
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
റിയാദ് : ട്രാഫിക് നിയമ ലംഘന കേസില്‍പ്പെട്ട് 11 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരിന്നുന്ന മലയാളിക്ക് കെ.എം.സി.സി തുണയായി. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി സാദിഖിനാണ് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ഇടപ്പെടല്‍ വഴി നാടണയാന്‍ സാധിച്ചത്. ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ത്തിയ സാദിഖിനെ സന്തോഷാശ്രുക്കളോടെയാണ് കുടുംബം വരവേറ്റത്. റിയാദില്‍ ടാക്സി കാര്‍ ഡ്രൈവറായിരുന്ന സാദിഖ് റെന്റ് എ കാര്‍ കമ്പനിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് നിയമ കുരുക്കിലകപ്പെട്ടത്. കാര്‍ തിരിച്ചുകൊടുത്തിട്ടും നിയമ പരമായി അദ്ദേഹത്തിന്റെ പേരില്‍ നിന്നും കാര്‍ മാറ്റാതിരുന്നതാണ് പ്രശ്നമായത്. ജിദ്ദയിലുള്ള കഫീലും മറ്റും ഇടപ്പെട്ടിട്ടും പരിഹാരമാവാതെ വന്നതോടെ പ്രശ്നം സങ്കീര്‍ണമാവുകയും നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുരുങ്ങുകയുമായിരുന്നു. ഇതിനിടെ പ്രമേഹമടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പലരും വിഷയത്തിലിടപ്പെടാന് ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. അങ്ങനെയാണ് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ പൂനൂര് വഴി വെല്‍ഫെയര്‍ വിങ്ങിന്റെ ശ്രദ്ധയില്‍ വിഷയമെത്തുന്നത്.
വെല്‍ ഫെയര്‍ വിങ് ചെയര്മാന് അലി അക്ബര്‍ ചെറൂപ്പ,കണ്‍വീനര്‍ ഷറഫു മടവൂര്‍,ജില്ലാ ചെയര്മാന് ഷൗക്കത്ത് പന്നിയങ്കര,ജില്ലാ ട്രഷറര്‍ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തില്‍ സാദിഖിന്റെ പ്രശ്നത്തില്‍ നിരന്തരം ഇടപ്പെട്ടു. ജിദ്ദയിലുള്ള സ്പോണ്‍സറെ കണ്ട് ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള സാദിഖിന്റെ അവസ്ഥ ബോധ്യപ്പെടുത്തി. ജിദ്ദയില്‍ അഷ്റഫ് പൂനൂര് നിയമപരമായ കാര്യങ്ങള്‍ നീക്കുന്നതിന് രംഗത്തുണ്ടായിരുന്നു. ഇതിനിടയില്‍ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബത് ഹയിലെ ഷിഫാ അല്‍ ജസീറ ക്ലിനിക്കിലെത്തിച്ച് സൗജന്യ ചികിത്സ നല്കി. വരുമാനമില്ലാതെയും കൃത്യമായ ചികിത്സ ലഭ്യമാവാതെയും വന്നത് അദ്ദേഹത്തെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതോടെ ഡോക്ടര്‍മാര്‍ വിദഗ്ദ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തിലധികം നീണ്ട നിരന്തരമായ ഇടപ്പെടലുകള്ക്കൊടുവിലാണ് നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായത്. ട്രാഫിക് പിഴ അടക്കമുള്ള നിയമ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സയിദ് നടുവണ്ണൂരിന്റെ നേതൃത്വത്തില്‍ റിയാദിലും ദുബൈയിലുമുള്ള നടുവണ്ണൂര്‍ നിവാസികള്‍ പണം കണ്ടെത്തി നല്കി. വിഷയത്തില്‍ ശിഹാബ് നടമ്മല്‍ പൊയില്‍,സഹല്‍ നടുവണ്ണൂര്‍,മുഹമ്മദ് കായണ്ണ,ഷിഫാ അല്‍ ജസീറ പോളിക്ലിനിക്,ഉസ്താദ് ഹോട്ടല്‍ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. പ്രതീക്ഷയറ്റ സമയത്ത് കെഎംസിസി പ്രവര്‍ത്തകര്‍ സമയോചിതമായി ഇടപ്പെട്ടത് മൂലമാണ് തനിക്ക് നാട്ടിലെത്താനയതെന്നും സഹായിച്ച മുഴുവനാളുകള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സാദിഖ് പറഞ്ഞു.