
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
കൃത്യനിഷ്ഠ മെട്രോയുടെ മുഖമുദ്ര: ശൈഖ് മുഹമ്മദ്
ദുബൈ : ദുബൈ മെട്രോ അതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുമായി കുതിക്കുകയാണ്. മേഖലയിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ ദുബൈ മെട്രോ, പൊതുഗതാഗത സംവിധാനത്തില്‍ ലോകോത്തര നിലവാരത്തിലാണ് ഓടുന്നത്. ഡ്രൈവറില്ലാത്ത പൊതുഗതാഗത സംവിധാനം മരുപ്രദേശത്തെ വിസ്മയമാണ്. നടപ്പു വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ 175 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്തു. ദുബൈ ശൈത്യകാലത്തേക്ക് നീങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മറികടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ ആഘോഷവേളയില്‍ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ ആഴ്ച ഡാറ്റ പുറത്തുവിട്ടു. സര്‍വീസ് 15 വയസ്സ് തികയുന്നതിനോടനുബന്ധിച്ച് വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തെ ഗ്രീന്‍, റെഡ് ലൈനുകളിലെ യാത്രക്കാര്‍ക്കായി ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനുകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തി. രണ്ട് മെട്രോ റൂട്ടുകള്‍ കൂടിച്ചേരുന്ന ബര്‍ജുമാന്‍, യൂണിയന് എന്നീ ജംഗ്ഷന് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തിയത്. ബര് ദുബൈയിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍ വലീദ് റോഡിനും ഇടയിലുള്ള ബര്‍ജുമാന്‍ സ്റ്റേഷനില്‍ ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെ 7.8 ദശലക്ഷം യാത്രക്കാരാണ് ലഭിച്ചത്. യൂണിയന് സ്റ്റേഷന് 6.3 ദശലക്ഷം യാത്രക്കാര്‍ റെയില്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി, തൊട്ടുപിന്നില്‍ 6.2 ദശലക്ഷം യാത്രക്കാരുമായി റെഡ് ലൈനിലെ അല്‍ റിഗ്ഗ സ്റ്റേഷനാണ്. മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷനില്‍ 5.6 ദശലക്ഷം യാത്രക്കാര്‍ എത്തിയപ്പോള്‍, അടുത്തത് 5.2 ദശലക്ഷം ബിസിനസ്സ് ബേ സ്റ്റേഷനാണ്. രണ്ട് സ്റ്റേഷനുകളും റെഡ് ലൈനിലാണ്. ഗ്രീന്‍ ലൈനില്‍, 4.7 ദശലക്ഷം യാത്രക്കാരുമായി ഷറഫ് ഡിജി സ്റ്റേഷന് ഒന്നാം സ്ഥാനത്തും, 4.1 ദശലക്ഷം യാത്രക്കാരുമായി ബനിയാസ് സ്റ്റേഷനും 3.3 ദശലക്ഷം യാത്രക്കാരുമായി സ്റ്റേഡിയം സ്റ്റേഷനും പിന്നിലുണ്ട്. 100 ശതമാനം കൃത്യനിഷ്ഠ പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയതെന്ന് ദുബൈ മെട്രോയുടെ 15ാം വാര്‍ഷികത്തില്‍ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രസ്താവിച്ചു. 2009 സെപ്തംബര്‍ 9 ന് ആരംഭിച്ച അതിവേഗ റെയില്‍ സേവനത്തിന്റെ കാര്യക്ഷമത, ‘ഗുണനിലവാരവും കൃത്യനിഷ്ഠയും’ ആവശ്യപ്പെടുന്ന ദുബൈയുടെ സംസ്കാരത്തെയും എല്ലാവര്ക്കും മികച്ച ജീവിതവും ജോലി ചെയ്യുന്ന അന്തരീക്ഷവും പ്രദാനം ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യങ്ങളെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 15 വര്‍ഷം മുമ്പ് ആദ്യ ട്രെയിനുകള്‍ ട്രാക്കിലിറങ്ങിയതു മുതല്‍ 2.4 ബില്യണ്‍ യാത്രക്കാര്‍ ദുബൈ മെട്രോ ഉപയോഗിച്ചിട്ടുണ്ടെന്നും സമയനിഷ്ഠ 99.7 ശതമാനമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഇത് 100 ശതമാനം ആകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു.