
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : പകര്‍ച്ചപ്പനി തടയുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ നടത്തുന്ന ശീതകാല വാക്സിനേഷന് ബോധവത്കരണ കാമ്പയിന് സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതു ജനങ്ങള്‍ക്കിടയില്‍ പകര്‍ച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ഇതിനായി രാജ്യത്തെ മെഡിക്കല്‍ പ്രഫഷനലുകളെ രാജ്യാന്തര നിലവാരത്തില്‍ സജ്ജമാക്കും. പൗരന്മാര്, താമസക്കാര്‍, സര്‍ക്കാര്‍സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വയോധികര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടെ പകര്‍ച്ചപ്പനി മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളവരിലായിരിക്കും കാമ്പയിന് ശ്രദ്ധകേന്ദ്രീകരിക്കുക. യുഎഇയില്‍ വാര്‍ഷിക സീസണല്‍ വാക്സിനേഷന് കാമ്പയിന് സാധാരണ ഗതിയില്‍ ഒക്ടോബറിലാണ് ആരംഭിക്കുക. ഇത്തവണ സുരക്ഷിതമായ ശീതകാലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബറില്‍ തന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നത്. വാക്സിനേഷനിലൂടെ 100 ശതമാനം രോഗ സംരക്ഷണം ഉറപ്പുനല്‍കുന്നില്ലെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഗുരുതരാവസ്ഥ കുറക്കാന്‍ കുത്തിവെപ്പ് സഹായകമാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
എമിറേറ്റ് ഹെല്‍ത്ത് സര്‍വീസസ്, അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് അബുദാബി, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. രോഗ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധ രീതികള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിലൂടെ വൈറസിന്റെ വ്യാപനം തടയാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം.