
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
കുവൈത്ത് സിറ്റി : ഫലപ്രദായ ദുരന്ത നിവാരണത്തിന് മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തെ ബോധവത്കരിക്കാനുള്ള പദ്ധതിയുമായി കുവൈത്ത് ഫയര്‍ഫോഴ്സ്.
‘അപകടങ്ങള്‍ തടയാനുള്ള പാഠങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ‘കുവൈത്ത് സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഫ്രം ഫയര്‍ ഹസാര്‍ഡ്സ്’ സംഘടിപ്പിച്ച ശില്പശാലയില് സംസാരിക്കവെയാണ് കുവൈത്ത് ഫയര്‍ഫോഴ്സ് ആക്ടിംഗ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് ഫഹദ് പദ്ധതി വിശദീകരിച്ചത്. അപകടങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും ദുരന്ത വ്യാപ്തി കുറക്കാനുമുള്ള പ്രാഥമിക പരിശീലനമാണ് അഗ്നി ശമന സേന പൊതു ജനങ്ങള്‍ക്ക് നല്‍കുക.
മനുഷ്യ കരങ്ങളാലൂണ്ടാകുന്ന അപകടങ്ങള്‍, ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ സാദ്ധ്യതകള്‍ എന്നിവ മുന്‍കൂര്‍ വിലയിരുത്തി പരിഹാരമാര്‍ഗ്ഗം സ്വീകരിക്കാനുള്ള പരിശീലനമാണ് നല്‍കുക. ദുരന്ത നിവാരണം ഊര്‍ജ്ജിതപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയുടെ പരിശീലനവും നല്‍കും. അപകടസാധ്യതകള്‍ കുറയ്ക്കുക, ജീവനും സ്വത്തിനുമുണ്ടാകുന്ന നഷ്ടം കുറയ്ക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. അഗ്നിശമന സേനയില്‍ വൈദഗ്ദ്ധ്യം നേടിയ ഉദ്യോഗസ്ഥര്‍, സിവില്‍ അധികാരികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തീപ്പിടുത്തം അടക്കമുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അഗ്നിശമന വിഭാഗം സാമൂഹിക ബോധവത്ക്കരണവുമായി രംഗത്ത് വന്നിട്ടുള്ളത്. 2024 ജൂണ്‍12ന് മംഗഫിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തില്‍ മലയാളികളടക്കം 49 പ്രവാസികള്‍ക്കാണ് ജീവന് നഷ്ടമായത്.