അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളും പുതിയ ഗതാഗത സാങ്കേതികവിദ്യകളും പരിശോധിക്കുന്നതിന് ദുബൈ സിലിക്കണ്‍ ഒയാസിസില്‍ പുതിയ ദുബൈ മൊബിലിറ്റി ലാബ്സ് തുറന്നു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോണ്‍സ് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. നിയന്ത്രിത ടെസ്റ്റ് ട്രാക്കുകള്‍ക്ക് പുറമെ പൊതു റോഡുകളിലും ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കാന്‍ സൗകര്യമുള്ളതാണ് പുതിയ കേന്ദ്രം. വാണിജ്യാടിസ്ഥാനത്തില്‍ റോഡിലിറക്കുന്നതിന് മുമ്പ് സ്വയംനിയന്ത്രിത വാഹനങ്ങളുടെ സാങ്കേതികവിദ്യ പരിശോധിക്കാനും സാധൂകരിക്കാനും സര്‍ട്ടിഫൈ ചെയ്യാനും കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലാബ് ഉപയോഗിക്കാം.
ദുബൈ സിലിക്കണ്‍ ഒയാസിസില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ വ്യത്യസ്ത ഗതാഗത സാഹചര്യങ്ങള്‍ അനുകരിക്കുന്ന സംവിധാനങ്ങളുണ്ട്. ആകെ 248 വ്യത്യസ്ത സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ പരീക്ഷിക്കാനാകും. ഇതില്‍ 195 എണ്ണം മള്‍ട്ടി പര്‍പ്പസ് ടെസ്റ്റിങ് ഏരിയയിലാണ്. വാഹനങ്ങള്‍ ചുറ്റുപാടുകള്‍ എങ്ങനെ തിരിച്ചറിയുന്നു, തീരുമാനങ്ങളെടുക്കുന്നു, മറ്റ് റോഡ് ഉപയോക്താക്കളുമായി എങ്ങനെ ഇടപെടുന്നു, കാലാവസ്ഥയിലും ഗതാഗത സാഹചര്യങ്ങളിലും മാറ്റമുണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയവ പരിശോധിക്കാനാണ് ഈ പരീക്ഷണങ്ങള്‍. ദുബൈ സിലിക്കണ്‍ ഒയാസിസില്‍ നിന്ന് അല്‍ ഖുദ്രയിലേക്കുള്ള പൊതു റോഡ് റൂട്ടിലും പരീക്ഷണം നടത്താന്‍ സൗകര്യമുണ്ട്.
2030ഓടെ 25% യാത്രകള്‍ സ്വയംനിയന്ത്രിതമാക്കും
2030ഓടെ എമിറേറ്റിലെ മൊത്തം മൊബിലിറ്റി യാത്രകളില്‍ 25 ശതമാനം സ്വയംനിയന്ത്രിത യാത്രകളാക്കുകയാണ് ലക്ഷ്യം. പുതിയ ലാബ് അടുത്ത തലമുറ ഗതാഗത സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമാകുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. നിയന്ത്രിത സാഹചര്യങ്ങളിലും യഥാര്‍ഥ റോഡ് സാഹചര്യങ്ങളിലും സാങ്കേതികവിദ്യകള്‍ പരീക്ഷിച്ച് അവയുടെ സുരക്ഷ, കാര്യക്ഷമത, സാങ്കേതിക സന്നദ്ധത എന്നിവ വിലയിരുത്താന്‍ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീറൈഡ്, പോണി.എഐ, ടെസ്ല തുടങ്ങിയ ആഗോള കമ്പനികളുടെ ഡ്രൈവറില്ലാ സാങ്കേതികവിദ്യകളും വാഹനങ്ങളും ഇതിനകം ലാബില്‍ പരീക്ഷിച്ചിട്ടുണ്ടെന്ന് ആര്‍ടിഎ അറിയിച്ചു. വാഹന നിര്‍മാതാക്കള്‍, ടെക്നോളജി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, റെഗുലേറ്റര്‍മാര്‍ എന്നിവരെ ഒരുമിപ്പിക്കുന്ന ഒരു സമഗ്ര മൊബിലിറ്റി ഇക്കോസിസ്റ്റം രൂപപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ലാബിന്റെ ആദ്യ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനച്ചുമതല DEKRAയ്ക്കാണ് ആര്‍ടിഎ നല്‍കിയിരിക്കുന്നത്. പരീക്ഷണങ്ങളുടെ നടത്തിപ്പ്, സൗകര്യങ്ങളുടെ പരിപാലനം, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ തുടങ്ങിയ ചുമതലകള്‍ DEKRA നിര്‍വഹിക്കും.