
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
ഗസ്സ: ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോകമെമ്പാടും പ്രതിഷേധം.
ഞായറാഴ്ച വൈകുന്നേരം ഗസ്സയിലെ അല്‍ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ഒരു മാധ്യമ കൂടാരത്തില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറ ലേഖകന്‍ അനസ് അല്‍ഷെരീഫ് (28), സഹപ്രവര്‍ത്തകരായ മുഹമ്മദ് ഖ്രീഖെ (33), ഇബ്രാഹിം സഹെര്‍ (25), മുഹമ്മദ് നൗഫല്‍ (29), മോമെന്‍ അലിവ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ ക്രൂരമായി ഈ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധത്തിന് കാരണമായി. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍, പതാകകള്‍ വീശിയും കൊല്ലപ്പെട്ട റിപ്പോര്‍ട്ടര്‍മാരുടെ ഫോട്ടോകളുമായി ഫലസ്തീനികള്‍ തെരുവുകളില്‍ നിറഞ്ഞു. ആക്രമണങ്ങള്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ ടുണീഷ്യയില്‍ റാലി നടത്തി. വടക്കന്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കൂടാതെ ബെര്‍ലിന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. നേരത്തെ വാഷിംഗ്ടണ്‍ ഡിസിയിലും ലണ്ടന്‍, ഓസ്ലോ, സ്റ്റോക്ക്ഹോമിലും പ്രകടനങ്ങള്‍ നടന്നു. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍, എന്‍ബിസി, ഫോക്സ് ന്യൂസ്, ഐടിഎന്‍, ദി ഗാര്ഡിയന് എന്നിവ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടി. കൂട്ടത്തോടെ ശബ്ദമുണ്ടാക്കി കലങ്ങളും പാത്രങ്ങളും അടിച്ചുകൊണ്ടിരുന്ന പ്രകടനക്കാര്‍ ഉള്ളില്‍ നടക്കുന്ന തത്സമയ സംപ്രേക്ഷണങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട അനസിനെയും മറ്റ് നാല് സഹപ്രവര്‍ത്തകരെയും ആദരിക്കുന്നതിനായി അല്‍ജസീറ പ്രവര്‍ത്തകര്‍ മൗനമാചരിച്ചു. മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷവും സംഭവത്തെ ഇസ്രാഈല്‍ ന്യായീകരിക്കുന്നത് തുടരുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവും യുദ്ധക്കുറ്റവുമാണ് മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഗസ്സയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ‘ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നു’ എന്നും ‘ഒരു യുദ്ധക്കുറ്റത്തിന് തുല്യമായേക്കാം’ എന്നും പ്രസ് ഫ്രീഡം ഗ്രൂപ്പായ പെന്‍ അമേരിക്ക പറഞ്ഞു. 2024ല്‍ പുലിറ്റ്സര്‍ സമ്മാനം നേടിയ റോയിട്ടേഴ്സ് ടീമില്‍ അല്‍ഷെരീഫ് മുമ്പ് അംഗമായിരുന്നുവെന്ന് പെന്‍ അമേരിക്ക ചൂണ്ടിക്കാട്ടി.