സൈബര്‍ സെക്യൂരിറ്റി പരീക്ഷയില്‍ മികച്ച വിജയം നേടി നൗഫിയ നൗഷാദ്

ലണ്ടന്‍: ആഗോളതാപനം, എല്‍നിനോ പ്രതിഭാസം, സമുദ്രതാപനം എന്നിവ ഒരുമിച്ച് വന്നതോടെ യൂറോപ്പ് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലായി. വിവിധ രാജ്യങ്ങളിലായി ചൂട് മൂലമുള്ള മരണങ്ങള് 1300 കടന്നതായാണ് സൂചന. ഭൗമോപരിതലത്തിലെ ചൂട് അന്തരീക്ഷത്തിനുമേല്‍ ഒരു നിവര്‍ത്തിയ കുടപോലെ നിലനില്‍ക്കുന്ന ‘ഹീറ്റ് ഡോം’ പ്രതിഭാസമാണ് സാഹചര്യം കൂടുതല്‍ രൂക്ഷമാക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. അസഹ്യമായ ചൂടില്‍നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ തടാകങ്ങളും നദികളും കടലുകളും ആശ്രയിക്കുകയാണ്. ഫ്രാന്‍സ്, യുകെ, സ്പെയിന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തി. ഫ്രാന്‍സില്‍ 43 ഡിഗ്രി സെല്‍ഷ്യസും യുകെയില്‍ 36.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. യുകെയിലെ ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. കാലാവസ്ഥാ ഗവേഷണ സ്ഥാപനമായ ക്ലൈമറ്റ് സെന്‍ട്രലിന്റെ പഠനപ്രകാരം, 1970നെ അപേക്ഷിച്ച് ലോകമെമ്പാടും അസഹ്യമായ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി. മുമ്പ് ശരാശരി 10 ദിവസമായിരുന്ന തീവ്രതാപ ദിനങ്ങള്‍ ഇപ്പോള്‍ 23 ദിവസമായി ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പിനൊപ്പം യുഎസും ഗുരുതരമായ ഉഷ്ണതരംഗത്തിന്റെ ഭീഷണിയിലാണ്. തെക്കേ അമേരിക്ക, തെക്കുപടിഞ്ഞാറന്‍ യുഎസ്, ഓസ്ട്രേലിയ, ഗള്‍ഫ് മേഖല, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലും ചൂട് ശക്തിപ്രാപിക്കുകയാണ്. സൈപ്രസില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ബള്‍ഗേറിയന്‍ വംശജരായ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോളണ്ടില്‍ ബൈക്ക് മാരത്തണ്‍ മത്സരത്തില്‍ പങ്കെടുത്തിരുന്ന 30 വയസ്സും 71 വയസ്സും പ്രായമുള്ള രണ്ട് സൈക്ലിസ്റ്റുകളും താപതരംഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ലോകം നേരിടുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യൂറോപ്പിലെ ഈ ഉഷ്ണതരംഗമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.