
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : കായിക മേഖലക്ക് പുത്തനുണര്‍വ് പകരാന്‍ ഷാര്‍ജയില്‍ പുതിയ സ്പോര്‍ട്സ് സിറ്റി വരുന്നു. പുതിയ ‘സ്പോര്‍ട്സ് സിറ്റി’യുടെ രൂപകല്പനയും സ്ഥലവും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകരിച്ചു. തിരഞ്ഞെടുത്ത സ്ഥലത്ത് നിര്‍മിക്കുന്ന നഗരത്തില്‍ ടീമുകള്‍ക്കും വ്യക്തിഗത കായിക ഇനങ്ങള്‍ക്കുമായി നാല് കായിക സമുച്ചയങ്ങള്‍ ഉണ്ടാകും. ഷാര്‍ജ റേഡിയോയിലും ടെലിവിഷനിലും അവതരിപ്പിച്ച ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമിന്റെ ഫോണ്‍ അഭിമുഖത്തിനിടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഷാര്‍ജ പൊതുമരാമത്ത് വകുപ്പ് തലവനുമായ അലി ബിന്‍ ഷഹീന് അല്‍ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലേക്കുള്ള നാല് പ്രധാന റോഡുകള്‍ കുറുകെ കടക്കുന്ന ഒരു സെന്‍ട്രല്‍ സ്ക്വയര്‍ ഉള്‍പ്പെടുന്ന നഗരത്തിന്റെ രൂപകല്പന ഷാര്‍ജ ഭരണാധികാരി വ്യക്തിപരമായി വരച്ചിട്ടുണ്ടെന്ന് അല്‍ സുവൈദി വിശദീകരിച്ചു. അല്‍ മദാമില്‍ നിന്നുള്ള റോഡ്, അല്‍ ബദായേറിലേയ്ക്കുള്ള റോഡ്, മഹാഫിസിലേയ്ക്കും അല്‍ ബത്തായിയിലേയ്ക്കും പോകുന്ന റോഡ്, ഷാര്‍ജ സ്പോര്‍ട്സ് സിറ്റിയില്‍ നിന്നുള്ള റോഡ് എന്നിവയാണ് ഈ പാതകള്‍. സ്ക്വയറിന്റെ മധ്യഭാഗത്ത് ‘സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം’ ആയിരിക്കും. ഒരു വാസ്തുവിദ്യാ ഐക്കണായിട്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഒരു പക്ഷി മണല്‍ത്തിട്ടകള്‍ക്ക് മുകളിലൂടെ ഉയരുന്നു എന്ന ആശയമാണ് ഇതില്‍ പ്രകടമാകുക. ഘടനയില്‍ പ്ലാറ്റ്ഫോമും ഗ്രാന്‍ഡ്സ്റ്റാന്‍ഡും എന്നീ രണ്ട് ഭാഗങ്ങളാണുള്ളത്. ചുറ്റുമുള്ള പ്രദേശത്തെ മണല്‍ത്തിട്ടകളോട് സാമ്യമുള്ളതാണ് ഇതിലൊന്ന്. രണ്ടാമത്തേത് ചിറകുകള് നീട്ടിയ പക്ഷിയുടെ ആകൃതിയിലുള്ള വലിയ മേല്‍ക്കൂരയുള്ളതും. ഇതിന്റെ നിറം പകല്‍ സമയത്തിനനുസരിച്ച് മാറും. സൂര്യപ്രകാശം പ്രതിഫലിക്കുമ്പോള്‍ രാവിലെ വെള്ളിയും രാത്രിയില്‍ സ്വര്‍ണചുവപ്പ് നിറവുമാവും. ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിന്റെ വിശദമായ രൂപരേഖകള്‍ പൂര്‍ത്തിയാക്കി അതിന്റെ നിര്‍മാണം ആരംഭിക്കുമെന്നും അല്‍ സുവൈദി കൂട്ടിച്ചേര്‍ത്തു.