
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : റീട്ടെയില്‍ രംഗത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് അബുദാബിയില്‍ തുടക്കമായി. ലുലു റീട്ടെയില്‍ ചെയര്മാന് എം.എ യൂസഫലി പ്രാഥമിക ഓഹരി വില്പന നടപടികള്‍ക്ക് തുടക്കംകുറിച്ചു. ലുലു റീട്ടെയലിന്റെ 2.58 ബില്യണ്‍ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പര്‍മാര്‍ക്കറ്റ്,സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയുടെ ഓഹരി പങ്കാളിത്തത്തില്‍ ഭാഗമാകാന്‍ പൊതുനിക്ഷേപകര്‍ക്ക് അവസരം തുറന്നത് റീട്ടെയില്‍ രംഗത്തും പുതിയ ഉണര്വിന് വഴിവയ്ക്കും.ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബര്‍ 28ന് പ്രഖ്യാപിക്കുമെന്നും യൂസഫലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റീട്ടെയില്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും നവംബര്‍ 5 വരെ ഐപിഒയില്‍ ഓഹരിക്കായി അപേക്ഷിക്കാം.
നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കും. 14ഓടെയാണ് ലിസ്റ്റിങ് നടക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 10% ഓഹരികള്‍ നീക്കിവച്ചിരിക്കുന്നത്. 89% നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐപി) ഒരു ശതമാനം ജീവനക്കാര്‍ക്കുമായി നിശ്ചയിച്ചിട്ടുണ്ട്. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്,ഫസ്റ്റ് അബുദാബി ബാങ്ക്,എമിറേറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍,എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബൈ ഇസ്ലാമിക് ബാങ്ക്,ഇഎഫ്ജി ഹേര്‍മസ് യുഎഇ,എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടികള്‍ നിര്‍വഹിക്കുന്നത്. ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപ സംഗമത്തിനും തുടക്കമായി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയില്‍ ഐപിഒ ആണ് ലുലുവിന്റേത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകര്‍ക്കായി ലുലു വാതില്‍ തുറക്കുന്നത്. സിസ്റ്റമാറ്റിക്കായ റീട്ടെയില്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974ല്‍ യുഎഇയുടെ തലസ്ഥാനത്ത് ലുലു തുറന്നത്. മികച്ച സേവനങ്ങളിലൂടെ യുഎഇയ്ക്ക് പുറമേ മറ്റ് ജിസിസി രാഷ്ട്രങ്ങളിലേക്കും ലുലു വിപുലമാക്കി. നഗരങ്ങള്‍ക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും റീട്ടെയില്‍ സേവനം വ്യാപിപ്പിച്ചു. ജിസിസിയിലെ ഏറ്റവും മികച്ചതും സഊദി അറേബ്യയില്‍ അതിവേഗം വളരുന്നതുമായ റീട്ടെയില്‍ ശ്രംഖലയാണ് ഇന്ന് ലുലു. ഗള്‍ഫ് മേഖലയിലെ ഭരണാധികാരികളുടെ മികച്ച പിന്തുണയും പ്രോത്സാഹനവും ഈ വളര്‍ച്ചയ്ക്ക് കരുത്തേകി. 19ലധികം രാജ്യങ്ങളിലെ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങള്‍ വഴി 85 ലധികം രാഷ്ട്രങ്ങളിലെ ആഗോള ഉത്പന്നങ്ങള്‍ മിതമായ നിരക്കിലും മികച്ച നിലവാരത്തിലുമാണ് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റ്,എക്സ്പ്രസ് സ്റ്റോറുകള്‍,മിനി മാര്‍ക്കറ്റുകള്‍ എന്നിവയിലൂടെ ജിസിസിയിലെ ആറ് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്കി അവരുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ് ലുലു. ഇ കൊമേഴ്സ്,വെബ്സൈറ്റ് അടക്കം ഓണ്‍ലൈന്‍ സാന്നിധ്യത്തിലൂടെ മാറ്റങ്ങള്‍ക്കൊപ്പം ലുലു സഞ്ചരിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പേര് ലുലുവിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ഭാഗമാണ്. സുസ്ഥിര വികസനമടക്കമുള്ള ലുലുവിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എം.എ യൂസഫലി പറഞ്ഞു.
അബുദാബി സര്‍ക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ല്‍ ലുലു ഗ്രൂപ്പില്‍ നൂറ് കോടി ഡോളറിന്റെ നിക്ഷേപം നടത്തി ഇരുപത് ശതമാനം ഓഹരികള്‍ നേടിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ പൊതുനിക്ഷേപകര്‍ക്കായി ലുലു അവസരം തുറന്നിരിക്കുന്നത്. മോലീസ ആന്റ് കോയാണ് 2022 മുതല്‍ ലുലു റീട്ടെയില്‍ ഐപിഒയുടെ ധനകാര്യ ഉപദേശകര്‍. 2023ലെ കണക്കുപ്രകാരം 7.3 ബില്യണ്‍ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്.
ജിസിസിയില്‍ മാത്രം 240 ലധികം സ്റ്റോറുകള്‍. 50,000 ത്തിലധികം ജീവനക്കാരും ജിസിസിയില്‍ ലുലുവിന്റെ ഭാഗമാണ്. ഇതില്‍ നല്ലൊരു പങ്കും മലയാളികളാണ് ജിസിസിയിലും രാജ്യാന്തര തലത്തിലും കൂടുതല്‍ വിപണി വിപുലീകരണത്തിന് ഊര്‍ജമേകുന്നത് കൂടിയാണ് പുതിയ ഓഹരി പങ്കാളികളുടെ സാന്നിധ്യമെന്നും ലുലു ഗ്രൂപ്പിന്റെ യാത്രയില്‍ പങ്കുചേരാന്‍ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്നും ലുലു റീട്ടെയില്‍ ചെയര്മാന് എം.എ യൂസഫലി പറഞ്ഞു.