മസ്കത്ത് കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍

തേഞ്ഞിപ്പലം: ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാലയുടെ പരമോന്നത ഭരണസമിതിയായ സിന്‍ഡിക്കേറ്റില്‍ വീണ്ടും വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പായി. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി പ്രതിനിധിയെ ഉള്‍പ്പെടുത്തിയതോടെയാണ് സര്‍വകലാശാല ഭരണത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശബ്ദത്തിന് വീണ്ടും ഇടം ലഭിക്കുന്നത്. മലപ്പുറം ജില്ലാ മുന്‍ എം.എസ്.എഫ് പ്രസിഡന്റും സര്‍വ്വകലാശാല കാമ്പസിലെ ഇന്റഗ്രേറ്റഡ് എം.എ സംസ്കൃതം വിദ്യാര്‍ത്ഥിയുമായ കബീര്‍ മുതുപറമ്പ് വിദ്യാര്‍ത്ഥി പ്രതിനിധിയായി സിന്‍ഡിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 2019 ജൂണില്‍ നടന്ന സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിലൂടെയാണ് അവസാനമായി ഒരു വിദ്യാര്‍ത്ഥി പ്രതിനിധി സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റ് അംഗത്തിന്റെ കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നതിനാല്‍, അന്ന് കാലാവധി പൂര്‍ത്തിയായതോടെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാതിരുന്നതോടെ 2020 ഏപ്രില്‍ മുതല്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധി ഇല്ലാതായി.
2024 ജൂണില്‍ നടന്ന സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്ന് വീണ്ടും ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും, സെനറ്റ് അംഗത്വത്തിന്റെ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സിന്‍ഡിക്കേറ്റ് അംഗത്വവും സ്വാഭാവികമായി അവസാനിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പദവി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അംഗത്വം നഷ്ടമായതിനാല്‍, തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പോലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പ്രവേശനം, പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫീസ് ഘടന, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി ക്ഷേമ പദ്ധതികള്‍, കാമ്പസ് വികസനം, ഗവേണന്‍സ്, അക്കാദമിക് പരിഷ്കാരങ്ങള്‍ തുടങ്ങി സര്‍വകലാശാലയുടെ ഒട്ടുമിക്ക തീരുമാനങ്ങളുടേയും പ്രായോഗികത നേരിട്ട് അനുഭവിക്കുന്നത് വിദ്യാര്‍ത്ഥി സമൂഹമാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ആശങ്കകളും സര്‍വകലാശാലയുടെ നയനിര്ണ്ണയ പ്രക്രിയയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലാണ് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉയര്‍ത്തുന്നത്. സര്‍വകലാശാല നിയമപ്രകാരം സര്‍ക്കാര്‍ നാമനിര്ദ്ദേശത്തിലൂടെയുള്ള ആറ് അംഗങ്ങളെ സിന്‍ഡിക്കേറ്റിലേക്ക് നിയമിക്കാനുള്ള അധികാരമുണ്ട്. ഈ വിഭാഗത്തില്‍ ഒരു വിദ്യാര്‍ത്ഥി പ്രതിനിധിയെ ഉള്‍പ്പെടുത്തിയത് പങ്കാളിത്ത ജനാധിപത്യത്തിനും ഉള്‍ക്കൊള്ളുന്ന സര്‍വകലാശാലാ ഭരണത്തിനും പ്രാധാന്യം നല്കുന്ന തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. സിന്‍ഡിക്കേറ്റില്‍ അധ്യാപക പ്രതിനിധികളായി ഡോ. എ. ടി അബ്ദുല്‍ ജബ്ബാര്‍ (അസോഷ്യേറ്റ് പ്രഫസര്‍, ഇക്കണോമിക്സ് പഠന വകുപ്പ്, ഫാറുഖ് കോളേജ്, കോഴിക്കോട്) ഡോ. എം.കെ ഷാഹിന മോള്(അസോഷ്യേറ്റ് പ്രഫസര്‍, ഇംഗ്ലീഷ് പഠന വകുപ്പ് ,യൂണിറ്റി വിമന്‍സ് കോളേജ്, മഞ്ചേരി)- (ഇരുവരും മുസ്ലിംലീഗ്) എന്നിവരെയും കോണ്‍ഗ്രസ് പ്രതിനിധികളായി ഡോ.ലക്ഷ്മി ആര് ചന്ദ്രന് (സുവോളജി പഠനവകുപ്പ് മേധാവി, എന്‍.എസ്.എസ് കോളജ്, നെന്മാറ പാലക്കാട്), ഡോ.ടി.എം വാസുദേവന്‍ (അധ്യാപകന്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, യൂണിവേഴ്സിറ്റി ക്യാമ്പസ്), ഡോ.ജയ്സണ്‍ ജോസഫ് (അധ്യാപകന്, മാത്തമാറ്റിക്സ് പഠനവകുപ്പ്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, കോഴിക്കോട്) എന്നിവരെയും സിന്‍ഡിക്കേറ്റിലേക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നാമനിര്‍ദേശം ചെയ്തു. ഇതോടെ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഇനി യുഡിഎഫ് ഭരണം. അഞ്ച് അധ്യാപകരെയും ഒരു വിദ്യാര്‍ത്ഥിയെയുമാണ് നോമിനേറ്റ് ചെയ്തിട്ടുള്ളത്. പുതിയ അംഗങ്ങളില്‍ കോണ്‍ഗ്രസിനും മുസ്ലിംലീഗിനും മൂന്ന് വീതം അംഗങ്ങളായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആറ് പേരെ നീക്കിയാണ് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്തത്.

കനത്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം