
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : നാല്പത്തി മൂന്നാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ സമാപന വാരാന്ത്യത്തില്‍ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും ആസ്വാദകരുമായി സംവദിക്കാനെത്തും. ഇന്ന് രാത്രി 8 മുതല്‍ 9.30 വരെ ഇന്റലക്ച്വല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന് അഖില്‍ പി ധര്മജന് പങ്കെടുക്കും.’പുസ്തകത്തിനപ്പുറമുള്ള കഥകള്‍: റാം C/O ആനന്ദിയുടെ കഥാകാരന് അഖില്‍ പി ധര്‍മജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ തന്റെ കൃതികള്‍ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും. സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ജനപ്രിയനായ നോവലിസ്റ്റ്,തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തിളങ്ങുന്ന അഖില്‍ പി ധര്മജന് തന്റെ നോവലുകളുടെ പിന്നാമ്പുറ കഥകള്‍ പങ്കുവെക്കുന്നത് യുവ എഴുത്തുകാര്‍ക്ക് ആവേശവും പ്രചോദനവും പകരും. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം റാം C/O ആനന്ദിയുടെ 2,70,000 കോപ്പികളാണ് വിറ്റുപോയത്. മെര്‍ക്കുറി ഐലന്‍ഡ്,ഓജോ ബോര്‍ഡ് തുടങ്ങിയവയാണ് അഖിലിന്റെ മറ്റ് പ്രധാന പുസ്തകങ്ങള്‍.
നാളെ മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 7.15 മുതല്‍ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ ‘പുറ്റ്’ എന്ന നോവലും ‘രാമച്ചി’ യെന്ന കഥാസമാഹാരവും മാത്രം മതി വിനോയ് തോമസ് എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയുടെ കഥ വിനോയ് തോമസിന്റേതാണ്. പുതുതലമുറയിലെ മികച്ച എഴുത്തുകാരില്‍ ഒരാളായ ലിജീഷ് കുമാറും നാളെ പുസ്തകമേളയിലെത്തും.വൈകീട്ട് 6 മുതല്‍ 7 വരെ ബുക്ക് ഫോറം ഒന്നില്‍ നടക്കുന്ന പരിപാടിയില്‍ ലിജീഷ് കുമാര്‍ പുതിയ പുസ്തകമായ ‘കഞ്ചാവിനെ’ ആധാരമാക്കി കേള്‍വിക്കാരുമായി സംവദിക്കും. ഗുജറാത്ത്, ഓര്‍മകള്‍ എന്റെ ഉറക്കം കെടുത്തുന്നു, 51 സാക്ഷികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നയതന്ത്ര വിദഗ്ധന്‍,വിദ്യാഭ്യാസ വിചക്ഷണന്‍,എഴുത്തുകാരന് എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ടി.പി ശ്രീനിവാസന് 17ന് ഞായറാഴ്ച തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡിപ്ലോമസി ലിബറേറ്റഡ്’ എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രോതാക്കളുമായി സംവദിക്കും. വൈകീട്ട് 6 മുതല്‍ 7 വരെ ബുക്ക് ഫോറം മുന്നിലാണ് പരിപാടി.