
ഗസ്സയില്‍ 15 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുഎഇ
താപനില 46 ഡിഗ്രി സെല്‍ഷ്യസ്
അബുദാബി: യുഎഇയില്‍ ഇത്തവണ വേനല്‍ക്കാലം വരവറിയിച്ചതു തന്നെ പൊള്ളുന്ന ചൂടോടെ. തുടര്‍ച്ചയായി താപനില ഉയരുന്ന സാഹചര്യത്തില്‍ ഈ വാരാന്ത്യത്തില്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ തെളിഞ്ഞതും സ്ഥിരതയുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:45ന് അല്‍ ഐനിലെ സ്വീഹാനില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
46.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ചൂട്. വേനല്‍ കനക്കുംതോറും ചൂട് വര്‍ധിക്കുന്നതിന്റെ സൂചനയാണിത്. വാരാന്ത്യം ഉള്‍പ്രദേശങ്ങളില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. അതേസമയം തീരപ്രദേശങ്ങളിലും ദ്വീപുകളിലും 39-44ഡിഗ്രി സെല്ഷ്യന് ഇടയിലാകും താപനില. പര്‍വതപ്രദേശങ്ങളില്‍ നേരിയ തണുപ്പ് അനുഭവപ്പെടുമെങ്കിലും പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. തിങ്കളാഴ്ചയും ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നും പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടി നിറഞ്ഞ കാലാവസ്ഥയും താപനിലയില്‍ കുറവുമുണ്ടാകുമെന്നും എന്‍സിഎം അറിയിച്ചു. ഈ ദിവസങ്ങളില്‍ നേരിയ കാറ്റിനും സാധ്യതയുണ്ട്. ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തണുപ്പും ജലാംശവും നിലനിര്‍ത്തണമെന്ന് എന്‍സിഎം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഏറ്റവും ചൂടേറിയ സമയങ്ങളില്‍ ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ചൂടിനെ അതിജീവിക്കാന്‍ ആരോഗ്യം പരമപ്രധാനമാണെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.