ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; ഹോര്‍മുസിന് സമീപം നിരവധി സ്ഫോടനങ്ങള്‍

കരുനാഗപ്പള്ളി: നാളിതുവരെ തെളിവായി കൊണ്ടു നടന്ന രേഖകള്‍ ഒന്നും തന്നെ പൗരത്വ സാക്ഷ്യപ്പെടുത്തലിനുള്ളതല്ലന്നും അവയെല്ലാം പ്രത്യേകമായ ലക്ഷ്യങ്ങള്‍ക്കു മാത്രമുള്ളതാണന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് ആസൂത്രിതവും ന്യൂനപക്ഷങ്ങളെ പൗരത്വത്തില്‍ നിന്നും പുറം തള്ളാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണന്നും ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദു കുഞ്ഞു മൗലവി പറഞ്ഞു . തൊടിയൂര്‍ ദക്ഷിണയുടെ ആസ്ഥാനത്തു സംഘടിപ്പിച്ച ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഗ്ലോബല്‍ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയരുന്ന പുതിയ നീക്കങ്ങള്‍ മറ്റാരേക്കാളും പ്രവാസികളെയാണ് കൂടുതല്‍ ആശങ്കയിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ നല്ലൊരു പങ്കും മരുഭൂമിയിലെ കഠിനാധ്വാനത്തിനായി മാറ്റിവെച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന പ്രവാസികള്‍ക്ക് ജന്മനാട്ടിലെ തങ്ങളുടെ അസ്തിത്വം തെളിയിക്കേണ്ടി വരുന്നത് വലിയൊരു നീതികേടാണ്. പാസ്പോര്‍ട്ട് അടക്കമുള്ള പരമാധികാര രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വം സാക്ഷ്യപ്പെടുത്താനുള്ള അന്തിമ തെളിവുകളല്ല എന്ന ഔദ്യോഗിക നിലപാടുകള്‍ പ്രവാസി സമൂഹത്തെ പ്രത്യേകമായി അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെ വേരറുക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നിലവില്‍ വന്ന ‘തൂഫാന്’ എന്ന മാതൃകാപരമായ ലഹരിവിരുദ്ധ കര്‍മ്മപദ്ധതിയെ ഡി.കെ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി പ്രശംസിച്ചു. ലഹരി മാഫിയകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഗവണ്മെന്റ് നീക്കങ്ങള്‍ക്ക് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ടും മറ്റും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കൃത്യമായ തൊഴില്‍സംരംഭകത്വ അവസരങ്ങള്‍ ഒരുക്കുവാനും പ്രവാസി ക്ഷേമനിധി കാര്യക്ഷമമാക്കാനും പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കാനും ഗവണ്മെന്റ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.കെ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന് ബാഖവിയുടെ ആധ്യക്ഷതയില്‍ സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി കെ സുലൈമാന്‍ മൗലവി സ്വാഗതം പറഞ്ഞു. മക്കാ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം കണ്ണനാകുഴി, യുഎഇ നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അശ്റഫ് മൗലവി പുതുക്കുളങ്ങര, ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീന് മന്നാനി പനവൂര്‍, അബൂദാബി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദ്ദീന് റഷാദി പാവല്ല, കുവൈത്ത് നാഷണല്‍ കമ്മിറ്റി ചെയര്മാന് നവാസ് മൗലവി നിലമേല്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം , അയ്യൂബ് പന്തളം, ദുബൈ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് ബാദുഷാ മന്നാനി ചിറ്റുമുല, അസ്ഹബ് വര്‍ക്കല, ജമാഅത്ത് ഫെഡറേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: കെ പി മുഹമ്മദ്, അഡ്വ: നൗഫല്‍ തിരുവനന്തപുരം, കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ബാഖവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ഹാദി, തേവലക്കര മുഹമ്മദുകുഞ്ഞു ഗനീമി എന്നിവര്‍ സംസാരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.