ദുബൈ-ഷാര്‍ജ ഗതാഗതക്കുരുക്കിന് പരിഹാരം; റോഡുകള്‍ നവീകരിക്കും

വിയറ്റ്നാം ബോട്ട് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. അപകടത്തില്‍ 15 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് മരിച്ചിരുന്നത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 10 തമിഴ്നാട് സ്വദേശികളും മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നു. മൃതദേഹങ്ങള്‍ ചൊവ്വാഴ്ചയോടെ എത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മെഡിക്കല്‍ കമ്പനി സംഘടിപ്പിച്ച സ്പോണ്‍സേര്‍ഡ് വിനോദയാത്രയില്‍ പങ്കെടുക്കാനാണ് ഏഴാം തീയതി എസി തോമസും ഭാര്യ ലൗനിയും യാത്രതിരിച്ചത്. ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈയിലെത്തിയ ഇരുവരും വിമാനമാര്‍ഗ്ഗം വിയറ്റ്നാമിലെത്തുകയായിരുന്നു.
അപകടത്തില്‍ വിയറ്റ്നാം പ്രധാനമന്ത്രി ലെ മിന് ഹൂന് അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം അധികാരികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 10.30 ന് വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിന് സമീപം ഹോ മേ റൂദ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. കടലില്‍ നല്ല തിരമാലകളുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടുകള്‍ ആയിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് ബോര്‍ഡര്‍ ഗാര്‍ഡും നാവികസേനയും കോസ്റ്റ് ഗാര്‍ഡും എത്തി. ഉച്ചയോടെ 18 പേരെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീടുള്ള തിരച്ചിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.