
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
അബുദാബി: യുഎഇ ദേശീയ മ്യൂസിയമായ സായിദ് നാഷണല്‍ മ്യൂസിയം ഡിസംബറില്‍ തുറക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് അബുദാബിയിലെ സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്തുള്ള സായിദ് നാഷണല്‍ മ്യൂസിയം. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെയും വിദ്യാഭ്യാസം,സ്വത്വം,സമത്വം എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും അടയാളപ്പെടുത്തുന്നതാണ് ഈ ദേശീയ മ്യൂസിയം. മൂല്യവത്തായ പ്രദര്‍ശനങ്ങള്‍,സജീവമായ ഗവേഷണങ്ങള്‍, ആകര്‍ഷകമായ പരിപാടികള്‍ എന്നിവയിലൂടെ ശൈഖ് സായിദിന്റെ ദര്‍ശനത്തെ മ്യൂസിയം അന്വര്‍ത്ഥമാക്കുന്നു. മാനുഷികതയും പൈതൃക സംരക്ഷണവും ഉള്‍പ്പെടെ അദ്ദേഹം നിലകൊണ്ട മൂല്യങ്ങലാണ് ഈ സംസ്കാരിക കേന്ദ്രം ഉയര്‍ത്തിപ്പിടിക്കുന്നത്. അന്തര്‍ദേശീയ പ്രദര്‍ശന വസ്തുക്കള്‍ മുതല്‍ യുഎഇയിലുടനീളമുള്ള പുരാവസ്തുക്കള്‍ വരെ മ്യൂസിയത്തിന്റെ ശേഖരത്തിലുണ്ട്.
യുഎഇയുടെ സാംസ്കാരിക പൈതൃകം പതിറ്റാണ്ടുകളായി പരിപോഷിപ്പിക്കപ്പെടുന്ന സമ്പന്നമായ കേന്ദ്രമാണിതെന്ന് അബുദാബി സാംസ്കാരിക,ടൂറിസം വകുപ്പ് ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ആദ്യകാല സാംസ്കാരിക ചിഹ്നങ്ങള്‍ മുതല്‍ അറിവിനും ആശയ വിനിമയത്തിനുമുള്ള നൂതന കാഴ്ചപ്പാടുകള്‍ വരെ മ്യൂസിയം സന്ദര്‍ശകരുമായി പങ്കുവക്കുന്നു. ഭൂതകാലത്തെ ബഹുമാനിക്കുകയും ഭാവിയില്‍ ഇടപെടുകയും ചെയ്യുന്ന ലോകോത്തര സ്ഥാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പാലിയോലിത്തിക്ക്,നിയോലിത്തിക്ക്,വെങ്കലം,ഇരുമ്പ് യുഗ പുരാവസ്തുക്കള്‍ മ്യൂസിയത്തിന്റെ ശേഖരത്തെ ശ്രദ്ധേയമാക്കുന്നു. ഇവയില്‍ പലതും അരനൂറ്റാണ്ടിലേറെ കാലം മുമ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫലാജ് ജലസേചന സംവിധാനം മുതല്‍ വെങ്കലയുഗ ചെമ്പ് ഖനനത്തിന്റെ അടയാളങ്ങള്‍ വരെയുള്ളവ ഇതിലുണ്ട്. ഇവ യുഎഇയുടെ ആദിമ സമൂഹങ്ങളുടെ ചാതുര്യത്തിന്റെയും പ്രതിരോധശേഷിയുടെയും ശാശ്വത തെളിവായി നിലകൊള്ളുന്നു.
കൂടാതെ രാജ്യത്തിന്റെ പുരാതന ചരിത്രം വെളിച്ചത്തുകൊണ്ടുവരാനുള്ള ശൈഖ് സായിദിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. അറേബ്യന്‍ ഗള്‍ഫിലെ മുത്ത് ഖനനത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രകൃതിദത്ത മുത്തുകളിലൊന്നായ അബുദാബി മുത്ത്,ഇസ്്ലാമിക കലയിലെ മികച്ച കയ്യെഴുത്തുപ്രതികളിലൊന്നായ നീല ഖുര്‍ആന്‍,സായിദ് യൂണിവേഴ്സിറ്റിയുമായും അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുമായും മ്യൂസിയം ആദ്യമായി നടത്തിയ ഗവേഷണ പങ്കാളിത്തത്തിന്റെ ഫലമായി പുനര്‍നിര്‍മിച്ച പുരാതന മാഗന്‍ ബോട്ട് എന്നിവയെല്ലാം മ്യൂസിയത്തിന്റെ സമ്പന്നമായ ശേഖരങ്ങളാണ്.
ഫോസ്റ്റര്‍ പാര്ട്ണര്സിലെ പ്രിറ്റ്സ്കര്‍ സമ്മാന ജേതാവ് ആര്‍ക്കിടെക്ട് ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്റര്‍ രൂപകല്പന ചെയ്ത മ്യൂസിയം യുഎഇയുടെ പൈതൃകത്തെ വരച്ചുകാട്ടുന്നതാണ്. അഞ്ച് സ്റ്റീല്‍ ഘടനകള്‍ മ്യൂസിയത്തിന് മുകളില്‍ ഉയര്ന്നുനില്ക്കുന്നു. എമിറാത്തി സംസ്കാരത്തിന്റെ അടയാളമായ പറക്കുന്ന ഫാല്‍ക്കണിന്റെ ചിറകില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.