
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമര്‍പിച്ച വ്യക്തിത്വം…സഹപ്രവര്‍ത്തകരുടെ അറിവും ആഴവും മനസ്സിലാക്കി ഒപ്പം ചേര്‍ത്തു നിര്‍ത്തിയ സാമൂഹിക ബോധം…സംഘടനയെ ഉള്ളം കൈയ്യിലൊതുക്കാതെ ജനകീയവത്കരിക്കുകയും, സാധാരണക്കാരെ പ്രവര്‍ത്തന മേഖലയിലേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്ത തികഞ്ഞ സംഘടനാ ബോധമുള്ള നേതാവ്…അതായിരുന്നു മഠത്തില്‍ മുസ്തഫ…ഇന്ന് മഠത്തില്‍ മുസ്തഫ ഓര്‍മദിനം…
യുഎഇ കെഎംസിസിയുടെയും അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന്റെയും ചരിത്രം ഓര്‍ത്തെടുക്കുമ്പോള്‍ മഠത്തില്‍ എന്ന നേതാവ് നിറഞ്ഞു നില്‍ക്കുന്നത് കാണാം. അദ്ദേഹത്തെ ഓര്‍ത്തെടുക്കാതെ പ്രവാസത്തിന്റെ കഥ പൂര്‍ണമാവാതെ പോവും.
കണ്ണൂര്‍ സിറ്റിയില്‍ ജനിച്ച മുസ്തഫ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നും ബിരുദമെടുത്ത് നാട്ടില്‍ ബിസിനസ് നോക്കുന്ന കാലത്ത് തികഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സി.കെ.പി ചെറിയമമ്മുകേയിയുമായുള്ള അടുപ്പമാണ് മഠത്തില്‍ മുസ്തഫയെ മുസ്്ലിംലീഗിലേക്ക് അടുപ്പിക്കുന്നത്. പിന്നീട് സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. നാട്ടില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കാലത്ത്, 1975-ലാണ് പ്രവാസം തുടങ്ങുന്നത്. അബുദാബിയിലെ റാഷിദ് അബേദ എന്ന കമ്പനിയില്‍ സെക്്ഷന്‍ മേധാവിയായി പ്രവാസ ജീവിതം തുടങ്ങുന്ന മഠത്തില്‍ പിന്നീട് യുഎഇ പ്രവാസികള്‍ക്കിടയിലെ ജനകീയ നേതാവായി ഉയരുകയായിരുന്നു. ചന്ദ്രിക റീഡേഴ്സ് ഫോറം വളര്‍ത്തിയെടുക്കുന്നതിലും പിന്നീട് കെഎംസിസി എന്ന് പ്രസ്ഥാനത്തിന് അബുദാബിയില്‍ ജനകീയ മുഖം നല്‍കുന്നതിലും മഠത്തില്‍ മുസ്തഫ സാഹിബിന്റെ നിസ്വാര്‍ത്ഥമായ ഇടപെടലുകള്‍ വിലമതിക്കാനാവാത്തതായിരുന്നു. 1977-മുതല്‍ ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന്റെ വളര്‍ച്ചയുടെ ഓരോ ചുവടിലും മഠത്തിലിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. ഇസ്്ലാമിക് സെന്റര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയെക്കൊണ്ട് നടത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പരിശ്രമമുണ്ടായിരുന്നു. നിരവധി തവണ ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന്റെ ഭാരവാഹിത്വം വഹിച്ചു. അബുദാബിയിലെ മറ്റു സാംസ്കാരിക സംഘടനകളെ കോര്‍ത്തിണക്കുന്നതിലും കെഎംസിസിയെയും ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിനെയും പൊതുധാരയിലേക്ക് കൊണ്ടു വരുന്നതിലും പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് അപാരമായിരുന്നു. ഇതൊക്കെ ചെയ്യുമ്പോഴും സംഘടനയെയും സമുദായത്തെയും കൈവിടാതെ അതിന്റെ പരമമായ ഉന്നമനത്തിന് വേണ്ടി അക്ഷീണം പരിശ്രമിച്ചു. മുസ്്ലിംലീഗ് നേതാക്കളുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നുവെങ്കിലും ഒരിക്കല്‍ പോലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആ ബന്ധങ്ങളൊന്നും ഉപയോഗപ്പെടുത്താത്ത അപൂര്‍വ്വ നേതാക്കളിലൊരാള്‍. കെ.