
വേള്‍ഡ് ചലഞ്ച്: ചൈനയിലെ സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ ദുബൈ പരിശോധിച്ചു
യമന്‍ സൊകോത്ര ദ്വീപിലെ ആരോഗ്യ,പോഷകാഹാര നില മെച്ചപ്പെടുത്താനാണ് പദ്ധതി
സൊകോത്ര: യമന്‍ സൊകോത്ര ദ്വീപിലെ ആരോഗ്യ,പോഷകാഹാര നില വിലയിരുത്താനും അവ മെച്ചപ്പെടുത്താനും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് യുഎഇ നടപ്പാക്കുന്ന മള്‍ട്ടി സ്റ്റേജ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. യമനിലെ പൊതുജനാരോഗ്യ,ജനസംഖ്യാ മന്ത്രാലയവുമായി ഏകോപിപ്പിച്ച് യുഎഇയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുമുള്ള ഫീല്‍ഡ് ടീമുകളാണ് പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത്. സമഗ്രമായ അടിസ്ഥാന വിലയിരുത്തലിന്റെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്. മെയ് അവസാനത്തോടെ ആരംഭിച്ച മള്‍ട്ടിഫേസ് പ്രവര്‍ത്തനത്തില്‍ യുഎഇ-ഡബ്ല്യുഎച്ച്ഒ എന്നിവിടങ്ങളില്‍ നിന്നുമുള്ള സംയുക്ത ടീമുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാലു ഷെഡ്യൂള്‍ഡ് ഫീല്‍ഡ് സന്ദര്‍ശനങ്ങളാണ് നടത്തിയത്. ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സംയോജിത സമീപനത്തിലൂടെ മോശം ആരോഗ്യവും പോഷകാഹാരക്കുറവും മൂലമുള്ള മരണനിരക്ക് 20 ശതമാനം കുറയ്ക്കുന്നതിന് അടുത്ത രണ്ടു മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിടുന്ന സൊകോത്രയിലെ സമഗ്ര ആരോഗ്യ പദ്ധതിയുടെ പ്രാരംഭ ഘട്ടമാണിത്. സൊകോത്രയിലെ 29 ഉപജില്ലകളിലായി 38 ഗ്രാമങ്ങളിലെ അടിസ്ഥാന ആരോഗ്യ വിലയിരുത്തലുകള്‍ ഇതിലുള്‍പ്പെടും.
ആരോഗ്യ സൗകര്യങ്ങളുടെ 93 ശതമാനവും സംയുക്തം സംഘം സര്‍വേ നടത്തിയിട്ടുണ്ട്. ഗാര്‍ഹിക ലിസ്റ്റിങ് പ്രക്രിയയുടെ ഭാഗമായി 4,214 വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഫീല്‍ഡ് ടീമുകള്‍ 930ലധികം പരിചാരകരുമായി അഭിമുഖങ്ങള്‍ നടത്തി. യോഗ്യരായ കുട്ടികളില്‍ നിന്നും അമ്മമാരില്‍ നിന്നും ആന്ത്രോപോമെട്രിക് അളവുകള്‍ ശേഖരിച്ചു. പ്രാരംഭ ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായി 12 ഗ്രൂപ്പ് ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു. പ്രാദേശിക,ദേശീയ അധികാരികള്‍, ദാതാക്കള്‍,യുഎന്‍ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ പ്രസക്തവും ബഹുമേഖലാ പങ്കാളികളുമായുള്ള 15 പ്രധാന വിവര ദാതാവിന്റെ അഭിമുഖങ്ങളും പൂര്‍ത്തിയാക്കി. പ്രാരംഭ ലക്ഷ്യത്തേക്കാള്‍ കൂടുതലായി നല്കിയ സേവനങ്ങളെക്കുറിച്ചുള്ള ഗുണഭോക്തൃ ഫീഡ്ബാക്ക് ശേഖരിക്കുന്നതിനായി ടീമുകള്‍ 546 ക്ലയന്റ് എക്സിറ്റ് അഭിമുഖങ്ങളും നടത്തിയിട്ടുണ്ട്. പദ്ധതി ഇനി ഡാറ്റ ക്ലീനിങ്,വെരിഫിക്കേഷന്,വിശകലന ഘട്ടത്തിലേക്ക് കടക്കും. ഇതിലൂടെ മാതൃ-ശിശു ആരോഗ്യപോഷകാഹാര നിലയുടെയും ആരോഗ്യ സൗകര്യങ്ങളുടെയും നിലവാരം മനസിലാക്കും.
അടിയന്തരമായി ആരോഗ്യ മേഖലയില്‍ നടത്തേണ്ട തയാറെടുപ്പും പ്രതികരണവും ഉള്‍പ്പെടെ ഇടപെടലിന്റെ അടുത്ത ഘട്ടങ്ങള്‍ക്കുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന് സര്‍വേ ഗുണം ചെയ്യും. സമൂഹത്തിന്റെ ആവശ്യങ്ങളും ആരോഗ്യ സൗകര്യങ്ങളുടെ മുന്‍ഗണനകളും അനുസരിച്ച് ഇവ എങ്ങനെ നിര്‍വഹിക്കാമെന്ന് കണ്ടെത്താനും ഇത് സഹായിക്കും. യുഎഇ-ഡബ്ല്യുഎച്ച്ഒ സംയുക്ത പദ്ധതിയുടെ അടുത്ത ഘട്ടങ്ങളുടെ ഭാഗമായി മെഡിക്കല്‍,നോണ്‍മെഡിക്കല്‍ സപ്ലൈകളുടെ സംഭരണവും വിതരണവും സാങ്കേതിക വിദഗ്ധരുടെയും സേവന ദാതാക്കളുടെയും നിയമനവും വിപുലീകരണവും സാങ്കേതിക പരിശീലന പരിപാടികളും കമ്മ്യൂണിറ്റി അവബോധ കാമ്പെയിനുകളും നടക്കും. ദേശീയ ആരോഗ്യ നയങ്ങളുമായുള്ള സംയോജനം ഉറപ്പാക്കിെ ഡബ്ല്യൂഎച്ച്ഒ,പൊതുജനാരോഗ്യ, ജനസംഖ്യാ മന്ത്രാലയം,മറ്റു പങ്കാളികള്‍ എന്നിവരുമായി ഏകോപിപ്പിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയില്‍ സുസ്ഥിര സ്വാധീനം സൃഷ്ടിക്കുന്നതിനും പൊതുജനാരോഗ്യ സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രമുഖ അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി പങ്കാളിത്തത്തോടെ നടപ്പിലാക്കിയ യുഎഇയുടെ ഡാറ്റാധിഷ്ഠിത മാനുഷിക സമീപനങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് സൊകോത്ര ദ്വീപിലെ ആരോഗ്യ,പോഷകാഹാര പദ്ധതി.