
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : ദുബൈ മെട്രോക്ക് ഇത് അവിസ്മരണീയ മുഹൂര്‍ത്തം. സെപ്റ്റംബര്‍ 9ന് തിങ്കളാഴ്ച 15 വയസ്സ് തികയുകയാണ്. 2009 സെപ്റ്റംബര്‍ 9ന് രാത്രി 9 മണിക്ക് 9-ാം മിനിറ്റില്‍ 9-ാം സെക്കന്റില്‍, ദുബൈ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി തുടക്കം കുറിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആദ്യത്തെ നോള്‍ കാര്‍ഡ് ടാപ്പ് ചെയ്തു. ശൈഖ് മുഹമ്മദും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും മാധ്യമ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷനില്‍ നിന്നും കന്നി മെട്രോ സവാരി നടത്തിയപ്പോള്‍ ദുബൈ മെട്രോയുടെ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചു. പിന്നീടങ്ങോട്ട് ദുബൈ മെട്രോ ലോകോത്ത നിലവാരത്തിലേക്ക് കുതിച്ചുപായുകയായിരുന്നു. മരുഭൂമിയില്‍ എങ്ങനെ മെട്രോ ട്രെയിന്‍ ഓടിക്കുമെന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്കി മെട്രോ അതിന്റെ ജൈത്രയാത്ര തുടരുന്നു. മേഖലയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ ഡ്രൈവറില്ലാ മെട്രോ ദുബൈയുടെ അഭിമാന പൊതുഗതാഗത സംവിധാനമാണ്. ദുബൈ നഗരത്തിലെ അതിവേഗ റെയില്‍ ഗതാഗത ശൃംഖലയാണ് ദുബൈ മെട്രോ. ഡ്രൈവര്‍ ഇല്ലാതെ തികച്ചും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന മെട്രോ ട്രെയിനാണിത്. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ മെട്രോ എന്ന ബഹുമതിയും ദുബൈ മെട്രോക്ക് തന്നെ. റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍, ബ്ലൂലൈന്‍, യെല്ലോ ലൈന്‍ എന്നിങ്ങനെ നാലു പ്രധാന പാതകളാണ് ദുബൈ മെട്രോയുടെ നിര്‍മ്മാണ പദ്ധതിയിലുള്ളത്. അതില്‍ റെഡ് ലൈന്‍ 2009 സെപ്റ്റംബര്‍ 9 ന് രാത്രി ഒമ്പത് മണിക്ക് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി. റെഡ് ലൈനിലെ ശേഷിച്ച ഭാഗം ഏപ്രില്‍ 2010 നും പ്രവര്‍ത്തനം തുടങ്ങി. ദുബൈ മെട്രോ നഗരത്തിന് അടിയിലൂടെ ഉണ്ടാക്കിയ ഭൂഗര്‍ഭപാതയിലൂടെയും മറ്റു സ്ഥലങ്ങളില്‍ പാലങ്ങളിലൂടെയുമുള്ള പ്രത്യേക പാതയിലൂടെയുമാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ട്രെയിനുകളും സ്റ്റേഷനുകളും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. 2011 സെപ്റ്റംബര്‍ 9 ന് 20 കി.മീ. വരുന്ന ഗ്രീന്‍ ലൈന്‍ പ്രവര്‍ത്തനക്ഷമമായി. ഇതോടെ ദുബൈ മെട്രോ കാനഡയിലെ സ്കൈലൈന്‍ വാങ്കോവറിനെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ എന്ന പദവി കരസ്ഥമാക്കി. സ്കൈലൈനിനേക്കാള്‍ 3 കിലോമീറ്റര്‍ കൂടുതല്‍ നീളം ദുബൈ മെട്രോക്കുണ്ട്. 29 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന റെഡ്ലൈനിന്റെ ഉദ്ഘാടനം 2009 സെപ്റ്റംബര്‍ 9ന് നിര്‍വ്വഹിച്ചതോടെ സെപ്റ്റംബര്‍ 10, വൈകീട്ട് 6 മണിമുതല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. 52.1 കിലോമീറ്റര്‍ ദൂരമാണ് റെഡ്ലൈനിനുള്ളത്. അടുത്ത ഘട്ടത്തിലേക്കുള്ള വികസന പാതയിലാണ് ദുബൈ മെട്രോ. ബ്ലൂലൈന്‍ പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞു. അതിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയിട്ടുണ്ട്. 1959-ല്‍ പിതാവ് ശൈഖ് റാഷിദിനൊപ്പം ലണ്ടന്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ശൈഖ് മുഹമ്മദ് അക്കാലത്തെ മെട്രോ ട്രെയിന്‍ കാണാനിടയാവുന്നത്. കുട്ടിക്കാലത്തെ ഓര്‍മ്മകളും അതേ തുടര്‍ന്നുണ്ടായ ആഗ്രഹവും അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ദുബൈയില്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.