
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയ അല്‍ ഐനിന്റെ പ്രിയ മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്റെ പേരില്‍ അബുദാബിയിലെ റോഡ് നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. 57 വര്‍ഷങ്ങളായി യുഎഇക്ക് നല്കുന്ന സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണില്‍ വേരുകളുള്ള ഡോ. ജോര്‍ജ് മാത്യുവിനുള്ള ഈ അപൂര്‍വ അംഗീകാരം. അബുദാബി അല്‍ മഫ്രകിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീഘവീക്ഷണത്തോടെ യുഎഇയ്ക്കായി പ്രവര്‍ത്തിച്ചവരെ അനുസ്മരിക്കാനായി പാതകള്‍ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് റോഡിന് ഈ പേര് നല്‍കിയത്.
രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോര്‍ജ് പറഞ്ഞു. ഭാവി എന്താകുമെന്ന് നോക്കാതെ കഷ്ടതകള്‍ അവഗണിച്ചാണ് യുഎഇയിലെത്തിയ ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. റോഡ്, വൈദ്യതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞു സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകള്‍ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങള്‍ തിരിച്ചറിയപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ട്-അദ്ദേഹം പറഞ്ഞു. 1967 ല്‍ 26 ാം വയസില്‍ യുഎഇയിലെത്തിയത് മുതല്‍ തുടങ്ങിയതാണ് രാജ്യത്തിനായുള്ള ഡോ. ജോര്‍ജ് മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍. അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ മിഷനറിയായ ഒരു സുഹൃത്തില്‍ നിന്നാണ് അല്‍ഐനെ കുറിച്ച് കേട്ടറിയുന്നതും അവിടെക്ക് എത്തുന്നതും. അല്‍ ഐനിലെ ആദ്യ സര്‍ക്കാര്‍ ഡോക്ടര്‍ക്കായുള്ള ഭരണകൂടത്തിന്റെ തിരച്ചിലിനിടെ ജോര്‍ജ് മാത്യുവിന്റെ അപേക്ഷയെത്തി. പിന്നാലെ നിയമന അറിയിപ്പും. ഭരണാധികാരിയായിരുന്ന ഹിശൈഖ് സായിദിന്റെ ആശീര്‍വാദത്തോടെ അല്‍ഐനില്‍ ആദ്യ ക്ലിനിക്ക് തുടങ്ങി. പിന്നീടുള്ള കാര്യങ്ങളെല്ലാം അതിവേഗത്തിലായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അഞ്ചേമുക്കാല്‍ പതിറ്റാണ്ട് ദൂരം. അല്‍ ഐനും യുഎഇയ്ക്കും ഒപ്പം ഡോ. ജോര്‍ജും വളര്‍ന്നു. അന്ന് ജനറല്‍ പ്രാക്ടീഷണറായാണ് സേവനം തുടങ്ങിയത്. ആള്ക്കാര് എന്നെ ‘മത്യസ്’ എന്നാണ് വിളിച്ചിരുന്നത്. ശൈഖ് സായിദിന്റെ വ്യക്തി പ്രഭാവം നേരിട്ട് കണ്ടറിയാനുള്ള അവസരം ജീവിതം തന്നെ മാറ്റി. രാഷ്ട്ര നിര്‍മ്മാണത്തില്‍ അദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെ സ്വീകരിച്ച പല ഉദ്യമങ്ങളിലും പങ്കാളിയാകാനായത് ഏറെ അഭിമാനകരമാണ്. കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തെ സഹായിക്കാനും നിരവധി അവസരങ്ങളാണ് തേടി വന്നു-ജോര്‍ജ് മാത്യു ഓര്‍ത്തെടുക്കുന്നു.
മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാന്‍ ഡോ.ജോര്‍ജ് മാത്യുവിനെ സര്‍ക്കാര്‍ ചെലവില്‍ ശൈഖ് സായിദ് ഇംഗ്ലണ്ടില്‍ അയച്ചു പഠിപ്പിച്ചു. പുതുതായി തുടങ്ങിയ ഹോസ്പിറ്റല്‍ മാനേജ്മെന്റ് ചുമതലകള്‍ നല്കിയപ്പോള് വിദഗ്ധ പഠനത്തിന് ഹാര്‍വാര്‍ഡിലേക്ക് അയച്ചു. 1972ല്‍ അല്‍ ഐന്‍ റീജിയന്റെ മെഡിക്കല്‍ ഡയറക്ടര്‍, 2001ല്‍ ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.
അടുത്തിടെ അന്തരിച്ച അല്‍ഐന്‍ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് താനൂന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാനുമായി ഡോ. ജോര്ജിനുണ്ടായിരുന്നത് മികച്ച അടുപ്പം. അദ്ദേഹത്തിനു കീഴില്‍ 57 വര്‍ഷം ജോലി ചെയ്യാനായത് വലിയ ഭാഗ്യമായി കരുതുന്നു. ഡോക്ടര്‍ക്ക് യുഎഇ സമാനതകളില്ലാത്ത നിരവധി ബഹുമതികള്‍ നല്കി. സമ്പൂര്‍ണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് എന്നിവയിലൂടെ ഡോ. ജോര്‍ജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പ് മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിച്ചതാണ്. അപ്പോഴാണ് യുഎഇ ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും പൗരത്വം നല്‍കിയത്. എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സഹിതം പൗരത്വം നല്‍കുകയെന്ന അപൂര്‍വ നടപടിയിലൂടെ രാജ്യത്തിനായി ഡോ. ജോര്‍ജ് നല്കിയ സംഭാവനകള്‍ അടയാളപ്പെടുത്തുകയായിരുന്നു യുഎഇ. സേവനങ്ങള്‍ അംഗീകരിക്കുന്നതില്‍ രാജ്യത്തിന്റെ ഭരണാധികാരികളോട് നന്ദി പറയുകയാണ് അദ്ദേഹം. 84 ാം വയസിലും സേവന നിരതനായ ഡോ. ജോര്‍ജ് പ്രസിഡന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെല്‍ത്തിന്റെ തലവന്‍ ഡോ. അബ്ദുല്‍ റഹീം ജാഫറിനൊപ്പമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1965ല്‍ എംബിബിഎസ് പാസായി. പഠനം പൂര്‍ത്തിയായ ഉടന്‍ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ് ഡോക്ടറുടെ പ്രിയതമ. കുവൈറ്റില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് യുഎഇയിലേക്ക് എത്തിയത്. മകള്‍ മറിയം (പ്രിയ) അല്‍ ഐന്‍ ഗവര്‍ണറുടെ ഓഫീസില്‍ ജോലി ചെയ്യുന്നു.