
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ എത്രപേര്‍ മരിച്ചെന്നോ കാണാതായവര്‍ എത്രയെന്നോ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. മേഘവിസ്ഫോടനമെന്നാണ് ആദ്യനിഗമനം. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു ഗ്രാമം പൂര്‍ണമായും ഒലിച്ചുപോയി. ഉത്തരകാശിയിലെ ധാരാലിയിലുണ്ടായ ദുരന്തത്തിന്റെ ആഴം അളക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രളയത്തെക്കുറിച്ച് കാലാവസ്ഥാ മുന്നറിയിപ്പും ലഭ്യമായിരുന്നില്ല. മരണ സംഖ്യയും കണാതായവരുടെ എണ്ണവും കണക്കാക്കാന്‍ കഴിയാതെ രക്ഷാദൗത്യം തുടരുമ്പോള്‍ മേഘവിസ്ഫോടനമോ അതോ ഹിമതാപമാണോ എന്ന് വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല. പര്‍വതമുകളിലെ മഞ്ഞു തടാകം പൊട്ടിയതോ കാരണമെന്ന അന്വേഷണത്തിലാണ് വിദഗ്ധര്‍. നിലവില്‍ നാല് മരണമാണ് സ്ഥിരീകരിക്കുന്നത്.
ദുരന്തബാധിത മേഖലകളില്‍ നിന്നും 150 ഓളം പേരെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു. കാണാതായ ഒമ്പത് സൈനികര്‍ ഉള്‍പ്പെടെ മണ്ണിനും തകര്‍ന്ന കെട്ടിടങ്ങള്ക്കുമടിയില് പെട്ട 100ഓളം പേര്‍ക്കായി പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യം തുടരുകയാണ്. പ്രളയത്തിനോ മേഘവിസ്ഫോടനത്തിനോ കാരണമാകണമെങ്കില്‍ ശക്തമായ മഴ പെയ്യണം. കഴിഞ്ഞ 24 മണിക്കൂറില്‍ മേഖലയില്‍ ശക്തമായ മഴലഭിച്ചിട്ടില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മഴ പെയ്ത ഉത്തരകാശിയില്‍ 27 മില്ലീമീറ്ററായിരുന്നു അളവ്. ഹര്‍സിലില്‍ 6.5 എം.എമ്മും, ഭട്വാരിയില്‍ 11 എം.എമ്മും രേഖപ്പെടുത്തി. ദുരന്തത്തിന് 24 മണിക്കൂര്‍ സമയത്തില്‍ മിന്നല്‍ പ്രളയത്തിന് കാരണമാവും വിധം മഴലഭിച്ചിട്ടില്ല. ഇത് മേഘവിസ്ഫോടനമാണ് കാരണമെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നാണ് പറയുന്നത്.
അതിനിടെ ഉത്തരാഖാണ്ഡിലേക്ക് പോയ മലയാളി സംഘത്തെ കാണാതായി. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിന്നുള്ള എട്ടുപേര്‍ സംഘത്തിലുണ്ട്. ധാരാലിയില്‍ സംഘം എത്തിയതായി വ്യക്തമായിട്ടുണ്ട്. പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 28 മലയാളികള്‍ മേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ മേഖലയില്‍ രണ്ട് മഞ്ഞു തടാകങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി കാലാവസ്ഥാ ശാസ്ത്രജ്ഞന് വ്യക്തമാക്കുന്നു. വളരെ പെട്ടെന്നാണ് മലവെള്ള പാഞ്ഞെത്തിയത്. ഈ മേഖലയില്‍ നിരവധി ജലസംഭരണികളുണ്ടെന്ന് പറയുന്നു. ഉത്തരാഖണ്ഡില്‍ 1200 മഞ്ഞു തടാകങ്ങളാണുള്ളത്. ഇവയില്‍ 13 എണ്ണം ഉയര്‍ന്ന അപകടസാധ്യതയുള്ളതായി ദേശീയ ദുരന്ത വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ഞുമലമുകളിലെ ഹിമപാതമായിരിക്കാം ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. മഞ്ഞുതടാകങ്ങള്‍ പൊട്ടി മിന്നല്‍ വേഗത്തില്‍ വെള്ളമെത്തുന്നത് മേഘവിസ്ഫോടനത്തിന് സമാനമായ പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കുമെന്നും ഗവേഷകര്‍ പറയുന്നു. ചൊവ്വാഴ്ച ദുരന്തം നടന്ന പ്രദേശത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രക്ഷാ ദൗത്യത്തിന് സേനാ വിഭാഗങ്ങളും അര്ധസേനകളും എത്തിയിട്ടുണ്ടെങ്കിലും ബുധനാഴ്ച രാവിലെയും തിരച്ചിലില്‍ കാര്യമായ പുരോഗതിയില്ല. പ്രതികൂലമായ കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളിയായി തുടരുന്നത്. ചൊവ്വാഴ്ച ദുരന്തം നടന്ന് 10 മിനിറ്റിനുള്ളില്‍ സൈന്യം 150ഓളം പേരെ രക്ഷാദൗത്യത്തിനായി എത്തിച്ചിരുന്നു. ഗംഗാ നദിയുടെ ഉത്ഭവ സ്ഥാനമായ ഗംഗോത്രിയിലേക്കുള്ള വഴിയിലാണ് ധാരാലി പര്‍വത ഗ്രാമങ്ങള്‍. സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ധരാലിയിലെ വീടുകളും റെസ്റ്റോറന്റുകളുമുള്‍പ്പെടെ കെട്ടിടങ്ങള്‍ നിറഞ്ഞ മേഖലയാണ്. പ്രദേശത്തിന്റെ പകുതിയോളം ഭാഗം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞതായാണ് വിലയിരുത്തല്‍.