എം.സി.സി. പ്രസ്ഥാനത്തെ യു.എ.ഇ.യുടെ മണ്ണില്‍ ജനകീയമാക്കുന്നതിലും, ‘ചന്ദ്രിക’യെ പ്രവാസ ലോകത്ത് പ്രചരിപ്പിക്കുന്നതിനും വേണ്ടി തന്റെ ആരോഗ്യവും സമ്പത്തും വിനിയോഗിക്കുന്നതിന് യാതൊരു അമാന്തവും കാണിക്കാത്ത നിസ്വാര്‍ത്ഥ സേവകനായിരുന്നു മഠത്തില്‍ മുസ്തഫ സാഹിബ്. അബുദാബിയില്‍ അക്കാലത്ത് നല്ല ജോലിയുണ്ടായിരുന്നെങ്കിലും കിട്ടുന്ന ശമ്പളത്തിന്റെ സിംഹഭാഗവും സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് അദ്ദേഹം ചിലവഴിച്ചത്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തിരുത്താനുള്ള ആളെ കണ്ടെത്താന്‍ മുസ്്ലിം ലീഗ് നേതൃത്വത്തിന് പ്രയാസപ്പെടേണ്ടി വന്നില്ല. ഏകസ്വരത്തില്‍ കേട്ട ഒരേയൊരു പേര് മഠത്തില്‍ മുസ്തഫ സാഹിബിന്റെത് തന്നെയായിരുന്നു. ഇന്ന് കാണുന്ന തരത്തില്‍ കെഎംസിസിയെ ജനഹൃദയങ്ങളില്‍ കുടിയിരുത്തുന്നതില്‍ അദ്ദേഹത്തിന്റെ പരിശ്രമം വലുതായിരുന്നു. ഒരു കൂട്ടായ്മയെ, ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ സംഘടനയാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. മികച്ച സംഘാടകന്‍ എന്നതോടൊപ്പം നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു. പരന്ന വായനയും വിപുലമായ സൗഹൃദവലയങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റു കൂട്ടി. 1998 ല്‍ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ നീണ്ട പ്രവാസത്തിന്റെ ബാക്കിപത്രമായി ഉണ്ടായത് ശൂന്യത മാത്രമായിരുന്നു. സ്വന്തമായി ഒരു വീട് പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കുടുംബ വകയായുള്ള ചെറിയൊരു വീട്ടിലാണ് മരണം വരെ അദ്ദേഹം കഴിഞ്ഞത്.
അടിയുറച്ച മത വിശ്വാസം, തീരുമാനങ്ങളെടുക്കാനുള്ള ആര്‍ജ്ജവം, എതിര്‍പ്പുകളെ നേരിടാനുള്ള മനഃശ്ശക്തി, ആരുടെ മുന്നിലും തല കുനിക്കാത്ത പ്രകൃതം, പ്രതിസന്ധികളെ അതിജയിക്കാനുള്ള നിശ്ചയദാര്‍ഢ്യം, തനിക്ക് ശരിയെന്ന് തോന്നുന്നത് വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റം ഇതൊക്കെയായിരുന്നു മഠത്തില്‍ മുസ്തഫയുടെ മുഖമുദ്ര. 2005 ജൂലൈ 9 ന് അറുപത്തിമൂന്നാമത്തെ വയസ്സില്‍ മഠത്തില്‍ മുസ്തഫ എന്ന കര്‍മ്മയോഗി ഈ ലോകത്തോട് വിട പറയുമ്പോള്‍ നമുക്ക് മുന്നില്‍ തുറന്ന് വെച്ചിരിക്കുന്നത്, തെല്ലും കറയില്ലാത്ത അദ്ദേഹത്തിന്റ ജീവിതമായിരുന്നു…