
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ചരിത്ര നേട്ടമെന്ന് മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി
അബുദാബി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ സെറ്റില്‍മെന്റ്സ് പ്രോഗ്രാമിന്റെ (യുഎന്‍ ഹാബിറ്റാറ്റ്) ജനറല്‍ അസംബ്ലി പ്രസിഡന്റ് പദവി യുഎഇക്ക്. ഇതിനു പുറമെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വവും നേടിയ യുഎഇ നയതന്ത്ര രംഗത്ത് പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. കെനിയയിലെ നെയ്റോബിയില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവിലാണ് യുഎഇ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മലേഷ്യക്കൊപ്പമാണ് യുഎഇ പദവി പങ്കിടുക. സുസ്ഥിര നഗര വികസനം,ഭവന സംരംഭങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തുടങ്ങിയവ സാക്ഷാത്കരിക്കുന്നതില്‍ യുഎഇ വഹിക്കുന്ന പ്രധാന പങ്കിന് ലഭിച്ച അംഗീകാരമാണ് ഐക്യരാഷ്ട്ര സഭയിലെ ഈ വലിയ ബഹുമതി. 193 അംഗരാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യുഎന്ഹാബിറ്റാറ്റ് ജനറല്‍ അസംബ്ലിയുടെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പദവിയാണിത്. നഗരങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ആഗോള നയങ്ങള്‍ തീരുമാനിക്കുന്നതും യുഎന്‍ ഹാബിറ്റാറ്റ് ജനറല്‍ അസംബ്ലിയാണ്.
ഭവനനിര്മാണത്തെയും നഗരവികസനത്തെയും സുപ്രധാന മുന്‍ഗണനയാക്കി അവയെ സാമൂഹിക സ്ഥിരതയ്ക്കും ജീവിത നിലവാരത്തിനുമുള്ള അടിസ്ഥാന സ്തംഭമായി അവതരിപ്പിക്കുകയായിരുന്നു യുഎഇ. എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും ക്ഷേമവും അന്തസും ഉറപ്പാക്കുന്ന സംയോജിത ഭവനാന്തരീക്ഷം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് രാജ്യം നേതൃത്വം നല്‍കുകയാണ്. ആധുനിക ഭവന സംവിധാനം വികസിപ്പിക്കുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ദേശീയ സംരംഭങ്ങളും പദ്ധതികളും യുഎഇയില്‍ ആരംഭിച്ചിട്ടുണ്ട്. ശൈഖ് സായിദ് ഭവന പദ്ധതി ഈ സംയോജിത ദേശീയ ദര്‍ശനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമണെന്ന് ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. 1999ല്‍ ആരംഭിച്ച ഈ പദ്ധതി രാജ്യത്തെ കുടുംബ സ്ഥിരത വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ ഭവനങ്ങളുടെ ആവശ്യം നിറവേറ്റുകയും ഇമാറാത്തി പൗരന്മാര്ക്ക് മാന്യമായ ഭവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ആഗോള ഭവന,നഗരാസൂത്രണ ശ്രമങ്ങള്‍ തുടരുന്നതിനുള്ള പ്രതിബദ്ധതയാണ് യുഎഇ തെളിയിച്ചത്.
ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തിയുള്ള സുസ്ഥിരമായ നഗരങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനറല്‍ അസംബ്ലിയിലെ 193 അംഗരാജ്യങ്ങളുമായും സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ രാജ്യം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയുമായുള്ള സംയുക്ത പ്രസിഡന്റ് പദവിയും എക്സിക്യൂട്ടീവ് ബോര്‍ഡിലെ അംഗത്വവും അംഗരാജ്യങ്ങള്‍ക്കിടയില്‍ സംഭാഷണം ശക്തിപ്പെടുത്തുന്നതിനും മികച്ച അന്താരാഷ്ട്ര സഹകരണം പങ്കുവെക്കുന്നതിനും പുതിയ വാതിലുകള്‍ തുറക്കും. ദ്രുതഗതിയിലുള്ള നഗര വളര്‍ച്ചയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികളെ നേരിടുന്നതിനുള്ള മികച്ച മാതൃകകള്‍ അവതരിപ്പിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് യുഎഇ നേതൃത്വം നല്‍കുമെന്നും മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും നെയ്റോബിയിലെ യുഎഇ എംബസിയുടെയും ഏകോപനത്തോടെ കഴിഞ്ഞ മൂന്നര വര്‍ഷമായി യുഎന്‍ ഹാബിറ്റാറ്റിന്റെ പ്രധാന നേതൃസ്ഥാനങ്ങള്ക്കായി അന്താരാഷ്ട്ര പിന്തുണ വിജയകരമായി നേടിയെടുക്കുന്നതില്‍ വിജയിച്ച ശൈഖ് സായിദ് ഹൗസിങ് പ്രോഗ്രാമിലെ ദേശീയ ടീമിന് അല്‍ മന്‍സൂരി നന്ദി പറഞ്ഞു.
ഇത് ചരിത്ര നേട്ടം, അഭിമാനകരം: മന്ത്രി അല്‍ മസ്രൂയി
അബുദാബി: ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ സെറ്റില്‍മെന്റ്സ് പ്രോഗ്രാമിന്റെ ജനറല്‍ അസംബ്ലി പ്രസിഡന്റ് പദവി യുഎഇ ലഭിച്ചത് ചരിത്ര നേട്ടമാണെന്ന് ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. ഈ അന്താരാഷ്ട്ര അംഗീകാരം രാജ്യത്തിന് വലിയ അഭിമാനവും ആദരവും നല്‍കുന്നതാണെന്ന് ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ ഈ ഈ അഭിമാന നേട്ടം യുഎഇയുടെ വിജയക്കുതിപ്പിന് ആക്കം കൂട്ടും. സമ്പൂര്‍ണ ഭവന നിര്‍മാണത്തിനും സുസ്ഥിര നഗര പരിസ്ഥിതിക്കും സമഗ്ര മാതൃകയായി രാജ്യം നിലനില്‍ക്കുന്നതാണ് യുഎന്‍ ഹാബിറ്റാറ്റ് ജനറല്‍ അസംബ്ലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്. ജ്ഞാനികളായ നേതൃത്വത്തിന്റെ ദര്‍ശനങ്ങളാല്‍ നയിക്കപ്പെടുന്ന രാജ്യത്തിന്റെ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.