ഗള്‍ഫ് മേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 36 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

അബുദാബി: ഗള്‍ഫ് മേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വഴി ലഭിക്കുന്ന ചികിത്സാ ചെലവുകള്‍ക്കായുള്ള ക്ലെയിമുകള്‍ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 36 ശതമാനം വര്‍ധിച്ചതായി ഇന്‍ഷുറന്‍സ് കമ്പനിയായ മെറ്റ്ലൈഫിന്റെ റിപ്പോര്‍ട്ട്. 2023ല്‍ 30.2 കോടി ഡോളറായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പേഔട്ടുകള്‍ 2025ല്‍ 41 കോടി ഡോളറായാണ് ഉയര്‍ന്നത്. ശസ്ത്രക്രിയകള്‍, മരുന്നുകള്‍, ലബോറട്ടറി പരിശോധനകള്‍ തുടങ്ങി വിവിധ ചികിത്സകള്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മെറ്റ്ലൈഫിന്റെ ഗള്‍ഫ് മേഖലയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രകാരം കമ്പനി നല്കിയ ചികിത്സാ ചെലവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്കുകള്‍. രോഗപ്രതിരോധ പരിശോധനകള്‍, നേരത്തെയുള്ള രോഗനിര്‍ണയം, ദീര്‍ഘകാല ചികിത്സ എന്നിവയ്ക്ക് ആരോഗ്യരംഗത്ത് പ്രാധാന്യം വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രോഗം വന്നശേഷമുള്ള ചികിത്സയ്ക്കപ്പുറം രോഗങ്ങള്‍ നേരത്തേ കണ്ടെത്താനും ഫലപ്രദമായി നിയന്ത്രിക്കാനും ജീവിതനിലവാരം നിലനിര്‍ത്താനുമുള്ള സമീപനമാണ് ഇപ്പോള്‍ കൂടുതലും സ്വീകരിക്കുന്നത്.
അതേസമയം ഗുരുതര രോഗങ്ങള്‍ പ്രായമായവരെ മാത്രം ബാധിക്കുന്നതല്ലെന്ന് മെറ്റ്ലൈഫിന്റെ ഗുരുതര രോഗ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വ്യക്തമാക്കുന്നു. 2025ല്‍ ഗുരുതര രോഗങ്ങള്‍ക്കായി ക്ലെയിം സമര്‍പ്പിച്ചവരുടെ ശരാശരി പ്രായം 48 വയസ്സായിരുന്നു. ജോലിയും കുടുംബ ഉത്തരവാദിത്തങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോകുന്ന പ്രായത്തില്‍ തന്നെ ഗുരുതര രോഗങ്ങള്‍ പിടിപെടുന്ന സാഹചര്യമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മെറ്റ്ലൈഫിന്റെ ഗള്‍ഫ് മേഖലയിലെ കണക്കുകള്‍ പ്രകാരം 2025ല്‍ കാന്‍സര്‍ സംബന്ധമായ ക്ലെയിമുകളില്‍ 66 ശതമാനവും സ്ത്രീകളുടേതായിരുന്നു. സ്തനാര്‍ബുദം, തൈറോയ്ഡ് കാന്‍സര്‍, വന്കുടല്മലാശയ കാന്‍സര്‍ എന്നിവയാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയ ദീര്‍ഘകാല രോഗങ്ങളുടെ നിയന്ത്രണത്തിന് തുടര്‍ച്ചയായ ചികിത്സയും പരിശോധനയും ജീവിതശൈലിയിലെ മാറ്റങ്ങളും ആവശ്യമാണ്. പ്രത്യേകിച്ച് 40നും 50നും ഇടയില്‍ പ്രായമുള്ളവരില്‍ പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ തൊഴില്‍ജീവിതത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കാം. ദീര്‍ഘകാല രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വീണ്ടും ലഭ്യമാക്കുന്നതിനായി മെറ്റ്ലൈഫ് നടപ്പാക്കുന്ന ക്രോണിക് മെഡിക്കേഷന്‍ റീഫില്‍ പ്രോഗ്രാമില്‍ 2025ല്‍ പുതിയതായി ചേര്‍ന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 102.8 ശതമാനം വര്‍ധിച്ചു.