
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : ഷാര്‍ജയില്‍ അനേകായിരം പുസ്തകങ്ങളുടെ അത്ഭുതപ്പുര തുറന്നു. സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 43മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി,ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്മാന് ശൈഖ് സാലം ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ഖാസിമി തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശൈഖ് സുല്‍ത്താന്‍ ഊന്നി പറഞ്ഞു. അറബി ഭാഷയും പുസ്തകങ്ങളും സാംസ്കാരിക പൈതൃകവും കൂട്ടിപ്പിടിച്ചുള്ള മുന്നേറ്റമാണ് ഷാര്‍ജ ആഗ്രഹിക്കുന്നതെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ഞങ്ങള്‍ അതുല്യ സംഭവങ്ങള്‍ ആഘോഷിക്കുന്നു,ആദ്യം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള തന്നെ. പുസ്തകങ്ങളാണ് രാജ്യങ്ങളുടെ വിജയത്തിന്റെയും പുരോഗതിയുടെയും താക്കോലെന്നും ശൈഖ് സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.
അറബ് പ്രമുഖരുടെയും,വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഖ്യാതരായ എഴുത്തുകാരുടെയും,സാംസ്കാരിക നായകരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
പുസ്തകോത്സവ അനുബന്ധ അവാര്‍ഡുകളും ഷാര്‍ജ ഭരണാധികാരി സമ്മാനിച്ചു. ഒരു ലക്ഷം ദിര്‍ഹമിന്റെ അന്താരാഷ്ട്ര പുസ്തക പുരസ്ക്കാരവും,മുക്കാല്‍ ലക്ഷം ദിര്‍ഹമിന്റെ പ്രസാധക അവാര്‍ഡുകളും വിതരണം ചെയ്തു. മികച്ച ഇമാറാത്തീ ബുക്സ്, ബെസ്റ്റ് അറബിക് നോവല്‍, മികച്ച ഇന്റര്‍നാഷണല്‍ ബുക്ക്,മികച്ച പ്രാദേശിക പ്രസാധകര്,മികച്ച അറബ് പ്രസാധകര്,മികച്ച അന്താരാഷ്ട്ര പ്രസാധകര് തുടങ്ങിയ അവാര്‍ഡുകളും സമ്മാനിച്ചു.
യുഎഇ,അറബ് പവലിയനുകള്‍ ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിച്ചു. ഇത്തവണത്തെ അതിഥി രാജ്യമായ മൊറോക്കോയുടെ സ്റ്റാളും വിശിഷ്ടാതിഥികള്‍ നോക്കികണ്ടു. മലയാളത്തില്‍ നിന്നുള്‍പ്പെടെ 2522 പ്രസാധക കമ്പനികള്‍ പുസ്തക സ്റ്റാളുകള്‍ തുറന്നു. പല സ്റ്റാളുകളും ഇന്നലെ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചു. 112 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് പുസ്തകമേളയില്‍ പങ്കാളിത്തം അറിയിച്ചിരിക്കുന്നത്. ‘പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ പുസ്തക മേള. ഇന്ത്യയില്‍ നിന്നുള്ള 52 പ്രസാധകരാണ് പുസ്തക മേളയില്‍ സ്റ്റാള്‍ തുറന്നിരിക്കുന്നത്. 835 അറബ് പ്രസാധകരും പങ്കെടുക്കുന്നുണ്ട്. ഇതില്‍ 234 യുഎഇ പ്രസാധകരും ഉള്‍പ്പെടുന്നു.
62 രാജ്യങ്ങളില്‍ നിന്നുള്ള 250 ഔദ്യോഗിക അതിഥികള്‍ വിവിധ ദിവസങ്ങളില്‍ എത്തും. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന 600 ശില്പശാലകള്ക്കും 1357 സാംസ്കാരിക കല പ്രകാശന പരിപാടികള്‍ക്കും ഇന്നലെ തന്നെ തുടക്കമായി.