ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിന്റെ അവസാന പാലം വെള്ളിയാഴ്ച തുറക്കും

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാനത്തെ പാലം ഈ മാസം 30ന് തുറക്കുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അറിയിച്ചു. 1 കിലോമീറ്റര്‍ നീളമുള്ള രണ്ട് വരിപ്പാലത്തിലൂടെ മണിക്കൂറില്‍ ഏകദേശം 3,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. അല്‍ മജ്ലിസ് സ്ട്രീറ്റില്‍ നിന്ന് സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.
അല്‍ മജ്ലിസ് സ്ട്രീറ്റില്‍ നിന്ന് സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 6 മിനിറ്റില്‍ നിന്ന് 1 മിനിറ്റായി കുറയും. ഈ പാലം തുറക്കുന്നതോടെ, മൊത്തം 696 ദശലക്ഷം ദിര്‍ഹത്തിലധികം ചെലവില്‍ 5 കിലോമീറ്റര്‍ സംയോജിത നീളമുള്ള അഞ്ച് പാലങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയുടെ എല്ലാ പ്രധാന ജോലികളും ആര്‍ടിഎ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
2027-ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റ് വികസന പദ്ധതിയുടെ തുടര്‍ച്ച കൂടിയാണ് ഈ പദ്ധതി. 1.5 കിലോമീറ്റര്‍ നീളമുള്ള പാലങ്ങളും ടണലുകളും നിര്‍മ്മിക്കുന്നതും, റോഡ് ഇരുവശങ്ങളിലേക്കും നാല് വരികളായി വികസിപ്പിക്കുന്നതും അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതുവഴി റോഡിന്റെ ശേഷി 33 ശതമാനം വര്‍ദ്ധിക്കുകയും, യാത്രാ സമയം 13 മിനിറ്റില്‍ നിന്ന് 6 മിനിറ്റായി കുറയുകയും ചെയ്യും. ഇത് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയുടെ നേട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ദുബൈയിലെ പ്രധാന പാതകളിലെ ഗതാഗതം സുഗമമാക്കുകയും ചെയ്യും.