
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
സമാധാന സംഭാഷണം തുടരണമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ്
അബുദാബി: പ്രവാസലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു. ദക്ഷിണേഷ്യന്‍ മേഖലയിലെ സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് വെടിനിര്‍ത്തല്‍ സഹായകമാകുമെന്നും ഇരുരാജ്യങ്ങളുടെയും തീരുമാനത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്നും ്യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. ഇരുരാജ്യങ്ങളെയും സമാധാന പാതയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കരാറിലൂടെ സമാധാനം കാംക്ഷിച്ച ഇന്ത്യയുടെയും പാകിസ്താന്റെയും ശ്രമങ്ങളെയും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങള്‍ക്കും മേഖലയ്ക്കും മൊത്തത്തിലും പ്രയോജനമാകുന്ന തരത്തില്‍ വെടിനിര്‍ത്തല്‍ സ്ഥിരമായി നിലനിര്‍ത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയിലും പക്വതയിലും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുമായും പാകിസ്ഥാനുമായും യുണൈറ്റഡ് അറബ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ശക്തമായ ചരിത്ര ബന്ധങ്ങളെ അദ്ദേഹം ഓര്‍മപ്പെടുത്തി. സ്ഥിരത,വികസനം,സമൃദ്ധി എന്നിവയ്ക്കായി രണ്ട് സൗഹൃദ രാജ്യങ്ങളിലെയും ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന വിശ്വാസത്തിന്റെ പാലങ്ങള്‍ പണിയാന്‍ ശാശ്വത സമാധാനം നിലനിര്‍ത്തുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും ഇതിനായുള്ള നയതന്ത്രതല സംഭാഷണങ്ങള്‍ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ അഫ്ര അല്‍ ഹമേലിയും വ്യക്തമാക്കി.