
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : മലപ്പുറത്തിന്റെ സാംസ്കാരിക ഔന്നത്യവും രാഷ്ട്രീയ അവബോധവും സാഹിത്യ-മത ശ്രേഷ്ഠതയും കലാ-കായിക പാരമ്പര്യവും രുചി-സ്നേഹ വൈഭവങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന പ്രവാസലോകത്തെ ജനകീയോത്സവമായ മഹിതം മലപ്പുറം സീസണ് രണ്ട് 25 മുതല്‍ 27 വരെ അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലയുടെ മഹിതമായ മതമൈത്രിയും ഊഷ്മളമായ പാരമ്പര്യങ്ങളും കലാപരമായ പൈതൃകവും സമ്പന്നമായ സാംസ്കാരിക വൈവിധ്യവും തനതായ രുചിക്കൂട്ടുകളും ഭക്ഷണങ്ങളും കായിക സംസ്കാരവും മനസിലാക്കാനും അനുഭവിച്ചറിയാനുമുള്ള വേദിയായിരിക്കും ‘മഹിതം മലപ്പുറം’.
അബുദാബി മലപ്പുറം ജില്ലാ കെഎംസിസിയുടെ ശ്രദ്ധേയമായ പരിപാടികളിലൊന്നാണിത്. പ്രവാസികളുടെ പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന പരിപാടി ഏറെ വ്യത്യസ്തതയോടെയാണ് ഇത്തവണ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു. 25ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് മുസ്്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറയുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ സംഗമത്തില്‍ ‘മലബാറിന്റെ പെണ്മനസ്സ്’ ചര്‍ച്ച ചെയ്യും. 26ന് വൈകിട്ട് നടക്കുന്ന ‘മഹിതം മലപ്പുറം സാംസ്കാരിക സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍,പി.കെ നവാസ്,ഡോ. അനില്‍ മുഹമ്മദ് പങ്കെടുക്കും.
പ്രമുഖ ബാന്‍ഡായ റാസ ബീഗത്തിന്റെ ഗസല്‍,കൊച്ചിന് കാര്‍ണിവല്‍ ടൈംസ് അവതരിപ്പിക്കുന്ന കോമഡി ആന്റ് ഡാന്‍സ് ഷോ,യുഎഇയിലെ പ്രശസ്തരായ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, എടരിക്കോട് ടീമിന്റെ കോല്‍ക്കളി തുടങ്ങിയ വിവിധ ഇനങ്ങള്‍ മഹിതം മലപ്പുറം ഫെസ്റ്റിന് മാറ്റുകൂട്ടും. മൂന്നു ദിവസത്തെ വ്യത്യസ്ത സെഷനുകളില്‍ വിവിധ സംഘടനാ നേതാക്കള്‍ അതിഥികളായെത്തും. പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്ക് മിത്സുഭിഷി എക്സ്പാന്‍ഡര്‍ കാര്‍,ഹോണ്ട ആക്ടിവ,വിമാന ടിക്കറ്റ് അടക്കം 30ഓളം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെയാണ് പരിപാടി. കഴിഞ്ഞ വര്‍ഷം മഹിതം മലപ്പുറം സീസണ് ഒന്നില്‍ പതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. ഇത്തവണ അതിലേറെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വൈവിധ്യങ്ങള്‍ ആഘോഷിക്കാനും കലാപരമായ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമാണിത്. അബുദാബി സംസ്ഥാന കെഎംസിസിക്കു കീഴിലുള്ള ഏറ്റവും വലിയ ജില്ലാ കമ്മിറ്റിയാണ് മലപ്പുറം. സജീവമായ 16 മണ്ഡലം കമ്മറ്റികള്‍ക്ക് കീഴില്‍ പതിനായിരത്തിലധികം അംഗങ്ങള്‍ അബുദാബി മലപ്പുറം ജില്ലാ കെഎംസിസിയില്‍ മെമ്പര്‍മാരായുണ്ട്. അബുദാബി നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മഹിതം മലപ്പുറം ഫെസ്റ്റില്‍ ചേരാനും മലപ്പുറം നിര്‍വചിക്കുന്ന സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും സമ്പന്നമായ ദൃശ്യാവിഷ്കാരങ്ങള്‍ അനുഭവിക്കാനും സ്നേഹപൂര്‍വം ക്ഷണിക്കുന്നുവെന്നും ജില്ലാ കെഎംസിസി നേതാക്കള്‍ പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ ലോണ ബ്രിന്നര്‍, അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍,ജനറല്‍ സെക്രട്ടറി കെകെ ഹംസക്കോയ,ട്രഷറര്‍ അഷറഫ് അലി പുതുക്കുടി,മഹിതം മലപ്പുറം ചീഫ് കോര്‍ഡിനേറ്റര്‍ നൗഷാദ് തൃപ്രങ്ങോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.