
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അജ്മാന് : പിതാവിന്റെ പാത പിന്തുടര്ന്ന് ഒരു കുഞ്ഞ് എമിറേറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി. അധികാരമേറ്റ് 43 വാര്‍ഷം പിന്നിടുമ്പോള്‍ അഭിമാനിക്കാന്‍ ഏറെ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അജ്മാന് ഭരണാധികാരിയെ അഭിനന്ദിച്ചു. ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയെ 43 വര്‍ഷത്തെ ഭരണം പൂര്‍ത്തീകരിച്ച വേളയിലാണ് അഭിനന്ദിച്ചത്. 1981 സെപ്റ്റംബര്‍ 6നാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഐമി അജ്മാന്റെ ഭരണാധികാരിയായി ചുമതലയേല്‍ക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ചിത്രം ഉള്‍പ്പെടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ ആശംസകള്‍ പങ്ക് വെച്ചത്. യുഎഇയുടെ ജ്ഞാനപൂര്‍വമായ നേതൃത്വത്തിന് കീഴില്‍ ആഗോളതലത്തില്‍ യുഎഇയുടെ മുന്‍നിര സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ശൈഖ് ഹുമൈദ് നാല് പതിറ്റാണ്ടുകള്‍ക്ക മുമ്പ് ഏറ്റെടുക്കുകയായിരുന്നു. യൂണിയനെയും അതിന്റെ ഫൗണ്ടേഷനുകളെയും പിന്തുണയ്ക്കാന്‍ അര്‍പ്പണബോധത്തോടെയും വിശ്വസ്തതയോടെയും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ അജ്മാന് എല്ലാ മേഖലകളിലും കാര്യമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനപൂര്‍വകമായ കാഴ്ചപ്പാട്, ശക്തമായ ദൃഢനിശ്ചയം, ആധുനിക എമിറേറ്റിനുള്ള ഉചിതമായ ആസൂത്രണം എന്നിവ മുതല്‍ക്കൂട്ടായി. വാര്‍ത്താവിനിമയ, വിവരവിപ്ലവത്തിന് അനുസൃതമായി പ്രാദേശിക വകുപ്പുകള്‍ നവീകരിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് മെച്ചപ്പെടുത്തുകയും ഫെഡറല്‍ വകുപ്പുകളുമായി ബന്ധിപ്പിക്കുകയും ചെയ്തു. അജ്മാനില്‍ മനുഷ്യവികസനത്തിന് സംഭാവന നല്കുന്ന സംരംഭങ്ങളും പദ്ധതികളും ആരംഭിച്ചു. അധികാരമേറ്റതിനുശേഷം, വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, ആരോഗ്യം, സാമൂഹിക സേവനങ്ങള്‍, സുരക്ഷ, സംസ്കാരം, കായികം തുടങ്ങിയ വിവിധ മേഖലകളില്‍ സമഗ്രമായ വികസനം കൈവരിക്കുന്നതിന് ശൈഖ് ഹുമൈദിന് കഴിഞ്ഞു. വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്കി, നിരവധി സ്കൂളുകളും സര്‍വ്വകലാശാലകളും സ്ഥാപിച്ചു. 1960ല്‍ ആദ്യത്തെ ഗേള്‍സ് സ്കൂള്‍ തുറന്ന് സ്ത്രീകളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ശൈഖ് ഹുമൈദ് ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്ന് അജ്മാന് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അജ്മാനില്‍ ഉണ്ട്. വിദ്യാഭ്യാസത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച്, ശൈഖ് ഹുമൈദ് 2009ല്‍ യുകെയിലെ ബെഡ്ഫോര്‍ഡ്ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഓണററി പിഎച്ച്ഡിയും 2011ല്‍ മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഓണററി പിഎച്ച്ഡിയും നേടി. പുതിയ പാലങ്ങള്‍, റോഡ് പദ്ധതികള്‍, തെരുവ് വിളക്കുകള്‍, പൊതുഗതാഗതം, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാദേശിക, വിദേശ കമ്പനികളെ ആകര്‍ഷിച്ച് ശൈഖ് ഹുമൈദിന്റെ നേതൃത്വത്തില്‍ അജ്മാന് ഒരു സവിശേഷമായ നിക്ഷേപ കേന്ദ്രമായി. ശൈഖ് ഹുമൈദിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലുള്ള അജ്മാന് ഫ്രീ സോണ്‍സ് അതോറിറ്റി സ്ഥിരമായി മികവ് പുലര്‍ത്തി, ആയിരക്കണക്കിന് ബിസിനസുകള്‍ക്ക് അനുയോജ്യമായ കേന്ദ്രമായി മാറി. ടൂറിസത്തില്‍, അജ്മാന് ഒരു കുതിച്ചുചാട്ടം നടത്തി. ടൂറിസ്റ്റ് സൗകര്യങ്ങള്‍, ഹോട്ടലുകള്‍, ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവയില്‍ പുരോഗതി കൈവരിച്ചു. ഏഴ് എമിറേറ്റുകളില്‍ ഏറ്റവും ചെറുതാണ് അജ്മാന്, 259 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. യുഎഇയുടെ പ്രധാന ഭൂപ്രദേശത്തിന്റെ ഏകദേശം 0.3%. അജ്മാനില്‍ കുറച്ച് മണല്‍ കടല്‍ത്തീരങ്ങളുണ്ട്, പക്ഷേ പ്രധാനമായും പരുക്കന്‍ ഹജ്ജാര്‍ പര്‍വതനിരകളാണ് ഈ എമിറേറ്റിന്റെ സവിശേഷത. 1775ല്‍ ഈ മേഖലയിലേക്ക് കുടിയേറിയ അല്‍ നുഐമി ഗോത്രം അജ്മാന് രൂപീകരിച്ചു. 1820ലാണ് അജ്മാന് ഒരു സ്വയംഭരണ സംസ്ഥാനമായി ആദ്യമായി അംഗീകരിക്കപ്പെട്ടത്.
ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അജ്മാന് എമിറേറ്റിന്റെ പത്താമത്തെ ഭരണാധികാരിയാണ്. 1981 സെപ്റ്റംബര്‍ 6ന് പിതാവ് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ പിന്‍ഗാമിയായി അദ്ദേഹം അധികാരമേറ്റു. അന്തരിച്ച ശൈഖ് റാഷിദ് ബിന്‍ അല്‍ നുഐമിയുടെ ഭരണം 1928 മുതല്‍ 1981 വരെ 53 വര്‍ഷം നീണ്ടുനിന്നു.