
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
റിയാദ് : സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി റിയാദ് ക്രിമിനല്‍ കോടതി ഇന്ന് പരിഗണിക്കും. ഇന്നത്തെ സിറ്റിംഗില്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഉത്തരവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്റെ കേസ്ഫയല്‍ പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് സംബന്ധമായ തുടര്‍നടപടികളും മോചന ഹരജിയില്‍ വാദം കേള്‍ക്കുകയും ചെയ്യുന്ന കോടതി മോചന കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ സിറ്റിംഗില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റഹീമിന്റെ വക്കീലും റഹീമിന്റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധിയും കോടതിയില്‍ ഹാജരാകും.
സഊദി ബാലന് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം. മരിച്ച ബാലന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് 15 ദശലക്ഷം റിയാലിന്റെ ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്തിരുന്നു. 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞു വരുന്നതിനാല്‍ റഹീമിന്റെ കാര്യത്തില്‍ പബ്ലിക് റൈറ്റ്സുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോടതിയില്‍ നിന്നും ഇന്ന് മോചന ഉത്തരവുമുണ്ടാകുമെന്നാണ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. റഹീമിന്റെ വക്കീല്‍ ഉസാമ അല്‍ അംബര്‍, റഹീമിന്റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവര്‍ ഇന്ന് കോടതിയിലെത്തും. മലയാളി സമൂഹം ഒന്നടങ്കം സഹകരിച്ച ജനശ്രദ്ധ നേടിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുകയാണ് റഹീമിന്റെ മോചനത്തിന് തുണയായത്. അതിനാല്‍ തന്നെ മലയാളികള്‍ ഇന്നത്തെ വിധിക്കായി കാതോര്‍ക്കുകയാണ്.