
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
‘മുകാബ്’-ഇത് സഊദിയുടെ മുഖച്ഛായ മാറ്റുന്ന മനോഹര സൗധം. തലസ്ഥാനമായ റിയാദിലെ അല്ക്വിരാഹ്വാന് ജില്ലയില്‍ 400 മീറ്റര്‍ സമചതുരത്തില്‍ അത്രയും തന്നെ ഉയരത്തില്‍ ക്യൂബ് ആകൃതിയിലാണ് ഈ അംബരചുംബിയായ കെട്ടിട സമുച്ചയം ഉയരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കെട്ടിടമായി മാറുന്ന ഈ സൗധം സഊദിയുടെ വിഷന്‍ 2030 പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണ്. സഊദി അറേബ്യയുടെ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ് എന്ന ‘എംബിഎസി’ന്റെ നേതൃത്വത്തിലാണ് ‘വിഷന്‍ 2030’ സമഗ്ര പരിവര്‍ത്തന പദ്ധതി പുരോഗമിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ,സമൂഹം,സംസ്കാരം എന്നിവയെ വൈവിധ്യവത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സഊദിയുടെ പ്രധാന വരുമാന സ്രോതസ് എണ്ണയാണ്. ഇത് സര്‍ക്കാരിന്റെ വരുമാനത്തിന്റെ 90% വരും. എണ്ണയുടെ ആശ്രയത്വം പരമാവധി കുറച്ചു കൊണ്ടുവരുന്ന സമീപനത്തിന് വിഷന്‍ 2030ലൂടെ തുടക്കം കുറിച്ചിട്ടുണ്ട്. അത്തരം വന്‍കിട പദ്ധതികളിലൊന്നാണ് ലോകത്തെ തന്നെ ഏറ്റവും വലിയ കെട്ടിടമായി ഉയരുന്ന ‘മുകാബ്’. അതോടുകൂടി റിയാദ് പട്ടണം മുകാബിലൂടെ അറിയപ്പെടാന്‍ തുടങ്ങും. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ന്യൂ മുറബ്ബ ഡെവലപ്മെന്റ് കമ്പനിയുടെ ചെയര്‍മാനും എംബിഎസ് തന്നെയാണ്.
വാസ്തുശില്പ കലയില്‍ കഅബയോട് രൂപസാദൃശ്യമുള്ള മുകാബിന്റെ പദോല്‍പ്പത്തിയും ‘ക്യൂബ’് എന്നു തന്നെയാണ്. അറബ് കലയുടെ അടിസ്ഥാന രൂപകങ്ങളില്‍ ഒന്നാണ് ക്യൂബും ജാമിതീയ രൂപങ്ങളും. വിശേഷിച്ചും നജ്ദിയന് വാസ്തുശില്പ പാരമ്പര്യം. സഊദിയിലെ പഴയതും പുതിയതുമായ കോട്ടകളും നഗരങ്ങളുമെല്ലാം രൂപകല്പന ചെയ്തിട്ടുള്ളത് ഈ ചാരുതയിലാണ്. നിയോം പദ്ധതിക്കുള്ളിലെ ഒരു ട്രില്ല്യണ്‍ ഡോളര്‍ മുടക്കുമുതലുള്ള ലൈന്‍ സിറ്റിയും ഓക്സാകണുമെല്ലാം ലളിതമായ ജാമിതീയ രീതിയിലാണ് നിര്‍മിക്കുന്നത്.
റിയാദിലെ ഐകണിക് സ്ട്രക്ചറായി ഉയരുന്ന മുകാബിന് അമ്പത് ബില്യണ്‍ ഡോളര്‍ നിര്‍മാണ ചിലവാണ് കണക്കാക്കുന്നത്. ക്യൂബ് ആകൃതിയുള്ള പുറംഘടനക്കുള്ളില് വലിയൊരു പട്ടണമാണ് രൂപപ്പെടുന്നത്. 22 ദശലക്ഷം ചതുരശ്രയടി തറ വിസ്തീര്‍ണമുണ്ട്. ഇന്റര്‍ ലോക് ട്രയാങ്കിള്‍ ആകൃതിയിലാണ് പുറം ഭിത്തി. നാലു ലക്ഷം ആളുകള്‍ക്ക് താമസിക്കാവുന്ന 1,04,000 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ ഇവിടെയുണ്ടാകും. 45000 ഇരിപ്പിടങ്ങളുള്ള ഫുട്ബാള്‍ സ്റ്റേഡിയവും ഇതിനുള്ളില്‍ ഒരുങ്ങുന്നുണ്ട്. നിര്‍മാണത്തിന്റെ ആദ്യഘട്ടം 2030ല്‍ പൂര്‍ത്തിയാകും. ഇതേ വര്‍ഷമാണ് ലോകത്തിലെ ഏറ്റവും വലിയ എക്സ്പോക്ക് സഊദി വേദിയാകുന്നത്. മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും എത്തുന്ന മഹാമേളയായിരിക്കുമത്. മുകാബിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത സ്പൈറല്‍ രൂപത്തല്‍,കുംഭഗോപുരത്തിനകത്തെ 500 മുറികളുള്ള ഹോട്ടലാണ്. വ്യത്യസ്ത സ്ഥലങ്ങളിലും സമയങ്ങളിലുമാണെന്ന് ഇതിനകത്തെ താമസക്കാരെ തോന്നിപ്പിക്കുംവിധം മള്‍ട്ടി സെന്‍സറി അനുഭവമുള്ള ഹോളോഗ്രാഫിക് പ്രൊജക്ഷനുകളാണ് ഇതിന്റെ പ്രത്യേകത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയ അനുഭൂതി നല്കാന് ഇതിലൂടെ സാധിക്കും. അതായത്, റിയാദ് പട്ടണത്തിലെ ഈ ഗോപുരത്തിനകത്ത് ആമസോണ്‍ കാടുകളും പാരീസും സിംഗപ്പൂരുമെല്ലാം കാഴ്ചയും കാലാവസ്ഥയും അനുഭവവും മണവുമുള്പ്പെടെ സമഞ്ജസമായി സമന്വയിപ്പിച്ച മഹാവിസ്മയം.
2015ലാണ് സല്മാന് രാജാവ് അധികാരമേല്‍ക്കുന്നത്. അതിനു ശേഷം 175 ബില്യണ്‍ ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ സഊദി നിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മുകാബ് പദ്ധതി പ്രഖ്യാപിച്ചത്. നിലമൊരുക്കം പൂര്‍ത്തിയായതോടെ പദ്ധതിക്ക് ഇനി വേഗം കൈവരും. 2034 ഫിഫ ലോകകപ്പിന് സഊദി ആതിഥേയമരുളുമ്പോള് മുകാബ് പട്ടണവും മറ്റു നാലു മുറബ്ബ പദ്ധതികളും ലോകജനതയുടെ മനം കവരുമെന്ന കാര്യം തീര്‍ച്ച.