേടിയതിനാല്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് മികച്ച പ്രാതിനിധ്യമുണ്ട്. കൂടുതല്‍ സാമ്പത്തിക പിന്തുണ ലഭിക്കുന്നതും വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രത്തിന്റെയും വികസനം രാജ്യം പ്രധാന അജണ്ടാക്കുന്നതും ആഗോള തലത്തില്‍ രാജ്യത്തെ കൂടുതല്‍ മത്സരധിഷ്ഠിതമാക്കാന് സഹായിക്കുമെന്ന് സിഡബ്ല്യുയുആര് പ്രസിഡന്റ് ഡോ.നദീം മെഹസ്സന് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെ കുറിച്ച് അമേരിക്ക അഭിമാനിക്കുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും തകര്‍ച്ച യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണിനും വിശാലമായ ട്രംപ് ഭരണകൂടത്തിനും ആശങ്കയുണ്ടാക്കുന്ന കാര്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.