
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്മാര്ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: അനധികൃത ടാക്സികള്ക്കെതിരെ കര്ശന നടപടിയുമായി അബുദാബി പൊലീസ്. പൊതുജന സുരക്ഷക്ക് ഭീഷണിയാണെന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളം, ബസ് സ്റ്റേഷന്, ബസ് സ്റ്റാന്ഡ് തിരക്കേറിയ നഗരങ്ങള് എന്നിവ കേന്ദ്രീകരിച്ച് സമാന്തര ടാക്സി സേവനം വര്ധിച്ച പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കര്ശനമാക്കിയത്. സ്വന്തമായി വാഹനമില്ലാത്തവര് ബസ്, ടാക്സി തുടങ്ങി പൊതുഗതാഗത സേവനമോ നിയമാനുസൃത കാര് പൂള് പെര്മിറ്റോ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നിയമലംഘകരെ കണ്ടെത്താന് വിവിധയിടങ്ങളില് പൊലീസ് പരിശോധന ശക്തമാക്കി. പിടിക്കപ്പെട്ടാല് വന്തുക പിഴ അടയ്ക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്ത്തുന്ന അനധികൃത ടാക്സി സേവനങ്ങള് വച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് നേരത്തെ മുന്നറിയിപ്പു നല്കിയിരുന്നു. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്ത കള്ളടാക്സികളിലെ യാത്രക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു. അപകടം ഉണ്ടായാല് അപരിചിതരായ ഡ്രൈവര് കടന്നുകളയും. ഇയാള്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധിക്കില്ല. ഇതുമൂലം ഇന്ഷുറന്സ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല. നിസ്സാര ലാഭം നോക്കുന്നവര് സ്വന്തം സുരക്ഷ മറക്കരുതെന്നും പൊലീസ് ഓര്മിപ്പിച്ചു. അപരിചിതരോട് അന്യായ യാത്രാക്കൂലി വാങ്ങുന്നവരും ധാരാളമുണ്ട്. മുന്കാലങ്ങളില് ദീര്ഘദൂര യാത്രയ്ക്കിടെ മരുഭൂമിയിലെ ഒഴിഞ്ഞ പ്രദേശങ്ങളില് കൊണ്ടുപോയി യാത്രക്കാരെ കൊള്ളയടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ആശ്രയിച്ചാല് ഇത്തരം പ്രശ്നങ്ങള് ഒഴിവാക്കാം. സമാന്തര ടാക്സി സേവനം യുഎഇയില് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല് ഫെഡറല് ഗതാഗത നിയമം അനുസരിച്ച് 3000 ദിര്ഹം പിഴയും 24 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടും. കുറ്റം ആവര്ത്തിച്ചാല് പിഴ 20,000 ദിര്ഹമായി വര്ധിക്കും. മൂന്നാമതും പിടിക്കപ്പെട്ടാല് 40,000 ദിര്ഹമും നാലാമതും നിയമം ലംഘിച്ചാല് 80,000 ദിര്ഹമാണ് പിഴ. കൂടാതെ മൂന്നു മാസത്തേക്ക് വാഹനം കണ്ടുകെട്ടും.
ടാക്സി ലൈസന്സ് എടുക്കാതെ സമാന്തര സേവനം നടത്തുന്നത് സാമൂഹിക, സാമ്പത്തിക, സുരക്ഷാ കുറ്റകൃത്യമാണ്. ഇക്കാര്യം വിശദീകരിക്കുന്ന വിഡിയോ, ഓഡിയോ സന്ദേശങ്ങള് സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്ത് ബോധവല്ക്കരണം നടത്തുകയാണ്. മലയാളം ഉള്പ്പെടെ വിവിധ ഭാഷകളിലാണ് ബോധവല്ക്കരണം നടത്തുന്നുണ്ട്. ജോലിയും താമസവും ഒരിടത്താണെങ്കില് ഒരു വാഹനത്തില് പോകുന്നതിന് നിയമവിധേയമായ മാര്ഗമാണ് കാര്പൂള് പെര്മിറ്റ്. വാഹന ഉടമയോടൊപ്പം യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങളും പുറപ്പെടുന്നതും എത്തപ്പെടുന്നതുമായ സ്ഥലങ്ങള്, മൊബൈല് നമ്പര് എന്നിവ സഹിതം darb.ae വെബ്സൈറ്റില് റജിസ്റ്റര് ചെയ്താല് പെര്മിറ്റ് ലഭിക്കും. കാര്പൂളിങ് ലൈസന്സിനു മാത്രമല്ല ഒരേ ദിശയിലേക്കുള്ള യാത്രക്കാരെ ക്ഷണിക്കാനും വെബ്സൈറ്റില് സൗകര്യം ഒരുക്കിയിട്ടുണ്ട്. അനധികൃത ടാക്സി സര്വീസിനെതിരെ ദുബൈ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി പരിശോധന കര്ശനമാക്കിയിരുന്നു. നിയമം ലംഘിച്ച് സമാന്തര ടാക്സി സേവനം നടത്തിയ 225 വാഹനങ്ങള് ജൂണ് മാസത്തില് പിടിച്ചെടുത്തിരുന്നു.